ഏഷ്യാനെറ്റിനെതിരെയും സിപിഐഎമ്മിന് എതിരെയുമുള്ള വാര്‍ത്തകളില്‍ പ്രതികരണവുമായി യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഫേസ്ബുക്കിലൂടെയാണ് ഫിറോസ് പ്രതികരണം നടത്തിയത്.
പ്രതികരണത്തിന്റെ പൂര്‍ണ രൂപം
ഏഷ്യാനെറ്റും റിപ്പോര്‍ട്ടര്‍ നൗഫല്‍ ബിന്‍ യൂസഫും വിമര്‍ശനങ്ങള്‍ക്ക് അതീതരാണ് എന്നൊന്നും ഞാന്‍ വിശ്വസിക്കുന്നില്ല. അവര്‍ ഉന്നയിച്ച വിഷയവുമായി ബന്ധപ്പെട്ട് അന്വേഷണം നടക്കുന്നുണ്ട്. സത്യാവസ്ത പുറത്ത് വരട്ടെ.
പക്ഷേ ഡി.വൈ.എഫ്.ഐയുടെ ഹാലിളക്കം കാണുമ്പോള്‍ ലഹരി മാഫിയക്ക് വേണ്ടിയാണോ ഈ ഉറഞ്ഞു തുള്ളല്‍ എന്ന് ന്യായമായും സംശയിക്കാന്‍ വകയുണ്ട്. പ്രത്യേകിച്ച് പല സിപിഎം, ഡിവൈഎഫ്‌ഐ നേതാക്കളും കോടിക്കണക്കിന് രൂപയുടെ ലഹരിക്കച്ചവടത്തില്‍ ഏര്‍പ്പെട്ട വാര്‍ത്ത പുറത്ത് വന്ന സാഹചര്യത്തില്‍.
അല്ലെങ്കിലും മാധ്യമ ധാര്‍മ്മികതയെ കുറിച്ച് വാചാലരാവാന്‍ ഇവര്‍ക്ക് എന്ത് യോഗ്യതയുമാണുള്ളത്. ഗോവിന്ദന്‍ മാഷിന്റെ ഭാര്യ ചെയര്‍പേഴ്‌സണ്‍ ആയ ആന്തൂര്‍ നഗരസഭ തന്റെ സംരഭത്തിന് അനുമതി നല്‍കാത്തതിന്റെ പേരില്‍ മനം നൊന്ത് ആത്മഹത്യ ചെയ്ത പ്രവാസിയായ സാജനെയും അദ്ദേഹത്തിന്റെ കുടുംബത്തെയും സംബന്ധിച്ച് ദേശാഭിമാനി എഴുതിപ്പിടിപ്പിച്ച കഥകള്‍, ടി.പി ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട ശേഷം കൈരളി നല്‍കിയ വാര്‍ത്ത. അങ്ങിനെ എത്ര കള്ള വാര്‍ത്തകള്‍ ഏറ്റവും ചുരുങ്ങിയത് ഇവരണ്ടുമെങ്കിലും ഓര്‍മ്മയില്ലേ സഖാക്കള്‍ക്ക്?
നിലവിലെ സിപിഐഎമ്മിന്റെ ഒച്ചപ്പാടുകള്‍ ആദര്‍ശ ബന്ധിതമല്ലെന്ന കാര്യം ആര്‍ക്കുമറിയാം. തങ്ങള്‍ക്ക് ഇഷ്ടമില്ലാത്തവരെ വേട്ടയാടുന്ന സ്ഥിരം പല്ലവി. അതിനപ്പുറം മറ്റെന്തെങ്കിലുമുണ്ടെന്ന് കരുതാന്‍ തല്‍ക്കാലം നിവൃത്തിയില്ല.