ന്യൂഡല്‍ഹി: മള്‍ട്ടി നാഷണല്‍ കമ്പനികളായ കൊക്കോകോളയും പെപ്‌സിയും ഉല്‍പാദിപ്പിച്ച് പെറ്റ് ബോട്ടിലുകളില്‍ വിതരണം ചെയ്യുന്ന അഞ്ച് ഇനം പാനിയങ്ങളില്‍ വിഷാംശം അടങ്ങിയതായി കണ്ടെത്തല്‍. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു കീഴിലെ ഡ്രഗ്‌സ് ടെക്‌നിക്കല്‍ അഡൈ്വസറി ബോര്‍ഡ്(ഡി.ടി.എ.ബി) നടത്തിയ പഠനമാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്.
പെപ്‌സി, കൊക്കോകോള, മൗണ്ടൈന്‍ ഡ്യൂ, സ്‌പ്രൈറ്റ്, 7അപ് എന്നിവയുടെ പെറ്റ് (പോളിത്തീന്‍ ടെറാപ്തലേറ്റ്) ബോട്ടില്‍ സാമ്പിളുകള്‍ ശേഖരിച്ചാണ് പഠന വിധേയമാക്കിയത്. പ്രഥാമിക പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തില്‍ ഈ വര്‍ഷം ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളിലായി ഇവ വീണ്ടും പരിശോധനക്ക് വിധേയമാക്കി. ഡി.ടി.എ.ബി നിര്‍ദേശം അനുസരിച്ച് കൊല്‍ക്കത്തയിലെ ആള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹൈജീന്‍ ആന്റ് പബ്ലിക് ഹെല്‍ത്തില്‍ ആണ് സാമ്പിളുകള്‍ പരിശോധിച്ചത്. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ളതാണ് ഈ ഇന്‍സ്റ്റിറ്റ്യൂട്ടും. ഏതാനും ദിവസം മുമ്പാണ് ആരോഗ്യ വകുപ്പ് ഡയരക്ടര്‍ ജനറലും ഡി.ടി.എ.ബി ചെയര്‍മാനുമായ ജഗദീഷ് പ്രസാദിന് പരിശോധനാ റിപ്പോര്‍ട്ട് കൈമാറിയത്.
റിപ്പോര്‍ട്ട് പ്രകാരം പെസ്പിയില്‍ അടങ്ങിയിരിക്കുന്ന വിഷാംശത്തിന്റെ അളവ് ഇപ്രകാരമാണ്. ആന്റിമണി (നീലാഞ്ജനം)- 0.029 മില്ലിഗ്രാം/ലിറ്റര്‍, ഈയം- 0.011 മില്ലിഗ്രാം, കാഡ്മിയം- 0.002 മില്ലി, ക്രോമിയം- 0.017 മില്ലി, ഡി.ഇ.എച്ച്.പി(പ്ലാസ്റ്റിക് മാലിന്യം)- 0.028മില്ലി. കൊക്കോകോളയില്‍ ഇവയുടെ അളവ് യഥാക്രമം 0.009 മില്ലി, 0.011 മില്ലി, 0.026 മില്ലി, 0.026 മില്ലി എന്നിങ്ങനെയാണ്.
സമാനമായ ഫലങ്ങള്‍ തന്നെയാണ് സ്‌പ്രൈറ്റ്, മൗണ്ടന്‍ ഡ്യൂ, 7 അപ് എന്നിവ പരിശോധിച്ചതിലും ലഭ്യമായതെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അന്തരീക്ഷ താപനിലയിലെ വ്യത്യാസത്തിന് അനുസരിച്ച് വിഷാംശത്തിന്റെ അളവ് കൂടി വരുന്നതായും പരിശോധനയില്‍ കണ്ടെത്തി.
സാധാരണ താപനിലയില്‍ 0.004 മില്ലി ഗ്രാം ആണ് ഈയത്തിന്റെ അളവെങ്കില്‍ 40 ഡിഗ്രി താപനിലയില്‍ 10 ദിവസം സൂക്ഷിക്കുമ്പോള്‍ 0.007 മില്ലിയായി ഈയത്തിന്റെ അളവ് വര്‍ധിക്കുന്നതായാണ് കണ്ടെത്തല്‍. ലോകാരോഗ്യ സംഘടനയുടെ മുന്നറിയിപ്പ് പ്രകാരം ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്ന മാരക വിഷപദാര്‍ത്ഥങ്ങളാണ് ഈയവും(ലെഡ്) കാഡ്മിയവും. പ്രത്യേകിച്ച് കുട്ടികളുടെ ശരീരത്തില്‍ ഇവ അമിതമായി പ്രവേശിക്കുന്നത് വലിയ പ്രശ്‌നങ്ങളുണ്ടാക്കും.
തലച്ചോറ്, നാഡീവ്യൂഹം എന്നിവയുടെ പ്രവര്‍ത്തനത്തെ തകരാറിലാക്കാനും കോമ പോലുള്ള സാഹചര്യത്തിലേക്ക് എത്തിക്കാനും മരണം വരെ സംഭവിക്കാനും ഇടയാക്കുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. ലെഡിന്റെ സാന്നിധ്യം ശരീരത്തില്‍ വര്‍ധിക്കുന്നത് കുട്ടികളെ മാനസിക വൈകല്യങ്ങളും സ്വഭാവ പ്രശ്‌നങ്ങളും ഉള്ളവരാക്കി മാറ്റുമെന്നും ഡബ്ല്യു.എച്ച്.ഒ പറയുന്നു.
കാഡ്മിയത്തിന്റെ സാന്നിധ്യം കിഡ്‌നിയുടെയും ശ്വാസകോശത്തിന്റെയും പ്രവര്‍ത്തനങ്ങളെ തകരാറിലാക്കുമെന്നും റിപ്പോര്‍ട്ട് പറയുന്നു. അതേസമയം ഫുഡ് സേഫ്റ്റി സ്റ്റാന്റേര്‍ഡ്‌സ് റഗുലേഷന്‍ ചട്ടങ്ങള്‍ പൂര്‍ണമായും പാലിച്ചാണ് പാനിയങ്ങള്‍ ഉത്പാദിപ്പിക്കുന്നതെന്ന് പെപ്‌സി കമ്പനി പ്രതികരിച്ചു. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് ഉല്‍പാദനം.
അനുവദിക്കപ്പെട്ടതിലും കൂടുതല്‍ രാസപദാര്‍ത്ഥങ്ങള്‍ ഒന്നിലും ചേരുന്നില്ലെന്ന് ഉറപ്പു വരുത്തിയാണ് ഉല്‍പന്നം വിപണിയില്‍ എത്തിക്കുന്നതെന്നും പുതിയ പഠന റിപ്പോര്‍ട്ടിന്റെ വിശദാംശങ്ങള്‍ ലഭ്യമായിട്ടില്ലെന്നും കമ്പനി വൃത്തങ്ങള്‍ പറഞ്ഞു. കൊക്കോകോള കമ്പനിക്ക് വിശദീകരണം ആവശ്യപ്പെട്ട് ഇ മെയില്‍ സന്ദേശം അയച്ചെങ്കിലും പ്രതികരണം ലഭിച്ചില്ലെന്ന് റിപ്പോര്‍ട്ട് പറയുന്നു. പെറ്റ് ബോട്ടില്‍ നിര്‍മാതാക്കളുടെ അസോസിയേഷനുമായി ബന്ധപ്പെട്ടെങ്കിലും ഇവരും പ്രതികരിക്കാന്‍ കൂട്ടാക്കിയില്ല.
ഡി.ടി.എ.ബി ചെയര്‍മാനായി ജഗദീഷ് പ്രസാദ് ചുമതലയേറ്റ ഉടന്‍, 2015 ഏപ്രിലിലാണ് പെറ്റ് ബോട്ടിലുകളില്‍ പുറത്തിറങ്ങുന്ന പാനിയങ്ങള്‍ പരിശോധനക്ക് വിധേയമാക്കാന്‍ നിര്‍ദേശിച്ചത്. പെറ്റ് ബോട്ടിലുകളില്‍ വിപണിയില്‍ എത്തുന്ന ശീതള പാനിയങ്ങള്‍, മരുന്നുകള്‍, ആല്‍ക്കഹോള്‍, വിവിധ ഇനം ജ്യൂസുകള്‍, മറ്റ് ബിവറേജസ് ഉല്‍പന്നങ്ങള്‍ എന്നിവ പരിശോധിക്കാനായിരുന്നു നിര്‍ദേശം.
മരുന്നകളാണ് ആദ്യം പരിശോധനക്ക് വിധേയമാക്കിയത്. ഇവയിലും കാഡ്മിയത്തിന്റെയും ഈയത്തിന്റെയും അളവ് കണ്ടെത്തിയിരുന്നു. 2015 ഓഗസ്റ്റിലാണ് ഇതിന്റെ റിപ്പോര്‍ട്ട് ലഭിച്ചത്.
ഡി.ടി.എ.ബി നിര്‍ദേശപ്രകാരം കേന്ദ്ര ആരോഗ്യ മന്ത്രാലയം മുന്‍ ബയോടെക്‌നോളജി വകുപ്പ് സെക്രട്ടറി എം.കെ ബാനിന്റെ നേതൃത്വത്തിലുള്ള സമിതിയെ നിയോഗിച്ചു. എന്നാല്‍ വിവിധ ലാബുകളില്‍ നടത്തിയ പഠനങ്ങളുടെ ഫലം വിവിധ രീതിയിലാണെന്നും പെറ്റ് ബോട്ടിലുകളില്‍നിന്ന് വിശാംശം കലരുന്നുണ്ടെന്ന് ശാസ്ത്രീയമായി സ്ഥിരീകരിക്കാനായിട്ടില്ലെന്നുമായിരുന്നു എം.കെ ബാന്‍ അധ്യക്ഷനായ സമിതിയുടെ നിഗമനം.
അതേസമയം പെറ്റ്‌ബോട്ടില്‍ നിര്‍മാണത്തിന് യു.എസിലേതുപോലെ ഇന്ത്യയില്‍ കൃത്യമായ സുരക്ഷാ മാനദണ്ഡങ്ങളില്ലെന്നും ബാന്‍ സമിതി ചൂണ്ടിക്കാട്ടിയിരുന്നു. റിപ്പോര്‍ട്ട് കണക്കിലെടുത്ത് കുട്ടികള്‍, സ്ത്രീകള്‍, മുതിര്‍ന്നവര്‍ എന്നിവര്‍ക്കുള്ള മരുന്നുകള്‍ പെറ്റ്‌ബോട്ടിലുകളില്‍ വിതരണം ചെയ്യരുതെന്ന് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദേശം നല്‍കിയിരുന്നു.
- 8 years ago
chandrika
Categories:
Video Stories
കുടിക്കല്ലേ.. സോഫ്റ്റ് ഡ്രിങ്ക് ബോട്ടിലുകളില്‍ മാരക വിഷാംശം
Tags: cococolasoft drinks