പി.സി ജലീല്‍
പേര്‍ഷ്യന്‍ നാടുകളിലെ ദാര്‍ശനികമികവും കാവ്യസുഭഗതയുമുള്ള കഥകള്‍ മലയാളനാടിന് സമ്മാനിച്ച എഴുത്തുകാരനായിരുന്നു ഇന്നലെ വിടവാങ്ങിയ പോക്കര്‍ കടലുണ്ടി. കോഴിക്കോട്ട് മാപ്പിള പത്രപ്രവര്‍ത്തനത്തിന്റെ ഒരു സുവര്‍ണ കാലഘട്ടത്തില്‍ പ്രമുഖരായ ഒരു പിടി എഴുത്തുകാര്‍ക്കൊപ്പം മുന്‍നിരയിലുണ്ടായിരുന്ന പോക്കര്‍ കടലുണ്ടി പുതുതലമുറക്ക് വഴികാട്ടിയ ഒരു പിടി രചനകള്‍ കൊണ്ടു മാപ്പിള സാഹിത്യത്തെ സമ്പന്നമാക്കുകയുണ്ടായി.
വിശ്വപ്രശസ്തനായ പേര്‍ഷ്യന്‍കവി സഅ്ദി ശീറാസിയുടെ രചനകളാണ് പോക്കര്‍ കടലുണ്ടി എന്ന പേരിനൊപ്പം മലയാളക്കരക്ക് ഓര്‍ക്കാനുണ്ടാവുക. ശീറാസിലെ പൂങ്കുയില്‍ എന്ന തലക്കെട്ട്്് ഇപ്പോഴത്തെ മുതിര്‍ന്ന തലമുറക്ക് അവരുടെ ചെറുപ്പകാലങ്ങളില്‍ ഹൃദയങ്ങളില്‍ പതിഞ്ഞ ഒന്നായിരുന്നു. പോക്കര്‍ കടലുണ്ടി എന്ന എഴുത്തുകാരനിലൂടെ മലയാള വായനാസമൂഹത്തിന് സഅ്ദിയും പേര്‍ഷ്യന്‍ സാഹിത്യങ്ങളും പ്രിയങ്കര ഇനമായി മാറി. സൂഫിസാഹിത്യത്തിന്റെ വൈശിഷ്ട്യം കൊണ്ടു ഹൃദയങ്ങളെ സമ്പുഷ്ടമാക്കിയ സഅ്്ദിയുടെ ഗുലിസ്താന്‍ കഥകളും ബോസ്താന്‍ കഥകളും പോക്കര്‍ കടലുണ്ടി നമുക്കു സമ്മാനിച്ചു. ഗുലിസ്താനും ബോസ്താനും പേര്‍ഷ്യന്‍ ഭാഷ പഠിക്കുന്നവര്‍ക്ക് ഒഴിച്ചുകൂടാനാവാത്ത കൃതികളായിരുന്നു. കഥകളും മനോഹരമായ കവിതകളും കൊണ്ടു സമ്പന്നമായ ഈ കൃതിയില്‍ അവരുടെ ചാരുത ചോരാതെ മലയാളക്കരക്ക് സമ്മാനിക്കാന്‍ പോക്കര്‍ കടലുണ്ടി അത്യധ്വാനം ചെയ്തിട്ടുണ്ടാവണം.
റുബാഇയ്യാത്തും ഷാഹ്‌നാമയും മസ്‌നവിയും മന്‍ത്വിഖുത്വയ്‌റും ഖുസ്‌റു വ ഷീരിനും ആസ്വദിക്കാന്‍ മലയാളിയെ പോക്കര്‍ കടലുണ്ടി വിളിച്ചു. ഫിര്‍ദൗസിയും ഹാഫിസും അമീര്‍ ഖുസ്രുവും അല്ലാമാ ഇഖ്ബാലും ഉമര്‍ ഖയ്യാമും ഫരീദുദ്ദീന്‍ അത്വാറും ജലാലുദ്ദീന്‍ റൂമിയും അന്‍വരിയും മൗലാനാ ജാമിയുമൊക്കെ സുഗന്ധം പടര്‍ത്തിയ മണ്ണ് അങ്ങനെ മലയാളിടേതുമായി. ലോക പ്രശസ്തരായ പതിമൂന്ന് മഹാകവികളെ സംക്ഷിപ്തമായി പരിചയപ്പെടുത്തിയ ‘പേര്‍ഷ്യന്‍ മഹാകവികള്‍’ എന്ന പുസ്തകം ഏറെ ശ്രദ്ധേയമായി.ഒട്ടനവധി പേര്‍ഷ്യന്‍ കവികളെ ഈ കൃതി പരാമര്‍ശിക്കുന്നുണ്ട്.
മലയാളത്തില്‍ ആദ്യമായി ഇസ്്‌ലാമികലോകത്തിന്റെ സര്‍വ്വതലങ്ങളും സ്പര്‍ശിക്കുന്ന ഒരു വിജ്ഞാനകോശം പുറത്തിറങ്ങുമ്പോള്‍ അതിന്റെ തലപ്പത്ത് പോക്കര്‍ സാഹിബുണ്ടായിരുന്നു. എക്‌സിക്യുട്ടീവ് എഡിറ്ററായാണ് അദ്ദേഹം ഈ സംരംഭത്തില്‍ തന്റെ കയ്യൊപ്പുചാര്‍ത്തി രചനകള്‍ കൊണ്ടു സമ്പന്നമാക്കിയത്്. പിന്നീട്, ഐപിഎച്ചിന്റെ ബൃഹത്തായ വിജ്ഞാനകോശം പുറത്തിറങ്ങിയപ്പോഴും അതില്‍ പോക്കര്‍ കടലുണ്ടിയുടെ നിറസാന്നിധ്യമുണ്ടായി.
1962 മുതല്‍ 1967 വരെ മധുരയിലെ ഗാന്ധിഗ്രാം റൂറല്‍ യൂനിവേഴ്‌സിറ്റിയില്‍ നിന്ന് പബ്ലിക് അഡിമിനിസ്‌ട്രേഷന്‍, പൊളിറ്റിക്കല്‍ സയന്‍സ്, സോഷ്യോളജിയില്‍ ബിരുദം നേടിയ ഇദ്ദേഹത്തിന് തമിഴും നന്നായി വഴങ്ങുമായിരുന്നു. തമിഴിലെ കേന്ദ്ര സാഹിത്യ അക്കാദമി ജേതാവായ തോപ്പില്‍ മുഹമ്മദ് മീരാന്റെ കഥകളും മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തുകയുണ്ടായി. മലയാളം നന്നായറിയുന്ന മീരാന്‍ അദ്ദേഹത്തിന്റെ വിവര്‍ത്തനശൈലിയെ പ്രശംസിക്കാറുണ്ടായിരുന്നു. കേരള യൂനിവേഴ്‌സിറ്റിയില്‍ നിന്ന് എം എയും കരസ്ഥമാക്കിയിട്ടുണ്ട്. കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് ആന്‍ഡ് എക്സ്റ്റന്‍ഷനില്‍ പ്രത്യേക പഠനം നടത്തിയ പോക്കര്‍ സാമൂഹ്യസേവന മേഖലയിലും സാന്നിധ്യമായി. വള്ളിക്കുന്ന് പഞ്ചായത്തിന്റെ ഭരണസാരഥ്യത്തിലും അദ്ദേഹം തന്റെ ഭാഗധേയം രേഖപ്പെടുത്തുകയുണ്ടായി. ചന്ദ്രിക, സിറാജ്, മാധ്യമം പത്രങ്ങളുടെയും ചന്ദ്രിക ആഴ്ചപ്പതിപ്പിന്റെയും സഹപത്രാധിപന്‍, ലീഗ് ടൈംസ് ചീഫ് സബ് എഡിറ്റര്‍ എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച അദ്ദേഹം പത്രപ്രവര്‍ത്തനരംഗത്തും വേറിട്ട ശൈലി കൊണ്ട് ഒരുപാട് പേര്‍ക്ക് ഗുരുസ്ഥാനീയനായി.
മുഹമ്മദ് നബിയെ കുറിച്ച് പ്രൊഫ. സയ്യിദ് ഇബ്‌റാഹിം തമിഴില്‍ രചിച്ച പ്രവാചക ചരിത്ര കൃതിയുടെ മലയാളം പരിഭാഷ, അല്ലാഹുവിന്റെ വാള്‍, അടിയാരുടെ പ്രവാചക പത്‌നിമാര്‍, കൊടിക്കാല്‍ ചെല്ലപ്പയുടെ പുറപ്പെട്, നീയും ഇസ്‌ലാത്തൈ നോക്കി എന്ന തമിഴ് കൃതിയുടെ വിവര്‍ത്തനം, സൂഫീ കഥകള്‍, ജലാലുദ്ദീന്‍ റൂമി, അറിവിന്റെ കവാടം എന്നിവയടക്കം 14ലേറെ കൃതികള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. മലപ്പുറം ജില്ലയിലെ കടലുണ്ടി നഗരം ആനങ്ങാടിയില്‍ ഇന്തോനേഷ്യയില്‍ നിന്നു ബഹ്‌റില്‍ മുസ്വല്ല വിരിച്ചു കേരളത്തിലെത്തിയെന്നു ചരിത്രം പറയുന്ന സൂഫിവര്യനായ സയ്യിദ് ബാഹസന്‍ മുഹമ്മദ് ജമലുല്ലൈലി തങ്ങളുടെ ചാരത്ത്് താമസിച്ചിരുന്ന അദ്ദേഹത്തെ സൂഫിചിന്താധാരകള്‍ ശക്തമായി സ്വാധീനിച്ചിരുന്നു. അവസാനകാലങ്ങളില്‍ അദ്ദേഹവുമായി ഒരു കൂടിക്കാഴ്ച നടത്തിയപ്പോള്‍ അറബി മലയാളത്തിലെ ആദ്യരചനയായ മുഹ്‌യിദ്ദീന്‍മാലയില്‍ ആവിഷ്‌കരിക്കപ്പെട്ട ശൈഖ് അബ്ദുല്‍ഖാദിര്‍ ജീലാനി (റ) യുടെ ജീവിതം ആസ്പദമാക്കി ഒരു നോവല്‍ രചന നടത്തി വരുന്ന കാര്യം വളരെ ആവേശത്തോടെ സംസാരിച്ചിരുന്നു. പോക്കര്‍ സാഹിബിന്റെ വേര്‍പാടോടെ മാപ്പിളസാഹിത്യത്തെ സമ്പുഷ്ടമാക്കിയ ഒരു പ്രധാന എഴുത്തുകാരന്‍ കൂടി നമ്മെ പിരിയുകയാണ്. പുതുതലമുറക്കും മലയാളത്തിലെ മാധ്യമങ്ങള്‍ക്കും നിരവധി കാര്യങ്ങളില്‍ ആശ്രയമായിരുന്ന ഒരു ‘വിശ്വവിജ്ഞാനകോശക്കാരന്‍’ നഷ്ടപ്പെട്ടിരിക്കുന്നു.