കോഴിക്കോട്: ഇടതുപക്ഷം ഉമ്മൻ ചാണ്ടിയോട് ചെയ്ത കടുത്ത നെറികേടുകൾക്ക് കേരളം നൽകിയ മധുര പ്രതികാരമാണ് പുതുപ്പള്ളിയിലെ ചാണ്ടി ഉമ്മന്റെ വിജയമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രതികരിച്ചു. സഖാക്കൾക്ക് കൂടി വേണ്ടാത്ത ഈ ഭരണം അവസാനിപ്പിക്കാൻ പിണറായി ഇനിയെന്തിനാണ് താമസിപ്പിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. ഉമ്മൻ ചാണ്ടിയെ പ്രതികാര ബുദ്ധിയോടെ വേട്ടയാടിയവർക്ക് പുതുപ്പള്ളിയിലെ ജനം ബാലറ്റിലൂടെ മറുപടി നൽകിയിരിക്കുന്നു. ഇടത് ഭരണത്തെ ജനം എത്രത്തോളം വെറുക്കുന്നു എന്നാണ് ഈ വിജയം വ്യക്തമാക്കുന്നത്. 53 കൊല്ലം ഉമ്മൻ ചാണ്ടി എന്ത് ചെയ്തുവെന്ന് ചോദിച്ചവർക്ക് ജനം മറുപടി നൽകിയിരിക്കുന്നു. ഉമ്മൻ ചാണ്ടിയെ വേട്ടയാടിയ പോലെ മക്കൾക്കെതിരെയും സഖാക്കൾ ഉറഞ്ഞുതുള്ളി. വ്യക്തി അധിക്ഷേപത്തിലൂടെ രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഇടതുപക്ഷത്തിന്റെ നെറികേടിനെതിരായ വ്യക്തമായ മറുപടിയാണ് പുതുപ്പള്ളി നൽകിയതെന്നും അദ്ദേഹം പറഞ്ഞു.
ഇടത് നെറികേടുകൾക്കെതിരായ മധുര പ്രതികാരം: പി.എം.എ സലാം
Ad

