കോഴിക്കോട് പോലീസുകാരനെതിരെ പോക്‌സോ കേസ്.കോടഞ്ചേരി സ്റ്റേഷനിലെ സി.പി.ഒ വിനോദ് കുമാറിനെതിരെയാണ് പരാതി.12,13 എന്നിങ്ങനെയുള്ള സഹോദരിമാരോട് മോശമായി പെരുമാറിയെന്നാണ് പരാതി.എന്നാല്‍ ഇയാള്‍ ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്.
കുട്ടികളുടെ അമ്മയാണ് വിനോദിനെതിരെ പരാതി നല്‍കിയത്. ഇവരെയും പീഡനത്തിനിരയാക്കിയെന്നും പരാതിയിലുണ്ട്. പരാതിക്കാരുടെ രഹസ്യമൊഴിയെടുത്ത ശേഷം കൂടുതല്‍ നടപടികളുമായി മുന്നോട്ട് പോകുമെന്ന് കൂരച്ചൂണ്ട് പോലീസ് അറിയിച്ചു.
അതേസമയം പോക്സോ കേസ് ഇരയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായ വയനാട് അമ്പലവയലില്‍ പൊലീസ് സ്റ്റേഷനിലെ എഎസ്ഐ ബാബു ഒളിവില്‍ തന്നെ.കേസില്‍ കഴിഞ്ഞ ദിവസം സസ്പെന്‍ഷനിലായ ഇയാളുടെ അറസ്റ്റ് ഇന്നു രേഖപ്പെടുത്തുമെന്നായിരുന്നു പൊലീസ് കേന്ദ്രങ്ങള്‍ അറിയിച്ചിരുന്നു. അതേസമയം പ്രതിക്ക് രക്ഷപ്പെടാന്‍ പൊലീസിന്റെ മെല്ലെപ്പോക്ക് കാരണമായിട്ടുണ്ടെന്ന ആരോപണം ഉയര്‍ന്നുകഴിഞ്ഞു.കേസില്‍ സ്റ്റേഷന്‍ എസ്ഐ സോബിന്‍, ഡബ്ല്യു.സി.പി.ഒ പ്രജിഷ എന്നിവര്‍ക്കെതിരെയും അന്വേഷണം നടക്കുന്നുണ്ട്.
പട്ടികജാതി വിഭാഗത്തിലെ പതിനേഴുകാരിയോട് മോശമായി പെരുമാറിയെന്ന പരാതിയിലാണ് അമ്പലവയല്‍ സ്റ്റേഷനിലെ എഎസ്ഐ ബാബുവിനെ സസ്പെന്‍ഡ് ചെയ്തത്. വയനാട് ജില്ലാ പൊലീസ് മേധാവിയുടെ അന്വേഷണ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഡിഐജി രാഹുല്‍ ആര്‍ നായരാണ് കഴിഞ്ഞ ദിവസം ഇയാളെ സസ്പെന്‍ഷന്‍ ഉത്തരവിട്ടത്. ഒക്ടോബര്‍ 26 നായിരുന്നു കേസിനാസ്പദമായ സംഭവം. പോക്സോ കേസില്‍ ഇരയായി കണിയാമ്പറ്റ നിര്‍ഭയ ഹോമില്‍ കഴിയുന്ന പെണ്‍കുട്ടിയെ സീന്‍ മഹസര്‍ തയ്യാറാക്കുന്നതിനായി ഊട്ടിയില്‍ എത്തിച്ചപ്പോള്‍ ഉപദ്രവിച്ചുവെന്നാണ് ആരോപണം. വനിതാ പൊലീസുകാരിയും പുരുഷ പോലീസുദ്യോഗസ്ഥനും സമീപത്തുനിന്ന് മാറിയപ്പോള്‍ കൂടെയുണ്ടായിരുന്ന എഎസ്ഐ ബാബു മോശമായി പെരുമാറി എന്നാണ് പെണ്‍കുട്ടി സി.ഡബ്ല്യു.സിക്ക് നല്‍കിയ പരാതി.