കൊച്ചി: പ്രണയബന്ധത്തില്‍ വര്‍ധിക്കുന്ന പോക്‌സോ കേസുകള്‍ കോടതികള്‍ക്ക് തലവേദനയാകുന്നു. പ്രണയബന്ധത്തില്‍ വര്‍ധിക്കുന്ന അനാവശ്യ പോക്‌സോ കേസുകള്‍ കോടതികള്‍ക്ക് അമിതഭാരമാകുന്നതായി സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് എസ്. രവീന്ദ്രഭട്ട് പറഞ്ഞു. പോക്‌സോ കേസിലെ പ്രായപരിധി 18ല്‍നിന്ന് 16 ആക്കണമെന്ന നിര്‍ദേശമുണ്ടെങ്കിലും വിപുലമായ ചര്‍ച്ച വേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
പോക്‌സോ നിയമം, ബാലനീതി, കുട്ടികളിലെ ലഹരി ഉപയോഗം തുടങ്ങിയ വിഷയങ്ങളില്‍ കേരള ഹൈകോടതി സംഘടിപ്പിച്ച സമ്മേളനം ഓണ്‍ലൈനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദക്ഷിണേന്ത്യയിലെ ഹൈക്കോടതി ജഡ്ജിമാരെ പങ്കെടുപ്പിച്ചായിരുന്നു സമ്മേളനം. കുട്ടികളുടെ നിയമലംഘനത്തിന് സ്വീകരിക്കേണ്ട സമീപനം എന്ന വിഷയത്തിലായിരുന്നു ചര്‍ച്ച.
കോടതികളിലെത്തുന്ന പോക്‌സോ കേസുകളില്‍ 25 ശതമാനത്തോളം പ്രണയബന്ധത്തെ എതിര്‍ത്ത് രക്ഷിതാക്കള്‍ നല്‍കുന്ന പോക്‌സോ കേസുകളാണെന്ന് മഹാരാഷ്ട്രയില്‍ നടത്തിയ പഠനത്തില്‍ കണ്ടെത്തിയിരുന്നു. കൗമാരക്കാരായ ആണ്‍കുട്ടികള്‍ ഇത്തരം കേസുകളില്‍ ഉള്‍പ്പെട്ട് തടവിലാകുന്ന അവസ്ഥ കൂടുകയാണെന്നും അദ്ദേഹം പറഞ്ഞു.