മറുനാടൻ ഷാജൻ സ്കറിയയെ സംരക്ഷിക്കുമെന്ന നിലപാട് ലീഗിനില്ലെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം മലപ്പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു. മറുനാടൻ മലയാളിയുടെ പല റിപ്പോർട്ടുകളും സമൂഹത്തിൽ സ്പർദ്ധ വളർത്തുന്നതാണെന്നാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം. ജനങ്ങൾക്കിടയിൽ വിദ്വേഷം വളർത്തുന്ന നിലപാടുകൾ ഒരു മാധ്യമത്തിന്റെ ഭാഗത്തു നിന്നും ഉണ്ടാവാൻ പാടില്ല.മറുനാടനെതിരെ നടപടികളുണ്ടാകുമെന്ന് നേരെത്തെ തന്നെ പ്രതീക്ഷിച്ചിരുന്നെങ്കിലും അതുണ്ടായില്ല.അദ്ദേഹത്തെ സംരക്ഷിക്കാൻ മുസ്ലിം ലീഗിന് ബാധ്യതയില്ല.അദ്ദേഹത്തിന്റെ എല്ലാ ഇടപാടുകളും അന്വേഷിക്കണം എന്നത് തന്നെയാണ് മുസ്ലിം ലീഗിന്റെ ആവശ്യമെന്ന് പി.എം.എ സലാം വ്യക്തമാക്കി.അതേസമയം ആ അന്വേഷണത്തിൽ അനീതിയുണ്ടായിട്ടുണ്ടെങ്കിൽ അത് അവസാനിപ്പിച്ച് മുന്നോട്ടുപോകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ ക്രമമായി ആരംഭിക്കും.കേരളത്തിലെ യുഡിഎഫിന്റെ 20 സ്ഥാനാർഥികളെയും വിജയിപ്പിക്കേണ്ട ബാധ്യത മുസ്‌ലിം ലീഗിനുണ്ട്.അതിനനസരിച്ചുള്ള പ്രവർത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് അദ്ദേഹം പറഞ്ഞു.മുസ്‌ലിം ലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ട് എന്നത് എല്ലാവരും അംഗീകരിക്കുന്ന കാര്യമാണ്. അത്തരം കാര്യങ്ങളൊക്കെ ഒരു മുന്നണി സംവിധാനത്തിന്റെ ഭാഗമായുള്ള ചർച്ചകളിൽ തീരുമാനിക്കും.
ഏക സിവിൽ കോഡ് വിഷയത്തിൽ സിപിഎമ്മിന്റെ ഭാഗത്തു നിന്നുള്ള ഔദ്യോഗിക ക്ഷണം ഇന്നലെ ലഭിച്ചിട്ടുണ്ടെന്ന് പി.എം.എ സലാം അറിയിച്ചു.പാർട്ടി നേതൃത്വം ചർച്ച ചെയ്ത് ഈ കാര്യത്തിൽ തീരുമാനമെടുക്കും. മുസ്‌ലിം ലീഗ് എല്ലാവരും അംഗീകരിക്കുന്ന പാർട്ടിയാണ്.എല്ലാ കാര്യങ്ങളും നെഗറ്റിവ് കാഴചപ്പാടോടുകൂടി കാണേണ്ട ആവശ്യമില്ല. ഏക സിവിൽകോഡ് ഏതെങ്കിലും ഒരു വിഭാഗത്തെ മാത്രം ബാധിക്കുന്ന കാര്യമല്ല. രാജ്യത്തിന്റെ മതേതര സ്വഭാവം നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്ന എല്ലാ വിഭാഗം ജനങ്ങളെയും ഇതിനെതിരെയുള്ള കൂട്ടായ്‌മയിൽ പങ്കുചേർക്കണം എന്ന് തന്നെയാണ് മുസ്ലിം ലീഗിന്റെ അഭിപ്രായം.അതൊരു രാഷ്ട്രീയ മുതലെടുപ്പിനുള്ള അവസരമായി ആരും വിനിയോഗിക്കരുത് എന്നാണ് മുസ്‌ലിം ലീഗ് നിലപാട്. ഈ കാര്യങ്ങളെല്ലാം പരിശോധിച്ച ശേഷമാകും മുസ്‌ലിം ലീഗ് ഒരു തീരുമാനമെടുക്കുക എന്നും പി.എം.എ സലാം പറഞ്ഞു.