ന്യൂഡല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കിനെ ഇടനിലക്കാരാക്കി 13,636 കോടി രൂപയുടെ വായ്പ തട്ടിപ്പു നടത്തിയ കേസിലെ പ്രധാന പ്രതി വജ്രവ്യാപാരി നീരവ് മോദിയുടെ സഹോദരിയും കേസിലെ പ്രതിയുമായ പൂര്‍വി മോദിക്കെതിരെ ഇന്റര്‍പോള്‍ റെഡ്‌കോര്‍നര്‍ നോട്ടീസ്. ബെല്‍ജിയം പൗരത്വമുള്ള പൂര്‍വി മോദി പണത്തട്ടിപ്പുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം തേടുന്ന വ്യക്തിയാണെന്ന് നോട്ടീസ് പറയുന്നു. എന്‍ഫോഴ്‌സ്‌മെന്റ് ഡയരക്ടറേറ്റിന്റെ അഭ്യര്‍ത്ഥന മാനിച്ചാണ് രാജ്യാന്തര തലത്തില്‍ അറസ്റ്റ് വാറന്റിന് തുല്യമായ റെഡ്‌കോര്‍നര്‍ നോട്ടീസ് പുറപ്പെടുവിച്ചത്.
കേസുമായി ബന്ധപ്പെട്ട അന്വേഷണം മുന്നോട്ടു പോകണമെങ്കില്‍ പൂര്‍വി മോദിയെ ചോദ്യം ചെയ്യേണ്ടത് അനിവാര്യമാണെന്നാണ് ഇ.ഡിയുടെ നിലപാട്. കേസുമായി ബന്ധപ്പെട്ട് മാര്‍ച്ചില്‍ സമര്‍പ്പിച്ച ആദ്യ കുറ്റപത്രത്തില്‍ തന്നെ പൂര്‍വി മോദിയെ പ്രതിചേര്‍ത്തിരുന്നു. നീരവ് മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി എന്നിവര്‍ക്കെതിരെ ഇന്റര്‍പോള്‍ നേരത്തെ റെഡ് കോര്‍നര്‍ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. മോദിയുടെ ഫയര്‍സ്റ്റാര്‍ ഇന്റര്‍നാഷണല്‍ എന്ന ജ്വല്ലറിയുടെ സി.ഇ.ഒ മിഹിര്‍ ബന്‍സാലിക്കെതിരേയും റെഡ്‌കോര്‍നര്‍ നോട്ടീസ് പുറപ്പെടുവിച്ചിട്ടുണ്ട്.