X

മോദിയുടെ കള്ളത്തരം സി.ബി.ഐ പൊളിച്ചു: പി.എന്‍.ബി വായ്പാ തട്ടിപ്പ് മുഴുവനായും നടന്നത് ബി.ജെ.പിയുടെ ഭരണകാലത്ത്

ന്യൂഡല്‍ഹി: രാജ്യത്തെ ഏറ്റവും വലിയ രണ്ടാമത്തെ പൊതുമേഖലാ ബാങ്കായ പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്നും നീരവ് മോദി 11,360 കോടി വെട്ടിച്ചത് 2017-18 കാലഘട്ടത്തിലെന്ന് സി.ബി.ഐ. സംഭവവുമായി ബന്ധപ്പെട്ട് സി.ബി.ഐ സമര്‍പ്പിച്ചിരിക്കുന്ന പ്രഥമ വിവര റിപ്പോര്‍ട്ടിലാണ് ഇക്കാര്യം സൂചിപ്പിക്കുന്നത്. ക്രമക്കേട് മുഴുവനും നടന്നത് 2017-18 കാലഘട്ടത്തിലാണെന്നും ക്രമക്കേട് 2011 ല്‍ ആരംഭിച്ചിരുന്നെങ്കില്‍ തട്ടിപ്പിന്റെ വ്യാപ്തി 11, 360 കോടിയില്‍ ഒതുങ്ങില്ലായിരുന്നെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടുന്നു.

യു.പി.എ സര്‍ക്കാറിന്റെ കാലത്താണ് ബാങ്ക് തട്ടിപ്പ് കേസ് ആരംഭിച്ചതെന്ന ബി.ജെ.പിയുടേയും കേന്ദ്ര സര്‍ക്കാറിന്റേയും അവകാശ വാദങ്ങള്‍ക്കുള്ള തിരിച്ചടിയാണ് എഫ്.ഐ.ആര്‍. തട്ടിപ്പുമായി ബന്ധപ്പെട്ട് ചോദ്യം ചെയ്യേണ്ട പഞ്ചാബ് നാഷണല്‍ ബാങ്കിലെ ഉദ്യോഗസ്ഥര്‍ ഈ കാലഘട്ടത്തിലുള്ളവരാണെന്നും സി.ബി.ഐ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

പി.എന്‍.ബി നരിമാന്‍ പോയിന്റ് ബ്രാഞ്ചിലെ ചീഫ് മാനേജര്‍ ബെച്ചു തീവാരി 2015 ഫെബ്രുവരി-2017 ഒക്ടോബര്‍വരെയാണ് അവിടെ പ്രവര്‍ത്തിച്ചത്. ബ്രാഡി ഹൗസ് ബ്രാഞ്ചില്‍ അസിസ്റ്റന്റ് ജനറല്‍ മാനേജറായിരുന്ന, ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ സഞ്ജയ് കുമാര്‍ പ്രസാദ് മെയ് 2016 മുതല്‍ 2017 ജൂലൈ വരെയാണ് തസ്തികയിലുണ്ടായിരുന്നത്.

നിലവിലെ ഓഡിറ്ററായ മോഹീന്ദര്‍ കുമാര്‍ ശര്‍മ 2015 നവംബര്‍ മുതല്‍ 2017 ജൂലൈ വരെയും, ഏകജാലക ഓപറേറ്ററായ മനോജ് കാരാട്ട് 2014 നവംബര്‍ മുതല്‍ 2017 ഡിസംബര്‍ വരെയുമാണ് ഈ തസ്തികയിലുണ്ടായിരുന്നതെന്നും സി.ബി.ഐ പറയുന്നു. മനോജ് കരഥ്, ഗോകുല്‍ ഷെട്ടി എന്നീ രണ്ടു പേരെ എഫ്.ഐ.ആറില്‍ കുറ്റാരോപിതരായാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രണ്ട് എഫ്.ഐ.ആറുകളാണ് പി.എന്‍.ബി വായ്പാ തട്ടിപ്പുമായി ബന്ധപ്പെട്ട് സി.ബി.ഐ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. നീരവ് മോദിയുടെ അമ്മാവന്‍ മെഹുല്‍ ചോക്‌സിയുമായി ബന്ധപ്പെട്ട 26 ഇടങ്ങളില്‍ പരിശോധന നടത്തുകയും ചെയ്തു. അഞ്ചു സംസ്ഥാനങ്ങളിലെ ആറു നഗരങ്ങളിലായാണ് പരിശോധന നടത്തിയത്.

മെഹുല്‍ ചോക്‌സി, അദ്ദേഹത്തിന്റെ മൂന്ന് കമ്പനികളായ ഗീതാജ്ഞലി ജെംസ് ലിമിറ്റഡ്, ഗിലി ഇന്ത്യാ ലിമിറ്റഡ്, നക്ഷത്ര ബ്രാന്‍ഡ്‌സ് ലിമിറ്റഡ്, ഈ കമ്പനിയുടെ ഡയരക്ടര്‍മാര്‍, രണ്ട് ബാങ്ക് ജീവനക്കാര്‍ എന്നിവരെ എഫ്.ഐ.ആറില്‍ പേരു ചേര്‍ത്തിട്ടുണ്ട്. ഫെബ്രുവരി 13ന് പി.എന്‍.ബി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആദ്യ എഫ്.ഐ.ആറില്‍ നീരവ് മോദി, ഭാര്യ ആമി, സഹോദരന്‍ നിശാല്‍ മോദി, അമ്മാവന്‍ മെഹുല്‍ ചോക്‌സി, രണ്ട് ബാങ്ക് ഉദ്യോഗസ്ഥര്‍ എന്നിവരേയാണ് പ്രതിചേര്‍ത്തിരിക്കുന്നത്.

chandrika: