X

കാൺപൂരിലെ പോലീസ് നടപടി; പ്രതിഷേധം തുടരും: ഇ.ടി

കാൺപൂരിലെ പോലീസ് നടപടിക്കെതിരെ പ്രതിഷേധം തുടരുമെന്നും യു.പി പോലീസിന്റെ പ്രാകൃത നീക്കങ്ങൾക്കെതിരെ കേന്ദ്ര ആഭ്യന്തര മന്ത്രിയെ സമീപിക്കുമെന്നും മുസ്‌ലിംലീഗ് ദേശീയ ഓർഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീർ എം.പി പറഞ്ഞു.
ഡൽഹിയിൽ മാധ്യമ പ്രവർത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.

കാൺപൂരിൽ എത്തിയ മുസ്ലിംലീഗ് ദേശീയ നേതാക്കളെ യു.പി പോലീസ്  കസ്റ്റഡിയിലെടുക്കുകയും നാടകീയമായ സംഭവവികാസങ്ങൾക്കൊടുവിൽ രാത്രി 12 മണിയോടെ ഡൽഹിയിലേക്ക് തിരിച്ചയക്കുകയും ചെയ്തിരുന്നു. ഇതുസംബന്ധിച്ച വിശദാംശങ്ങൾ അദ്ദേഹം വെളിപ്പെടുത്തി. നിരപരാധികളായ ആളുകളെ ജയിലുകളിൽ അടച്ചിരിക്കുകയാണെന്നും അവരുടെ കുടുംബാംഗങ്ങളെ  കാണുവാനും ജയിലിൽ അടച്ചവരെ സന്ദർശിക്കുവാനും, നിയമ വിദഗ്ദരുമായി ചർച്ച നടത്താനും വേണ്ടിയാണ് സന്ദർശനമെന്ന് പറഞ്ഞിട്ടും അനുമതി ലഭിച്ചില്ല. ഇ.ടി. മുഹമ്മദ് ബഷീർ എംപി, ദേശീയ അസിസ്റ്റന്റ് സെക്രട്ടറി മുഹമ്മദ് കോയ, യൂത്ത് ലീഗ് ദേശീയ കമ്മിറ്റി അംഗം മുഹമ്മദലി ബാബു തുടങ്ങിയവരുടെ സംഘമാണ് കാൺപൂർ എത്തിയത്.

ഉയർന്ന പോലീസ് ഉദ്യോഗസ്ഥന്മാരുടെ ഒരു വ്യൂഹം തന്നെ ഇവരെ കാത്ത് റെയിൽവേ സ്റ്റേഷനിൽ ഉണ്ടായിരുന്നു. സർക്കാർ സർക്കിൾ ഹൗസിലേക്ക് പോരണമെന്ന് പോലീസ് ആവശ്യപെട്ടു. മുസ്ലിം ലീഗ് പ്രവർത്തകരുടെ വാഹനത്തിൽ കയറുന്നതിനു പകരം പോലീസ് വണ്ടിയാൽ പോകാൻ നിർബന്ധിച്ചു. കൊണ്ടുപോയത് ഏതാണ്ട് 35 കിലോമീറ്റർ  അകലെയുള്ള ഒരു സ്ഥലത്തേക്കാണ്. വണ്ടി നിർത്തണമെന്നും നിങ്ങൾക്ക് പറയാനുള്ളത് കൃത്യമായി പറഞ്ഞിട്ട് മുന്നോട്ടു പോയാൽ മതിയെന്നും ആവശ്യപ്പെട്ടു. കിട്ടിയ നിർദ്ദേശം നിങ്ങളുടെ സംഘത്തെ ഡൽഹിയിലേക്ക് തിരിച്ച് അയക്കണം എന്നാണെന്നായിരുന്നു അവരുടെ മറുപടി. രാത്രി 12 മണി വരെ റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ചു. ശേഷം ഉന്നത ഉദ്യോഗസ്ഥരുടെ അഭ്യർത്ഥന മാനിച്ച് അവരോടൊപ്പം ഡൽഹിയിലേക്ക് തിരിക്കുകയായിരുന്നു. വളരെ പ്രാകൃതമായ നിയമങ്ങൾ യോഗി ഗവൺമെന്റ് അവിടെ പാസാക്കി വെച്ചിട്ടുണ്ടെന്നും പ്രതിഷേധ മേഖലകളിൽ പങ്കെടുക്കുന്നവരുടെ സ്വത്ത് കണ്ടുകെട്ടൽ അടക്കമുള്ള നിയമങ്ങൾ കൊണ്ടുവരാനുള്ള നീക്കങ്ങളും സജീവമായി നടക്കുന്നുണ്ടെന്നും ഇ.ടി പറഞ്ഞു. പാർലമെന്റ് അംഗം എന്ന നിലയിൽ എന്നെ തടസപ്പെടുത്തിയതിന് സ്പീക്കർക്ക് അവകാശ ലംഘനത്തിന് നോട്ടീസ് നൽകും. കൂടാതെ ആഭ്യന്തര മന്ത്രിക്ക് കത്ത് നൽകുകയും ചെയ്യും.- അദ്ദേഹം വ്യക്തമാക്കി.

Test User: