വാര്‍സോ: ഒടുവില്‍ പോളണ്ട് ആ തീരുമാനം ധൈര്യസമേതം പ്രഖ്യാപിച്ചു. ഇല്ല, റഷ്യക്കെതിരെ ലോകകപ്പ് പ്ലേ ഓഫ് മല്‍സരത്തിനില്ല. ടീമിന്റെ നായകന്‍ റോബര്‍ട്ടോ ലെവന്‍ഡോവിസ്‌ക്കി ട്വീറ്റ് ചെയ്തു-ഒന്നും സംഭവിച്ചിട്ടില്ല എന്ന് നടിക്കാനാവില്ല…. മോസ്‌ക്കോയിലെ ലുഷിനിക്കി സ്‌റ്റേഡിയത്തില്‍ മാര്‍ച്ച് 24 നാണ് യൂറോപ്യന്‍ ലോകകപ്പ് പ്ലേ ഓഫ് മല്‍സരത്തില്‍ റഷ്യ-പോളണ്ട് മല്‍സരം.
യൂറോപ്പില്‍ പത്ത് ഗ്രൂപ്പുകളിലായി നടന്ന യോഗ്യതാ മല്‍സരങ്ങളിലെ ഒന്നാം സ്ഥാനക്കാരാണ് ഇതിനകം ഖത്തര്‍ ടിക്കറ്റ് നേടിയത്. ഓരോ ഗ്രൂപ്പിലെയും രണ്ടാം സ്ഥാനക്കാര്‍ പ്ലേ ഓഫ് കളിക്കണം. ദ്വിപാദ മല്‍സരത്തില്‍ ജയിക്കുന്നവര്‍ക്ക് ലോകകപ്പ് ഫൈനല്‍ റൗണ്ട് കളിക്കാം. എന്നാല്‍ യുക്രെയിനെതിരെ റഷ്യ യുദ്ധം നടത്തുന്ന സാഹചര്യത്തില്‍ റഷ്യയിലെത്തി ഫുട്‌ബോള്‍ കളിക്കാന്‍ ഇല്ല എന്നാണ് പോളണ്ട് പ്രഖ്യാപിച്ചിരിക്കുന്നത്. സ്വിഡന്‍, ചെക്ക് റിപ്പബ്ലിക് എന്നീ ടീമുകളും റഷ്യക്കെതിരെ കളിക്കാനില്ല എന്ന് വ്യക്തമാക്കിയിട്ടുണ്ട്.