ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും (പി.എന്‍.ബി) 11,346 കോടി രൂപയുടെ തട്ടിപ്പ് നടത്തിയ വജ്രവ്യാപാരി നീരവ് മോദി യെ ചൊല്ലി രാഷ്ട്രീയ വിവാദവും കൊഴുക്കുന്നു. ഇന്ത്യയില്‍ നിന്നു മുങ്ങിയ നീരവ് ദാവോസിലെന്നാണ് സൂചന. മുംബൈ, സൂറത്ത്, ഡല്‍ഹി അടക്കം 13 സ്ഥലങ്ങളില്‍ പരിശോധന നടത്തിയെങ്കിലും നീരവ് മോദിയെ കുറിച്ച് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല. പി.എന്‍.ബിയുടെ പ്രഥമ വിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിനു മുമ്പ് തന്നെ നീരവ് രാജ്യം വിട്ടതായാണ് വിവരം.
ജനുവരി ഒന്നിന് കുടുംബത്തോടൊപ്പം അദ്ദേഹം രാജ്യം വിട്ടതായാണ് റിപ്പോര്‍ട്ട്. സഹോദരനും ബെല്‍ജിയം പൗരനുമായ നിശാല്‍, ഭാര്യ ആമി, ഒരു യു.എസ് പൗരന്‍, ബിസിനസ് പങ്കാളിയും ഗീതാജ്ഞലി ജ്വല്ലറി ഗ്രൂപ്പിന്റെ ഇന്ത്യന്‍ പ്രമോട്ടര്‍ മെഹുല്‍ ചോക്‌സി, എന്നിവര്‍ ജനുവരി ആറിനും ഇന്ത്യ വിട്ടതായി അധികൃതര്‍ പറയുന്നു. ജനുവരി അവസാനത്തോടെയാണ് പി.എന്‍.ബിയുടെ പരാതിയില്‍ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ത്യന്‍ പാസ്‌പോര്‍ട്ടിനു പുറമെ ബെല്‍ജിയം പാസ്‌പോര്‍ട്ടും നീരവിനുണ്ട്. ഇതുപയോഗിച്ചാണ് അദ്ദേഹം നാടുവിട്ടതെന്നാണ് റിപ്പോര്‍ട്ട്.
അതേസമയം ബാങ്കുകളില്‍ നിന്നും കോടികള്‍ തട്ടിയ നീരവ് പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം സ്വിറ്റ്‌സര്‍ലന്‍ഡിലെ ദാവോസില്‍ ലോക സാമ്പത്തിക ഉച്ചകോടിയില്‍ പങ്കെടുത്തതിന്റെ ചിത്രങ്ങള്‍ പുറത്തു വന്നു. സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയാണ് ചിത്രം പുറത്തുവിട്ടത്. ജനുവരി 31ന് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് മുമ്പ് പ്രധാനമന്ത്രിക്കൊപ്പം നീരവ് ദാവോസിലെത്തിയ സംഭവത്തില്‍ പ്രധാനമന്ത്രി വിശദീകരണം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജ്യത്തെ ഏറ്റവും വലിയ തട്ടിപ്പുകാരന് രക്ഷപ്പെടാന്‍ അവസരം നല്‍കിയത് കേന്ദ്ര സര്‍ക്കാറാണെന്ന് കോണ്‍ഗ്രസും ആരോപിച്ചു.
മോദിയെ കെട്ടിപ്പിടിച്ചാല്‍ തട്ടിപ്പ് നടത്തി രക്ഷപ്പെടാമെന്നാണ് അവസ്ഥയെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. പ്രതിപക്ഷം ആരോപണവുമായി എത്തിയതതോടെ കേന്ദ്രം പ്രതിരോധത്തിലായി. അതേസമയം ദാവോസിലെ ഔദ്യോഗിക സംഘത്തോടൊപ്പം നീരവ് മോദിയുണ്ടായിരുന്നില്ലെന്നാണ് കേന്ദ്ര സര്‍ക്കാറിന്റെ വിശദീകരണം.
നരേന്ദ്രമോദി നീരവുമായി ചര്‍ച്ച നടത്തിയിട്ടില്ലെന്നും കേന്ദ്രം പറയുന്നു. ബിസിനസുകാരുടെ സംഘം മോദിക്കൊപ്പം പോയിട്ടില്ല. ഫോട്ടോ എടുക്കുന്നതിനുള്ള അവസരം മാത്രമാണ് നല്‍കിയതെന്നും കേന്ദ്രം വ്യക്തമാക്കി. നീരവിന്റെ സ്വത്തുക്കള്‍ കണ്ടു കെട്ടിയതായും അദ്ദേഹത്തിന്റെ പാസ്‌പോര്‍ട്ട് പിടിച്ചെടുക്കുമെന്നും ലുക്കൗഔട്ട് നോട്ടീസ് പുറപ്പെടുവിക്കുമെന്നും കേന്ദ്ര നിയമമന്ത്രാലയം അറിയിച്ചു.
പി.എന്‍.ബി തട്ടിപ്പുമായി ബന്ധപ്പെട്ട് വിശദമായ അന്വേഷണം നടത്തുന്നുണ്ടെന്നും കുറ്റക്കാരെ രക്ഷപ്പെടാന്‍ അനുവദിക്കില്ലെന്നും നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് അറിയിച്ചു. വന്‍കിട ബിസിനസുകാര്‍ക്കു ബാങ്ക് ഗ്യാരന്റിയുടെ അടിസ്ഥാനത്തി ല്‍ കോടികളുടെ ഇടപാടിനു സൗകര്യമൊരുക്കുന്ന ബയേഴ്‌സ് ക്രെഡിറ്റ് (ലെറ്റര്‍ ഓഫ് കംഫര്‍ട്ട്) രേഖകള്‍ ഉപയോഗിച്ചാണ് നീരവ് മോദി വിദേശത്തു തട്ടിപ്പ് നടത്തിയത്. ി.എന്‍.ബിയുടെ ജാമ്യത്തിന്റെ ബലത്തില്‍ വിദേശത്തെ ബാങ്കുകളില്‍ നിന്നും വന്‍തോതില്‍ പണം പിന്‍വലിച്ചു.
ഈ പണം തിരിച്ചടക്കാത്തതുമൂലം ബാധ്യത ജാമ്യം നിന്ന പി.എന്‍.ബിക്കായി മാറുകയും ചെയ്തു. നീരവ്, ഭാര്യ, സഹോദരന്‍, ബിസിനസ് പങ്കാളി എന്നിവര്‍ പി.എന്‍.ബിയെ കബളിപ്പിച്ച് 280 കോടി തട്ടിയ കേസ് ഈ മാസം അഞ്ചിന് സി.ബി.ഐ ഏറ്റെടുത്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് ബാങ്ക് നടത്തിയ വിശദമായ പരിശോധനയിലാണ് 11,346 കോടിയുടെ ക്രമക്കേടുകള്‍ കണ്ടെത്തിയത്.