പത്തനംതിട്ട: 13-ാം വയസ്സുമുതല്‍ ലൈംഗിക പീഡനത്തിനിരയായെന്ന പതിനെട്ടുകാരിയുടെ വെളിപ്പെടുത്തലില്‍ 40 പേര്‍ക്കെതിരേ പോക്‌സോ കേസ്. കഴിഞ്ഞ അഞ്ചുവര്‍ഷത്തിനിടെ 60ലേറെ പേര്‍ ലൈംഗികപീഡനത്തിനിരയാക്കിയെന്ന വിദ്യാര്‍ത്ഥിനിയുടെ പരാതിയിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ശിശുക്ഷേമ സമിതിക്കു മുമ്പാകെയാണ് പെണ്‍കുട്ടി പീഡന വിവരം വെളിപ്പെടുത്തിയത്.
കായികതാരമായ പെണ്‍കുട്ടിയെ പരിശീലകരും മറ്റ് കായികതാരങ്ങളും സഹപാഠികളും സമീപവാസികളും ലൈംഗികമായി ചൂഷണം ചെയ്തുവെന്നും മൊഴിയില്‍ പറയുന്നു. നിലവില്‍ രജിസ്റ്റര്‍ ചെയ്ത രണ്ടു കേസുകളിലായി അഞ്ചുപേരെ അറസ്റ്റ് ചെയ്തു. ആണ്‍സുഹൃത്ത് പീഡിപ്പിക്കുകയും പിന്നീട് സുഹൃത്തുക്കള്‍ക്ക് കൈമാറുകയും ചെയ്തതായാണ് പ്രാഥമിക വിവരം. മറ്റൊരു പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന പ്രതിയും പെണ്‍കുട്ടിയെ ലൈംഗിക ചൂഷണത്തിനിരയാക്കിയതായി മൊഴിയില്‍ പറയുന്നു. ഇയാളുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും.
ലൈംഗിക ചൂഷണത്തിനെതിരേ ക്ലാസില്‍ നല്‍കിയ കൗണ്‍സിലിങ്ങിനിടെയാണ് പെണ്‍കുട്ടി ദുരനുഭവം പങ്കുവെച്ചത്. വിശദമായ അന്വേഷണത്തിന് പ്രത്യേക സംഘത്തിന് രൂപം നല്‍കി. പത്തനംതിട്ട ജില്ലാ പോലീസ് മേധാവിക്കാണ് അന്വേഷണത്തിന്റെ മേല്‍നോട്ടച്ചുമതല നല്‍കിയിരിക്കുന്നത്.