X

കവി എം.എൻ പാലൂർ അന്തരിച്ചു

കോഴിക്കോട്: കവി എം.എൻ പാലൂർ അന്തരിച്ചു. 86 വയസ്സായിരുന്നു. ഇന്ന് പുലർച്ചെ അഞ്ചരയോടെ കോഴിക്കോട്ടെ വസതിയിലായിരുന്നു അന്ത്യം.

ആധുനിക കവികളില്‍ തന്റേതായ ഭാവുകത്വം കൊണ്ട് ശ്രദ്ധേയനായ കവിയാണ് എം.എന്‍ പാലൂര്‍.
എറണാകുളം ജില്ലയില്‍ പാറക്കടവ് പാലൂര്‍ മനക്കലില്‍ മാധവന്‍ നമ്പൂതിരിയുടെയും ശ്രീദേവി അന്തര്‍ജനത്തിന്റെയും മകനായി 1932ലാണ് പാലൂര്‍ ജനിച്ചത്. യഥാര്‍ത്ഥ പേര് പാലൂര്‍ മാധവന്‍ നമ്പൂതിരി. ബാല്യത്തില്‍ തന്നെ സംസ്‌കൃതവും കഥകളിയും അഭ്യസിച്ച അദ്ദേഹം ഇന്ത്യന്‍ എയര്‍ലൈന്‍സില്‍ ഉദ്യോഗസ്ഥനായിരുന്നു. 1990ലാണ് അദ്ദേഹം വിരമിച്ചത്.

അദ്ദേഹത്തിന്റെ ഏറ്റവും ശ്രദ്ധേയമായ കവിതയാണ് ഉഷസ്സ്. പേടിത്തൊണ്ടന്‍, കലികാലം, തീര്‍ത്ഥയാത്ര, സുഗമ സംഗീതം, കവിത, ഭംഗിയും അഭംഗിയും, പച്ച മാങ്ങ, കഥയില്ലാത്തവന്റെ കഥ (ആത്മകഥ) തുടങ്ങിയവയാണ് പ്രധാന കൃതികള്‍.

കേന്ദ്ര, കേരള സാഹിത്യ അക്കാദമി അവാര്‍ഡുകള്‍ ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. കഥയില്ലാത്തവന്റെ കഥക്ക് 2013ലാണ് കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ചത്. 1983ല്‍ കലികാലം എന്ന കവിത സമാഹാരത്തിന് കേരള സാഹിത്യ അക്കാദമി അവാര്‍ഡ് നല്‍കി അദ്ദേഹത്തെ ആദരിച്ചു. കേരള സാഹിത്യ അക്കാദമിയുടെ സമഗ്ര സംഭാവനക്കുള്ള പുരസ്‌കാരവും അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. ആശാന്‍ സ്മാരക കവിതാ പുരസ്‌കാരവും അദ്ദേഹത്തിന് ലഭിച്ചു.

chandrika: