X
    Categories: keralaNews

കേന്ദ്രസർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുന്നു: പി.എം.എ സലാം

കോഴിക്കോട്: രാഹുൽ ഗാന്ധിക്കെതിരായ പ്രതികാര നടപടികളിലൂടെ കേന്ദ്ര സർക്കാർ ജനാധിപത്യത്തെ കശാപ്പ് ചെയ്യുകയാണെന്ന് മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം പ്രസ്താവിച്ചു. കേന്ദ്ര ഏജൻസികളെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി ഉപയോഗിച്ച് പ്രതിപക്ഷ നേതാക്കളെ വേട്ടയാടുന്നതിന് പുറമെയാണ് നിയമ വ്യവസ്ഥയെ കാറ്റിൽപറത്തുന്ന നടപടികളുമായി ഭരണകൂടം മുന്നോട്ട് പോകുന്നത്. കേന്ദ്രം ഭരിക്കുന്ന ബി.ജെ.പി മുന്നണി ഫാസിസത്തിന്റെ സ്വഭാവങ്ങൾ കൃത്യമായി പ്രകടിപ്പിക്കുകയാണ്. രാജ്യം ഇതിന് മുമ്പ് കണ്ടിട്ടില്ലാത്ത അസാധാരണ നടപടിയാണ് ഒരു പ്രതിപക്ഷ രാഷ്ട്രീയ നേതാവിനെതിരെ സർക്കാർ പ്രയോഗിക്കുന്നത്. അഭിപ്രായ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുകയും വിമർശനങ്ങളെ ഭയപ്പെടുകയും ചെയ്യുന്ന ഭരണകൂടം വീണ്ടും വീണ്ടും ജനവിരുദ്ധത തെളിയിക്കുകയാണ്.- അദ്ദേഹം വ്യക്തമാക്കി.
നീതിന്യായ വ്യവസ്ഥയിൽ ജനങ്ങൾക്കുള്ള വിശ്വാസം നിലനിർത്താൻ സർക്കാരിന് ബാധ്യതയുണ്ട്. ലോകത്ത് ഇത്തരം ഫാസിസ്റ്റ് ശക്തികൾക്ക് നേരിടേണ്ടിവന്ന അനുഭവം ഭരണകൂടത്തിന് ഓർമയുണ്ടാകണം. അധികാരം പ്രതിപക്ഷ നിരക്ക് നേരെ നിരന്തരമായി ഉപയോഗപ്പെടുത്തുന്നതിന്റെ ഏറ്റവും ഭീഭത്സമായ മുഖമാണ് ഇപ്പോൾ വ്യക്തമായത്. ജനാധിപത്യത്തിൽ വിശ്വസിക്കുന്ന മുഴുവൻ ജനസമൂഹങ്ങളും ഈ നടപടിയെ എതിർക്കാൻ ഒറ്റക്കെട്ടായി രംഗത്തിറങ്ങണം. മുസ്‌ലിംലീഗ് ഈ ഭരണകൂട ഭീകരതക്കെതിരെ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയാണ്. സമാന മനസ്‌കരായ ജനാധിപത്യ പാർട്ടികൾക്കൊപ്പവും ഒറ്റക്കും മുസ്‌ലിംലീഗ് ഇതിനെതിരെ ശക്തമായി പ്രതികരിക്കും. ജനാധിപത്യവും രാജ്യത്തിന്റെ അന്തസ്സും നിലനിൽക്കണമെന്ന് ആഗ്രഹിക്കുന്നവരെല്ലാം ഈ പ്രതിഷേധത്തിന്റെ ഭാഗമാകണം.- പി.എം.എ സലാം പറഞ്ഞു.

Chandrika Web: