കോഴിക്കോട്: സംസ്ഥാന സർക്കാരിന്റെ പിന്നാക്ക വിഭാഗ വികസന സ്‌കോളർഷിപ്പിൽനിന്ന് മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കിയത് കേരള സർക്കാർ തുടരുന്ന ന്യൂനപക്ഷ വിരുദ്ധ സമീപനങ്ങളുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണെന്നും പദ്ധതി പുനഃക്രമീകരിക്കണമെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ സലാം ആവശ്യപ്പെട്ടു.പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന നടപ്പാക്കുന്ന ‘കെടാവിളക്ക്’ സ്‌കോളർഷിപ്പ് പദ്ധതിയിൽനിന്നാണ് വ്യക്തമായ യാതൊരു വിശദീകരണവുമില്ലാതെ മുസ്‌ലിം, ക്രിസ്ത്യൻ വിഭാഗങ്ങളെ ഒഴിവാക്കിയിരിക്കുന്നത്. ഒന്നു മുതൽ എട്ടുവരെ ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ലഭിക്കേണ്ട ഈ സ്‌കോളർഷിപ്പിലേക്ക് ഇനി ന്യൂനപക്ഷ വിഭാഗങ്ങൾ അപേക്ഷിക്കേണ്ടതില്ലെന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. പിന്നാക്ക വിഭാഗ പട്ടികയിൽ മുസ്‌ലിംകളും ക്രിസ്ത്യൻ വിഭാഗങ്ങളും ഉണ്ടായിരിക്കെ ഈ നടപടി അന്യായമാണ്. സച്ചാർ റിപ്പോർട്ട് പാലോളി കമ്മിറ്റിയാക്കി മുസ്‌ലിം ന്യൂനപക്ഷത്തിന് ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഇല്ലാതാക്കിയ ഇടതുപക്ഷം അതേ മാതൃകയിലാണ് ഈ പദ്ധതിയെയും അട്ടിമറിക്കുന്നത്.- പി.എം.എ സലാം പറഞ്ഞു. എല്ലാ പിന്നാക്ക വിഭാഗങ്ങളെയും ഉപാധികളില്ലാതെ ഈ പദ്ധതിയിൽ ഉൾപ്പെടുത്തി പദ്ധതി പുനഃക്രമീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.