ന്യൂഡല്‍ഹി: നീരവ് മോദിയുടെ വായ്പാ തട്ടിപ്പ് പുറത്തുവന്നതിനു പിന്നാലെ മുന്‍കരുതല്‍ നടപടികളുടെ ഭാഗമായി പഞ്ചാബ് നാഷണല്‍ ബാങ്കില്‍ കൂട്ട സ്ഥലംമാറ്റം. 18000 ജീവനക്കാരെയാണ് (മൊത്തം ജീവനക്കാരില്‍ നാലില്‍ ഒന്നിനെ) ഒറ്റയടിക്ക് സ്ഥലം മാറ്റിയതായാണ് റിപ്പോര്‍ട്ട്.
ഒരേ ബ്രാഞ്ചില്‍ നിശ്ചിത വര്‍ഷത്തില്‍ കൂടുതലായി സര്‍വീസില്‍ തുടരുന്നവരെ സ്ഥലം മാറ്റണമെന്ന കേന്ദ്ര വിജിലന്‍സ് കമ്മീഷന്റെ ശിപാര്‍ശയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് ബാങ്ക് ജീവനക്കാരുടെ സംഘടനകള്‍ അറിയിച്ചു.
തിങ്കളാഴ്ചയാണ് സി.വി.സി പൊതുമേഖലാ ബാങ്കുകള്‍ക്ക് സ്ഥലം മാറ്റ നിര്‍ദേശം നല്‍കിയത്. മൂന്നു വര്‍ഷത്തില്‍ ഒരിക്കല്‍ എല്ലാ ബാങ്കിങ് ഉദ്യോഗസ്ഥരേയും അഞ്ചു വര്‍ഷത്തില്‍ ഒരിക്കല്‍ ബാങ്കിങ് ജീവനക്കാരേയും നിര്‍ബന്ധമായും സ്ഥലം മാറ്റണമെന്നാണ് നിര്‍ദേശം. നിലവില്‍ ജോലി ചെയ്യുന്ന മുനിസിപ്പല്‍ പരിധിക്ക് പുറത്തേക്കാണ് സ്ഥലം മാറ്റേണ്ടതെന്നും ഉത്തരവില്‍ പറയുന്നു.
അതേസമയം സ്ഥലം മാറ്റത്തോട് പഞ്ചാബ് നാഷണല്‍ ബാങ്ക് വൃത്തങ്ങള്‍ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പതിവ് സ്ഥലം മാറ്റ നടപടികള്‍ മാത്രമാണ് നടന്നതെന്ന് ബാങ്ക് വൃത്തങ്ങള്‍ അറിയിച്ചു. ഫെബ്രുവരി 19 മുതല്‍ 1,415 വിദേശ തൊഴിലാളികളെയാണ് ഇതു വഴി മാറ്റിയതെന്ന് ബാങ്ക് വ്യക്തമാക്കുന്നു. 18,000 ജീവനക്കരെ സ്ഥലം മാറ്റിയതായ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് യഥാര്‍ഥത്തില്‍ തെറ്റാണെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തൊട്ടാകെ 7000 ബ്രാഞ്ചുകളിലായി 70000 ജീവനക്കാരാണ് പി.എന്‍.ബിക്കുള്ളത്.
അതേസമയം സ്ഥലം മാറ്റത്തെ എതിര്‍ത്ത് ബാങ്ക് ജീവനക്കാരുടെ സംഘടന രംഗത്തെത്തി. സാമ്പത്തിക വര്‍ഷം അവസാനിക്കാനിരിക്കെ സ്ഥലം മാറ്റല്‍ നടപടി പ്രതിസന്ധി സൃഷ്ടിക്കും. ബാങ്കുകള്‍ വാര്‍ഷിക സ്ഥലം മാറ്റവും പ്രമോഷനുകളും പ്രഖ്യാപിക്കുന്നത് ജൂണ്‍- ജുലൈ മാസങ്ങളിലാണ്. ഇപ്പോള്‍ സ്ഥലം മാറ്റിയാല്‍ മാസങ്ങള്‍ക്കകം ഈ ജീവനക്കാര്‍ വീണ്ടും സ്ഥലം മാറ്റ നടപടി നേരിടേണ്ടി വരുമെന്നും ബാങ്ക് എംപ്ലോയീസ് യൂണിയന്‍ നേതാവ് അശ്വനി റാണ പറഞ്ഞു.