X

ആരാധനാലയങ്ങളിലേക്ക് നീളുന്ന കാവിക്കൈകള്‍- എഡിറ്റോറിയല്‍

മനുഷ്യരുടെ ഭക്തിയുടെയും വിശ്വാസത്തിന്റെയും സാന്ത്വനത്തിന്റെയും വിശുദ്ധ വേദികളാണ് ആരാധനാലയങ്ങള്‍. ലോകത്ത് എല്ലായിടത്തും മനുഷ്യര്‍ അവരുടെ ദൈവത്തോടുള്ള പ്രാര്‍ത്ഥനകളും സങ്കടങ്ങളും ഇറക്കിവെക്കുന്ന ഇടം. അവിടേക്ക് അവരുടേതല്ലാത്ത ഇതര വിഭാഗങ്ങള്‍ക്ക് കാര്യമൊന്നുമില്ല. വംശീയതയും വര്‍ഗീയതയുമുറ്റിനില്‍ക്കുന്ന സമൂഹങ്ങളില്‍ പക്ഷേ ആരാധനാലയങ്ങളിലേക്ക്കൂടി ഇതര വിശ്വാസികളുടെ, അവര്‍ യഥാര്‍ഥ വിശ്വാസികളാകണമെന്നില്ല, കറുത്ത കരങ്ങള്‍ നീട്ടപ്പെടുകയാണ് പലപ്പോഴും. അതിലൊന്നാണ് വിശുദ്ധ ജെറുസലേമിലെ അല്‍അഖ്‌സ പള്ളിയിലേക്ക് ഇസ്രാഈല്‍ ഭരണകൂടം ഉരുട്ടുന്ന സൈനിക ടാങ്കുകളും ബുള്‍ഡോസറുകളും. വിശ്വസികള്‍ക്ക് അതിനെതിരെ പോരാടേണ്ടിവരുന്നത് സ്വാഭാവികം മാത്രം. നാം സര്‍വമത കേന്ദ്രമെന്ന് അവകാശപ്പെടുമ്പോഴും ഇവിടെ ഇന്ത്യയിലും ആരാധനാലയങ്ങള്‍ ആക്രമിക്കപ്പെടുന്ന ഗോത്രകാല നികൃഷ്ട പ്രവണത ഈ നവീനയുഗത്തിലും തുടര്‍ന്നുവരികയാണ്. കഴിഞ്ഞദിവസം ഉത്തര്‍പ്രദേശിലെ വരാണസിയില്‍ പ്രസിദ്ധമായ ജ്ഞാന്‍വ്യാപി മസ്ജിദിലേക്ക് കോടതിയുടെ ഉത്തരവുമായെത്തിയ സംഘം ചെയ്തതും ഏതാണ്ടിതുതന്നെയാണ്. പള്ളിക്കുസമീപം ക്ഷേത്രമുണ്ടെന്നും അതിന്റെ ഭൂമി കണ്ടെത്തുന്നതിനായി കോടതി നിയോഗിച്ച ഉദ്യോഗസ്ഥരാണെത്തിയതെന്നും പറയുന്നു. ഇതിനെതിരെ പള്ളിയുമായി ബന്ധപ്പെട്ടവര്‍ പ്രതിഷേധവുമായി രംഗത്തെത്തിയത് സ്ഥലത്തും രാജ്യത്തും സമാധാനകാംക്ഷികള്‍ക്കിടയില്‍ വലിയ ഭീതിയും ലജ്ജയും സൃഷ്ടിക്കപ്പെട്ടു. എന്തിനാണ് ഇത്തരത്തിലൊരു ആവശ്യം ഇപ്പോഴുയര്‍ന്നതെന്നും സംഘ്പരിവാരത്തിനല്ലാതെ യഥാര്‍ഥ ഹിന്ദുമത വിശ്വാസികള്‍ക്ക് അതുകൊണ്ട് കാര്യമായ പ്രശ്‌നമൊന്നുമില്ലെന്നും വ്യക്തമാണ്. രാജ്യത്ത് അടുത്ത കാലത്തായി വര്‍ധിച്ചുകൊണ്ടിരിക്കുന്ന വര്‍ഗീയാഗ്നിയില്‍ എണ്ണയൊഴിക്കുക മാത്രമാണ് സംഘ്പരിവാരവും ഭരണകൂടവും ഇതുകൊണ്ട് ലക്ഷ്യമിടുന്നതെന്ന് ഊഹിക്കാന്‍ പ്രയാസമൊന്നുമില്ല.

അടുത്തിടെയാണ് കേന്ദ്ര സര്‍ക്കാറിന്റെ ആളുകള്‍ അവരുടെതന്നെ പൊലീസുമായും സേനയുമായും ചെന്ന് ഡല്‍ഹിയിലെ ജഹാംഗീര്‍പുരിയിലെ പള്ളിയുടെ സമീപത്തെ താല്‍കാലിക ഷെഡുകള്‍ പൊളിച്ചുനീക്കിയതും രാജ്യത്തെ ഉന്നതനീതിപീഠത്തിന് പൊടുന്നനെ അത് നിര്‍ത്തിവെക്കാന്‍ കല്‍പിക്കേണ്ടിവന്നതും. ഇരവല്‍കരിക്കുക, അന്യവല്‍കരിക്കുക എന്നത് അധികാരമോഹികളുടെ എക്കാലത്തെയും സ്വാര്‍ഥതയാണെന്നത് ചരിത്രത്തിലുടനീളം വീക്ഷിച്ചാല്‍ കാണാനാകും. ഇന്ത്യയില്‍ അധികാരത്തിലേറിയ കാവി ഭരണകൂടവും അതുതന്നെയാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് അവര്‍പോലും സമ്മതിക്കും. അതിനവര്‍ക്ക് വ്യക്തമായ നൂറ്റാണ്ടിലധികം പഴക്കമുള്ള വിഷലിപ്തമായ പ്രത്യയശാസ്ത്രമുണ്ടുതാനും. ഇന്ത്യയുടെ ഭരണഘടനയില്‍ മതേതരത്വം ഒളിച്ചുകടത്തിയതാണെന്ന് പരസ്യമായി പ്രഖ്യാപിക്കുകയും രാഷ്ട്രപിതാവിനെതന്നെ വധിക്കുകയും ചെയ്തവരില്‍നിന്ന് ഇതിലധികം പ്രതീക്ഷിക്കപ്പെടുന്നത് മൗഢ്യമാകും.

ചരിത്രത്തെ വളച്ചൊടിക്കുകയും അതിനെ തങ്ങളുടെ രാഷ്ട്രീയാധികാരേച്ഛകള്‍ക്ക് വിനിയോഗിക്കുകയുംചെയ്യുകയാണ് ജ്ഞാന്‍വ്യാപി മസ്ജിദിന്റെ കാര്യത്തിലും ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. 1669ല്‍ മുഗള്‍ ചക്രവര്‍ത്തി ഔറംഗസേബ് ശിവക്ഷേത്രമെന്ന് പറയുന്ന വിശ്വേശ്വരക്ഷേത്രം പൊളിച്ചുകളഞ്ഞാണ് അവിടെ ജ്ഞാന്‍വ്യാപി മസ്ജിദ് പണിതതെന്ന വാദം സംഘ്പരിവാരം ഉയര്‍ത്തിയിട്ട് നാളേറെയായി. യാതൊരു തെളിവും ബാബരി മസ്ജിദിന്റെ കാര്യത്തിലെന്നപോലെ ഇതിലും അവര്‍ക്ക് അവകാശപ്പെടാനില്ല. ക്ഷേത്രം പൊളിച്ചുവെന്നതിനെക്കുറിച്ച് പരിശോധിക്കാന്‍ ഇരുപത്തൊന്നാം നൂറ്റാണ്ടില്‍ ആളെവിട്ടവരുടെ തലക്കകത്തെന്താണെന്ന് വിസ്മയിക്കുകയാണ് സാധാരണ മനുഷ്യര്‍. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ലോക്‌സഭാമണ്ഡലമായ വരാണസിയില്‍ മതന്യൂനപക്ഷങ്ങളെ ഭീതിയിലകപ്പെടുത്തി തങ്ങളുടെ രാഷ്ട്രീയം നടപ്പാക്കുകയാണ് ഇതിനുപിന്നിലെ ഉന്നം. പള്ളി അറിയപ്പെടുന്നതുതന്നെ ജ്ഞാന്‍വ്യാപി അഥവാ അറിവിന്റെ വ്യാപനം എന്നതാണെന്നതുതന്നെ മസ്ജിദുമായി ബന്ധപ്പെട്ടവര്‍ക്ക് ഇതര വിശ്വാസങ്ങളോട് തെല്ലും അകല്‍ച്ചയില്ലെന്നതിന് തെളിവാണ്. കഴിഞ്ഞ ശനിയാഴ്ച നടന്ന വീഡിയോ തെളിവെടുപ്പിനെതിരെ പരിസരവാസികള്‍ പ്രതിഷേധവുമായി രംഗത്തുവരികയും പരിശോധന നിര്‍ത്തിവെക്കുകയും ചെയ്തു. ഇത് ഇവിടെ അവസാനിക്കേണ്ടതാണ്. എന്നാല്‍ അതങ്ങനെയാവുമെന്ന് കരുതാനാകുന്ന തരത്തിലല്ല സംഘ്പരിവാര്‍ അജണ്ടകള്‍. രാജ്യത്തെ രണ്ടായിരത്തോളം മുസ്‌ലിം പള്ളികള്‍ തകര്‍ക്കുമെന്ന് 90കള്‍ മുതല്‍ പറയുന്നവരാണിക്കൂട്ടര്‍. ലോകാത്ഭുതമായ താജ്മഹലിനെ പോലും വംശീയവെറിക്ക് വിധേയമാക്കുന്ന അനുഭവവും നാം കാണുന്നു. അവിടെയും ക്ഷേത്രം തകര്‍ത്താണെന്ന വാദമാണുയര്‍ത്തുന്നത്. തേജോമഹാലയയാണ് താജ് മഹലെന്നും അതിലെ അടച്ചിട്ടിരിക്കുന്ന 22 വാതിലുകള്‍ തുറക്കണമെന്നും കാട്ടി കോടതിയില്‍ ഹരജിയുമായി ചെന്നിരിക്കുന്നവരുടെ ഉന്നവും മറ്റൊന്നാകില്ല. വസുധൈവ കുടുംബകമെന്ന് ഉദ്‌ഘോഷിച്ച മതത്തിന്റെ വക്താക്കളുടെ പോക്ക് ആ മഹിതസംസ്‌കാരത്തെതന്നെ തകര്‍ക്കുന്നതിലേക്കാണെന്ന് അറിയുന്നതെത്ര സ്‌തോഭജനകമാണ്!

Test User: