ന്യൂഡല്‍ഹി: കാര്‍ട്ടൂണ്‍ വിവാദത്തില്‍ ഫ്രഞ്ച് പ്രസിഡണ്ട് ഇമ്മാനുവല്‍ മക്രോണുള്ള പിന്തുണ ആവര്‍ത്തിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഭീകരതയ്ക്ക് എതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നില്‍ക്കുന്നതായി പ്രധാനമന്ത്രി വ്യക്തമാക്കി. ട്വിറ്ററിലാണ് മോദിയുടെ പ്രതികരണം.
‘ നീസിലെ ചര്‍ച്ചില്‍ ഇന്നുണ്ടായ ഹീനമായ ആക്രമണം അടക്കം ഫ്രാന്‍സില്‍ ഈയിടെയുണ്ടായ ഭീകരാക്രമണങ്ങളെ ശക്തമായി അപലപിക്കുന്നു. ഇരകളുടെ കുടുംബത്തിനും ഫ്രഞ്ച് ജനതയ്ക്കും ഞങ്ങളുടെ ഹൃദയം നിറഞ്ഞ അനുശോചനം. ഭീകരതയ്‌ക്കെതിരെയുള്ള പോരാട്ടത്തില്‍ ഇന്ത്യ ഫ്രാന്‍സിനൊപ്പം നില്‍ക്കും’ – എന്നാണ് പ്രധാനമന്ത്രിയുടെ ട്വീറ്റ്.
ന്യൂഡല്‍ഹിയിലെ ഫ്രഞ്ച് എംബസിക്കും മുംബൈ, ബംഗളൂരു, കൊല്‍ക്കത്ത, പുതുച്ചേരി എന്നിവിടങ്ങളിലെ ഫ്രഞ്ച് എംബസികള്‍ക്കുമുള്ള സുരക്ഷ വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. ഇന്ത്യയിലുള്ള തങ്ങളുടെ പൗരന്മാര്‍ക്ക് ഫ്രഞ്ച് സര്‍ക്കാര്‍ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ വിദേശകാര്യ സെക്രട്ടറി ഹര്‍ഷ് വര്‍ധന്‍ ശ്രിന്‍ഗാല പാരിസിലെത്തി ഫ്രഞ്ച് പ്രസിഡണ്ടിന്റെ നയതന്ത്ര ഉപദേഷ്ടാവ് ഇമ്മാനുവല്‍ ബോണെയുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്.
അതിനിടെ പ്രവാചക കാര്‍ട്ടൂണുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തിലും ആക്രമണങ്ങള്‍ക്കും പിന്നാലെ, അറബ് രാഷ്ട്രങ്ങളില്‍ ഫ്രാന്‍സ് ഒറ്റപ്പെട്ടിട്ടുണ്ട്. യൂറോപ്യന്‍ യൂണിയന് പുറമേ, കനഡയും ഇന്ത്യയും മാത്രമാണ് ഫ്രാന്‍സിന് പിന്തുണ നല്‍കിയിട്ടുള്ളത്. യുഎസ്, യു.കെ, ഓസ്‌ട്രേലിയ എന്നീ രാഷ്ട്രങ്ങള്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. അതു കൊണ്ടു തന്നെ ന്യൂഡല്‍ഹിയുടെ പ്രതികരണം ‘അര്‍ത്ഥപൂര്‍ണമാണ്’ എന്നാണ് പാരിസ് കരുതുന്നത്.
ക്ലാസ് മുറിയില്‍ പ്രവാചകന്റെ അധിക്ഷേപകരമായ കാര്‍ട്ടൂണ്‍ കാണിച്ച സംഭവത്തില്‍ ഒക്ടോബര്‍ 16ന് സാമുവല്‍ പാറ്റി എന്ന അധ്യാപകന്‍ കൊല്ലപ്പെട്ടിരുന്നു. 18 വയസ്സുള്ള ചെചന്‍ അഭയാര്‍ത്ഥി 47കാരനായ പാറ്റിയുടെ തലയറുക്കുകയായിരുന്നു. വ്യാഴാഴ്ച നീസ് നഗരത്തിലെ നോത്രദാം പള്ളിയിലുണ്ടായ മറ്റൊരാക്രമണത്തില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.
ഭീകരതയ്ക്കു മുമ്പില്‍ രാജ്യം മുട്ടുമടക്കില്ലെന്ന് മക്രോണ്‍ വ്യക്തമാക്കിയിരുന്നു. രാജ്യത്ത് ഭീകരാക്രമണങ്ങള്‍ക്കെതിരെ അടിയന്തര ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്. നാലായിരത്തോളം സൈനികരെയാണ് വിന്യസിച്ചിട്ടുള്ളത്. ആരാധനാലയങ്ങള്‍ക്കും സ്‌കൂളുകള്‍ക്കും സുരക്ഷ വര്‍ധിപ്പിച്ചു.