നടന്‍ കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ പോക്‌സോ കേസില്‍ ഇരയുടെ പേര് വെളിപ്പെടുത്തിയ സംഭവത്തില്‍ യൂട്യൂബര്‍ അറസ്റ്റില്‍. മലപ്പുറം കക്കാടംപുരം സ്വദേശി നവാസ് ആണ് അറസ്റ്റിലായത്. ഡിഫറന്റ് ആംഗിള്‍ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ഇയാള്‍ ഇരയുടെ പേര് വെളിപ്പെടുത്തിയത്.
നാല് വയസുകാരിയെ പീഡിപ്പിച്ചുവെന്നതാണ് കൂട്ടിക്കല്‍ ജയചന്ദ്രനെതിരായ കേസ്. കഴിഞ്ഞ വര്‍ഷം ജൂണ്‍ എട്ടിനായിരുന്നു നടനെതിരെ കസബ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.
അഞ്ച് വര്‍ഷം ജീവപര്യന്തം വരെ ലഭിക്കാവുന്ന കുറ്റമാണ് നടനെതിരെ പൊലീസ് ചുമത്തിയത്. അതേസമയം കേസില്‍ ജയചന്ദ്രന്‍ മുന്‍കൂര്‍ ജാമ്യം തേടി നല്‍കിയ അപേക്ഷ കോഴിക്കോട് അഡീഷണല്‍ സെഷന്‍സ് കോടതിയും ഹൈക്കോടതിയും തള്ളിയിരുന്നു.
തുടര്‍ന്ന് അപ്പീലുമായി ജയചന്ദ്രന്‍ സുപ്രിംകോടതിയെ സമീപിച്ചതോടെ കോടതി അറസ്റ്റ് തടഞ്ഞു.
അന്വേഷണവുമായി സഹകരിക്കണമെന്ന നിര്‍ദേശത്തോട് കൂടിയാണ് സുപ്രീംകോടതി അറസ്റ്റ് നടപടികള്‍ തടഞ്ഞത്. ഒരു മാസത്തേക്കാണ് സുപ്രീംകോടതി അറസ്റ്റ് തടഞ്ഞത്.