ഒട്ടാവ: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് വിലക്കിയ മുസ്‌ലിം അഭയാര്‍ത്ഥികളെ സ്വാഗതം ചെയ്ത് കാനഡ. മതങ്ങളുടെ വിവേചനമില്ലാതെ എല്ലാവരെയും രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നതായി കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രുഡോ. ട്വിറ്ററിലൂടെയാണ് ട്രൂഡോ തന്റെ നിലപാട് വ്യക്തമാക്കിയത്. ‘യുദ്ധത്തിലോ അക്രമത്തിലോ തീവ്രവാദത്തിലോ പീഡിപ്പിക്കപ്പെടുന്നവരോട് മതത്തിന്റെ പേരില്‍ വിവേചനം കാണിക്കാന്‍ കാനഡ തയാറല്ല. ഏതു മതവിശ്വാസിയാണെങ്കിലും കനേഡിയന്‍ ജനത നിങ്ങളെ സ്വാഗതം ചെയ്യുന്നു. നാനാത്വമാണ് ഞങ്ങളുടെ കരുത്ത്. ഏവര്‍ക്കും കാനഡയിലേക്ക് സ്വാഗതം’ -ഇങ്ങനെയായിരുന്നു ട്രൂഡോയുടെ ട്വീറ്റ്. 2015ല്‍ ടൊറന്റോയില്‍ സിറിയന്‍ കുട്ടിയെ സ്വാഗതം ചെയ്യുന്ന തന്റെ ചിത്രവും ട്രൂഡോ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.
ട്രൂഡോ പ്രധാനമന്ത്രിയായി അധികാരമേറ്റയുടന്‍ 39000 സിറിയന്‍ അഭയാര്‍ത്ഥികളാണ് രാജ്യത്തെത്തിയതെന്ന് അദ്ദേഹത്തിന്റെ വക്താവ് കെയ്റ്റ് പര്‍ച്ചേയ്‌സ് പറഞ്ഞു. ട്രംപിനുള്ള സന്ദേശമാണ് പ്രധാനമന്ത്രി ട്രൂഡോയുടെ ട്വിറ്റ്. കാനഡയിലേക്കുള്ള എമിഗ്രേഷന്‍ സംവിധാനത്തിന്റെയും അഭയാര്‍ത്ഥി നയത്തിന്റെയും വിജയത്തെക്കുറിച്ച് ട്രൂഡോ അടുത്ത കൂടിക്കാഴ്ചയില്‍ ട്രംപിനെ അറിയിക്കുമെന്നും കെയ്റ്റ് പറഞ്ഞു.
കാനഡയുടെ കയറ്റുമതിയില്‍ 75 ശതമാനം അമേരിക്കയിലേക്കാണെന്നിരിക്കെയാണ് ട്രംപിനെതിരെ കടുത്ത നിലപാടുമായി ട്രൂഡോ രംഗത്തുവന്നത്.
അതേസമയം, ട്രൂഡോയുടെ ട്വിറ്റിന് ശക്തമായ പിന്തുണയാണ് കനേഡിയന്‍ ജനങ്ങള്‍ക്കിടയില്‍ നിന്നു ലഭിച്ചത്. ട്വിറ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം ഒന്നരലക്ഷത്തിലധികം ആളുകള്‍ ലൈക്കു ചെയ്തു.#WelcomeToCanada , #BienvenueAuCanada (വെല്‍കം ടു കാനഡ) എന്ന ഹാഷ് ടാഗും കാനഡയില്‍ ട്രെന്റായി.