‘മതങ്ങളെല്ലാം ദൈവത്തിലേക്കുള്ള വിവിധ മാര്‍ഗങ്ങളാണ്. മതങ്ങള്‍ക്കെതിരെ വിദ്വേഷം പരത്തുന്നവര്‍ രാജ്യത്തിനെതിരായ കുറ്റമാണ് ചെയ്യുന്നത്.’ എന്നു പറഞ്ഞത് നമ്മുടെ ഉപരാഷ്ട്രപതി എം. വെങ്കയ്യ നായിഡുവാണ്. രണ്ടു ദിവസം മുമ്പ് കോട്ടയം മാന്നാനത്ത് വിശുദ്ധ ചാവറ കുര്യാക്കോസ് അനുസ്മരണച്ചടങ്ങിലായിരുന്നു അത്. നമ്മുടെ രാഷ്ട്രപതിയും പ്രധാനമന്ത്രിയുമെല്ലാം അവസരം കിട്ടുമ്പോഴെല്ലാം സബ്കാസാത്, സബ്കാ വികാസ് (എല്ലാവരോടുമൊപ്പം, എല്ലാവരുടെയും ഉന്നമനം) പോലുള്ള വലിയ വാക്യങ്ങള്‍ ഉരുവിടാറുണ്ട്. എന്നാല്‍ ഇവരുടെ നിയന്ത്രണത്തിലുള്ള ഭരണത്തില്‍, ഇവരുടെതന്നെ നിയന്ത്രണത്തിനുകീഴില്‍വരുന്ന ആളുകള്‍ അനുനിമിഷം രാഷ്ട്രശരീരത്തിനുമേല്‍ വലിച്ചെറിയുന്ന ഭ്രാന്തന്‍ ആശയങ്ങളും വിഷപ്പകര്‍ച്ചയും ഇക്കൂട്ടര്‍ കാണാതെ പോകുകയോ അര്‍ത്ഥഗര്‍ഭമായ മൗനം നടിക്കുകയോ ചെയ്യുന്നു. ഏതാനും ദിവസങ്ങളായി രാജ്യത്ത് മുസ്‌ലിംകളാദി ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടന്നുകൊണ്ടിരിക്കുന്ന തുടര്‍ അക്രമങ്ങളും വിദ്വേഷ പ്രചാരണങ്ങളും മറ്റെന്താണ് നമ്മോട് വിളിച്ചുപറയുന്നത്?
ഇക്കഴിഞ്ഞ ഡിസംബര്‍ 17 മുതല്‍ 19 വരെ ഉത്തര്‍ഖണ്ഡിലെ പുണ്യനഗരമായ ഹരിദ്വാറില്‍നടന്ന ഹിന്ദുമഹാസഭയുടെ ധര്‍മസന്‍സദില്‍ (മതപാര്‍ലമെന്റ്) കാഷായ വസ്ത്രധാരികളായ സന്യാസിമാര്‍ വിളിച്ചുകൂവിയ പ്രകോപനപരമായ പ്രസ്താവനകളും ഓണ്‍ലൈന്‍ മാധ്യമത്തിലൂടെ മുസ്‌ലിം സ്ത്രീകള്‍ക്കെതിരായി ഹിന്ദുത്വപ്രചാരകര്‍ നടത്തിയ നെറികെട്ട പ്രചാരണവും തെളിയിക്കുന്നത് എന്താണ്. ഹരിദ്വാറില്‍ അടുത്തിടെ ഷിയ വഖഫ്‌ബോര്‍ഡ് നേതാവായി ഹിന്ദുമതത്തിലേക്ക് മാറിയ വ്യക്തിയുള്‍പ്പെടെയുള്ളവരാണ് മുസ്‌ലിംകളെ കൂട്ടക്കൊല ചെയ്യണമെന്നും അതിനായി ആയുധമെടുക്കണമെന്നും പരസ്യമായ വിദ്വേഷപ്രസംഗം നടത്തിയത്. ഹിന്ദുമതത്തെക്കുറിച്ച് സ്വാമിവിവേകാനന്ദന്‍ ഉള്‍പ്പെടെ ഉദ്‌ഘോഷിച്ച സനാതന ധര്‍മങ്ങളെല്ലാം ഉപേക്ഷിച്ചുകൊണ്ടുള്ളതാണ് ഈ ഹീനപ്രചാരണം. ഇതിനെതിരെ ഏതാനും പേര്‍ക്കെതിരെ കേസെടുക്കുകയെന്നല്ലാതെ ആരെയും അറസ്റ്റ് ചെയ്തതായി ഇതുവരെയും അറിവില്ല. അതുപോലെ തന്നെയാണ് സുള്ളി ഡീല്‍സ്, ബുള്ളി ഭായ് എന്നീ പേരുകളില്‍ ചിലര്‍ ചേര്‍ന്ന് ആരംഭിച്ച മുസ്‌ലിം സ്ത്രീകള്‍ക്കെതിരായ സമൂഹമാധ്യമത്തിലെ നെറികെട്ട പ്രചാരണം. ആക്ടിവിസ്റ്റുകളും എഴുത്തുകാരും പൗരാവകാശ പ്രവര്‍ത്തകരുമായ രാജ്യത്തെ നൂറിലധികം മുസ്‌ലിം വനിതകളുടെ ചിത്രങ്ങള്‍ ചേര്‍ത്തുകൊണ്ട് ഇവര്‍ വില്‍പനക്കാണെന്നായിരുന്നു പ്രചാരണം. ഇതിനെതിരെ പക്ഷേ ഒരു വാക്ക് പറയാന്‍പോലും കേന്ദ്ര സര്‍ക്കാരിലെ ആളുകളാരും കൂട്ടാക്കിയിട്ടില്ല. കേസില്‍ ഝാര്‍ഖണ്ഡിലെ പതിനെട്ടുകാരി ജ്യോതിസിങ്, ബംഗളൂരുവിലെ യുവാവ് അടക്കം മൂന്നു പേരെയാണ് ഇതുവരെ മുംബൈ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത.് എന്താണ് ഇവരുടെ ലക്ഷ്യമെന്ന ചോദ്യത്തിന് ബി.ജെ.പിക്കും സംഘ്‌രിവാറിനുമെതിരെ പ്രതികരിക്കുന്നവരുടെ നാവുകള്‍ അടയ്ക്കുക എന്നതുമാത്രമാണുത്തരം. ഗൗരി ലങ്കേഷിനെയും ഗോവിന്ദ്പന്‍സാരെയും കല്‍ബുര്‍ഗിയെയും മറ്റും എന്നെന്നേക്കുമായി നിശബ്ദമാക്കിയ ശക്തികള്‍ തന്നെയാണ് ഇതിനുപിന്നിലുമെന്ന് ഊഹിക്കാവുന്നതേയുള്ളൂ.
എന്തുകൊണ്ട് മുസ്്‌ലിംകളെ, അതല്ലെങ്കില്‍ അവരിലെ വനിതകളെ വിദ്വേഷത്തിന് കരുവാക്കുന്നു എന്നതിനുത്തരം ഒന്നേയുള്ളൂ: അധികാരത്തിലൂന്നിയ ഹിന്ദുത്വ അജണ്ട നടപ്പാക്കാന്‍ മറ്റുവഴിയില്ല. പാവപ്പെട്ടവരും സാധാരണക്കാരുമായ ഹിന്ദുമതവിശ്വാസികളില്‍ മുസ്്‌ലിം വിദ്വേഷം പരമാവധി പ്രചരിപ്പിച്ച് അതിലൂടെ എന്നെന്നേക്കുമായി രാജ്യഭരണം ഏതാനും പേരിലേക്ക് ഒതുക്കിനിര്‍ത്തുക. ബുള്ളി ഭായ് എന്ന സൈറ്റില്‍ ഉള്‍പ്പെടുത്തപ്പെട്ട വനിതകളില്‍ എഴുത്തുകാരായ റാണാ സഹ്‌വി, സബാ നഖ്‌വി, മാധ്യമപ്രവര്‍ത്തക ഇസ്മത്ത് ആറ, ജെ.എന്‍.യു സമരനേതാവായിരുന്ന ഷഹ്‌ല റാഷിദ്, പൗരത്വനിയമത്തിനെതിരായ സമരത്തില്‍ പങ്കെടുത്ത ആയിഷ റെന്ന തുടങ്ങിയവരാണുള്ളതെങ്കില്‍ അതിലെ മറ്റൊരു പേര് ഞെട്ടിപ്പിക്കുന്നതാണ്. കാണാതായ ജെ.എന്‍.യു വിദ്യാര്‍ഥി നജീബ് അഹമ്മദിന്റെ ഉമ്മയുടെ പേരാണത് ഫാത്തിമ നഫീസ്. മതേതര ഇന്ത്യയില്‍ സംഘ്പരിവാരം തങ്ങളുടെ മുസ്്‌ലിം വിരുദ്ധത ഇതിനകം പലവിധത്തില്‍ പ്രകടമാക്കിയിട്ടുണ്ടെങ്കിലും ഇത്തരത്തില്‍ വനിതകളെ അപകീര്‍ത്തിപ്പെടുത്തുന്നത് ഇതാദ്യമാണ്. ഇവരാണ് മുസ്്‌ലിം സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് വാതോരാതെ സംസാരിക്കുന്നതും മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ നിയമനിര്‍മാണവുമായി രംഗത്തുവന്നതുമെന്നാലോചിക്കുന്നതുതന്നെ കൗതുകരമായിരിക്കുന്നു. സ്ത്രീയെ പകുതി ദേവതയായാണ് ഹൈന്ദവ സങ്കല്‍പം.
ഇക്കഴിഞ്ഞ ദിനങ്ങളിലാണ് കര്‍ണാടകത്തിലും വിവിധ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലുമായി ക്രിസ്തീയ വിശ്വാസികളുടെ ആരാധനാലയങ്ങള്‍ക്കും അവരുടെ ക്രിസ്മസ് ഉള്‍പ്പെടെയുള്ള കൂടിച്ചേരലുകള്‍ക്കുംമേല്‍ അന്ധമായ അക്രമം അഴിച്ചുവിട്ടതും പലരെയും ക്രൂരമായി പരിക്കേല്‍പിച്ചതുമെന്നതും ചേര്‍ത്തുവായിക്കണം. ചുട്ടുകൊല്ലപ്പെട്ട ഗ്രഹാംസ്റ്റെയിനെയും അയാളുടെ പിഞ്ചുമക്കളെയും നിരവധി കന്യാസ്ത്രീകളെയും എണ്ണമറ്റ ക്രിസ്തീയ ആരാധനാലയങ്ങളെയും ഇതോടൊപ്പം ഓര്‍ക്കാതിരിക്കാനാകില്ല. എന്നിട്ടാണ് അവരുടെ വിശുദ്ധ ചടങ്ങില്‍ മതസഹിഷ്ണുതയെക്കുറിച്ചും രാജ്യസ്‌നേഹത്തെക്കുറിച്ചുമൊക്കെ രാജ്യത്തിന്റെ രണ്ടാം പൗരന്‍ ഓര്‍മിപ്പിക്കുന്നത്. രാഷ്ട്രത്തിന് സ്വാതന്ത്ര്യം വാങ്ങിത്തന്ന മഹാത്മാവിനെ വധിക്കാന്‍ മനസ്സുറച്ചവര്‍ക്ക് എണ്ണമറ്റ ആള്‍ക്കൂട്ടക്കൊലകളും വംശീയകലാപങ്ങളും എത്ര നിസ്സാരം. മുസ്‌ലിംകളെ വാണിജ്യപരമായി ബഹിഷ്‌കരിച്ചതുകൊണ്ടായില്ല, ഹിന്ദുരാഷ്ട്രത്തിനായി അവരെ കൊല്ലാന്‍ തയ്യാറെടുക്കണമെന്നുപറയുന്ന ഹിന്ദുരാഷ്ട്രസ്‌നേഹികള്‍ മതേതരഇന്ത്യയെ മാത്രമല്ല, നൂറ്റാണ്ടുകളുടെ സഹിഷ്ണുതാപാരമ്പര്യമുള്ള സ്വന്തംമതത്തെയാണ് കളങ്കപ്പെടുത്തുന്നതെന്ന് തിരിച്ചറിയാന്‍ ഒരധികാരിയുടെയും പ്രസ്താവനയുടെ ആവശ്യമില്ല.