മലബാര്‍ മേഖലയില്‍ അടിയന്തരമായി പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കണമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.എം.എ സലാം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. മലപ്പുറത്ത് മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കുകയായിരുന്നു അദ്ദേഹം. മലബാറിലെ കുട്ടികള്‍ പഠിക്കേണ്ട എന്നാണോ സര്‍ക്കാരിന്റെ തീരുമാനം? കുട്ടികളെ കുത്തിനിറച്ച് എങ്ങനെയാണ് പഠിപ്പിക്കാന്‍ സാധിക്കുക? അറുപതും എഴുപതും കുട്ടികളാണ് ഓരോ ക്ലാസ്സിലുമുള്ളത്. അധ്യാപകര്‍ക്ക് ഈ കുട്ടികളെ എങ്ങനെ ശ്രദ്ധിക്കാന്‍ കഴിയും? അഡ്മിഷന്‍ കിട്ടിയ കുട്ടികള്‍ക്ക് പോലും പഠനം ശരിയായ രീതിയില്‍ നിര്‍വ്വഹിക്കാന്‍ സാധിക്കുന്നില്ല. മലബാറിലെ കുട്ടികള്‍ പഠിക്കേണ്ട എന്ന തീരുമാനം സര്‍ക്കാരിനുണ്ടെങ്കില്‍ അത് തുറന്ന് പറയണം. ഇത് കേരളത്തിന്റെ മൊത്തെ വിദ്യാര്‍ത്ഥികളുടെ പ്രശ്നമായി കണ്ട് ഈ അനീതിക്കെതിരെ പ്രതികരിക്കാന്‍ എല്ലാവരും രംഗത്ത് വരണം.- അദ്ദേഹം പറഞ്ഞു.
വിജയശതമാനം കൂടുന്നത് സര്‍ക്കാര്‍ കാരണമാണെന്ന് പറയുന്നവര്‍ പഠിക്കാനുള്ള അവസരം നിഷേധിക്കുന്നതിനുള്ള ഉത്തരവാദിത്തം ഏല്‍ക്കുന്നില്ല. കെ റെയിലും കെ ഫോണും എ.ഐ ക്യാമറകളുമല്ല, അതിനേക്കാള്‍ പ്രാധാന്യമുള്ള വിഷയമാണിത്. വിദ്യാഭ്യാസമെന്ന മൗലികാവകാശം ഉറപ്പ് വരുത്തുക എന്നത് സര്‍ക്കാരിന്റെ ബാധ്യതയാണ്. എത്രയും പെട്ടെന്ന് ഈ പ്രശ്നം പരിഹരിക്കുക തന്നെ വേണം. – പി.എം.എ സലാം പറഞ്ഞു.