ആലപ്പുഴയില്‍ മണിക്കൂറുകളുടെ വ്യത്യാസത്തില്‍ രണ്ട് പാര്‍ട്ടികളുടെ നേതാക്കള്‍ കൊലക്കത്തിക്കിരയായ സംഭവം ഏറെ ഞെട്ടിക്കുന്നതാണെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി ഇന്‍ ചാര്‍ജ് പി.എം.എ സലാം പറഞ്ഞു. കേരളത്തിലെ ക്രമസമാധാനനില പാടെ തകരാറിലാണെന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ആലപ്പുഴയിലേത്.
കേരളത്തിലെ ക്രമസമാധാന തകര്‍ച്ചയെ കുറിച്ച് ദിവസങ്ങള്‍ക്ക് മുമ്പാണ് ഹൈക്കോടതി കടുത്ത പരാമര്‍ശം നടത്തിയത്. ക്വെട്ടേഷന്‍ സംഘങ്ങളുടെയും പാര്‍ട്ടി ക്രിമിനലുകളുടേയും വിളനിലമായി കേരളം മാറിയിരിക്കുന്നു. പട്ടാപകല്‍ പോലും നടുറോട്ടില്‍ ക്രിമിനലുകള്‍ വിഹരിക്കുന്നു. മനുഷ്യന്റെ ജീവനും സ്വത്തും സംരക്ഷിക്കാന്‍ ബാദ്ധ്യസ്ഥമായ ഭരണകൂടം നോക്കു കുത്തികളാവുന്നു. ആഭ്യന്തരവകുപ്പിന് നാഥനില്ലാത്ത അവസ്ഥയാണിവിടെ.അദ്ദേഹം പറഞ്ഞു.
രാഷ്ട്രീയ, വര്‍ഗീയ സംഘട്ടനങ്ങളും കൊലപാതകങ്ങളും ആവര്‍ത്തിക്കപ്പെടുമ്പോള്‍ അപലപനീയമെന്ന പ്രസ്താവനയില്‍ മുഖം ഒളിപ്പിക്കാമെന്നത് വ്യാമോഹം മാത്രമാണ്. കേരളത്തിലെ സമാധാനാന്തരീക്ഷം വീണ്ടെടുക്കാന്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരവകുപ്പിനും സാധിക്കുന്നില്ലെങ്കില്‍ ഭരണപരാജയമായി സമ്മതിച്ച് കേരളജനതയോട് മാപ്പു പറയാന്‍ തയ്യാറാകണം. ആക്രമങ്ങള്‍ കൊണ്ടും കൊലപാതങ്ങള്‍ കൊണ്ടും പാര്‍ട്ടി വളര്‍ത്താമെന്ന ചിന്ത സംഘടനകള്‍ ഒഴിവാക്കണം. നാട്ടില്‍ സമാധാനം നിലനിര്‍ത്താന്‍ എല്ലാവരും ബാദ്ധ്യസ്ഥരാണ്. പി.എം.എ സലാം പറഞ്ഞു.