X

തന്നെ പാപ്പരായി പ്രഖ്യാപിക്കണം : നീരവ് യു.എസ് കോടതിയില്‍

ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും കോടികള്‍ വായ്പയെടുത്ത് മുങ്ങിയ വജ്രവ്യാപാരി നീരവ് മോദി പാപ്പരായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് യു.എസ് കോടതിയില്‍. മോദിയുടെ ഫയര്‍ സ്റ്റാര്‍ ഡയമണ്ട്‌സ് എന്ന കമ്പനിയാണ് കോടതിയിയെ സമീപിച്ചിരിക്കുന്നത്. അഞ്ച് കോടി ഡോളര്‍ (325 കോടി) മുതല്‍ 10 കോടി ഡോളര്‍ (650 കോടി രൂപ) വരെ കടമുണ്ടെന്നും കമ്പനിയെ പാപ്പരായി പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടാണ് ന്യൂയോര്‍ക്കിലെ ജില്ലാ കോടതിയില്‍ ഫയര്‍സ്റ്റാര്‍ ഡയമണ്ട്‌സ് ഹര്‍ജി നല്‍കിയിരിക്കുന്നത്.

നീരവ് മോദിയും അമ്മാവനും ഗീതാജ്ഞലി ജ്വല്ലറി ഗ്രൂപ്പിന്റെ പ്രമോട്ടറുമായ മെഹുല്‍ ചോക്‌സിയും ചേര്‍ന്ന് പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും 12,636 കോടി രൂപ വായ്പയെടുത്ത് തട്ടിപ്പ് നടത്തിയതായി കണ്ടെത്തിയിരുന്നു. നേരത്തെ ഇത് 11,360 കോടിയെന്നായിരുന്നു കണക്കാക്കിയിരുന്നത്. സി.ബി. ഐയുടെ പുതിയ കണക്കുകള്‍ പ്രകാരം മെഹുല്‍ ചോക്‌സിയുടെ ഗീതാജ്ഞലി ജ്വല്ലറി 1,251 കോടിയുടെ തട്ടിപ്പുകൂടി നടത്തിയതായി കണ്ടെത്തിയതോടെയാണ് 12,636 കോടിയായി തട്ടിപ്പ് ഉയര്‍ന്നത്. ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് വിദേശത്തേക്കു കടന്ന ഇരുവരും ഒളിവിലാണ്.

പഞ്ചാബ് നാഷണല്‍ ബാങ്കിനു പുറമെ 2017 മാര്‍ച്ച് 31 വരെ മെഹുല്‍ ചോക്‌സിയും കമ്പനികളും ചേര്‍ന്നു 3000 കോടി രൂപയുടെ 37 ബാങ്ക് വായ്പകള്‍ എടുത്തിട്ടുണ്ടെന്നാണു വിവരം. 17 ബാങ്കുകള്‍ നീരവ് മോദിയുടെ സ്ഥാപനങ്ങള്‍ക്കു 3000 കോടിയുടെ വായ്പകള്‍ വേറെയും നല്‍കി. ഇതില്‍ സെന്‍ട്രല്‍ ബാങ്ക് (194 കോടി), ദേനാ ബാങ്ക് (153.25 കോടി), വിജയ ബാങ്ക് (150.15 കോടി), ബാങ്ക് ഓഫ് ഇന്ത്യ (127 കോടി), സിന്‍ഡിക്കേറ്റ് ബാങ്ക് (125 കോടി), ഓറിയന്റല്‍ ബാങ്ക് ഓഫ് കൊമേഴ്‌സ് (120 കോടി), യുബിഐ (110 കോടി), ഐഡിബിഐ ബാങ്ക്, അലഹാബാദ് ബാങ്ക് (110 കോടി വീതം) എന്നിവ ഉള്‍പ്പെടുന്നു.

chandrika: