ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധത്തിനായി രൂപീകരിച്ച പി.എം കെയേഴ്‌സ് ഫണ്ട് പൊതു പണമല്ലെന്ന വാദവുമായി കേന്ദ്ര സര്‍ക്കാര്‍. അതിനാല്‍ ഫണ്ടിലേക്ക് സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ വിവരാവകാശ പരിധിയില്‍ വരില്ലെന്നും ഡല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ കേന്ദ്രം വ്യക്തമാക്കി.
ട്രസ്റ്റ് സുതാര്യമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കണക്കുകള്‍ കൃത്യമായി ഓഡിറ്റ് ചെയ്യപ്പെടുന്നുണ്ടെന്നും സി.എ.ജി തയ്യാറാക്കിയ പാനലില്‍ നിന്നുള്ള ചാര്‍ട്ടേഡ് അക്കൗണ്ടന്റാണ് ഓഡിറ്റ് ചെയ്യുന്നതെന്നും പി.എം കെയേഴ്‌സ് ഫണ്ടിന്റെ ചുമതല വഹിക്കുന്ന അണ്ടര്‍ സെക്രട്ടറി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.
പി.എം. കെയേഴ്‌സ് ഫണ്ട് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുതാര്യമാക്കാനായി പൊതുസ്ഥാപനമായി പ്രഖ്യാപിക്കണമെന്നുള്ള ഹര്‍ജി പരിഗണിക്കവെയാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇക്കാര്യം വ്യക്തമാക്കിയത്. സുതാര്യത ഉറപ്പുവരുത്താനായി ട്രസിറ്റിന് ലഭിച്ച ഫണ്ടിന്റെ വിശദാംശങ്ങളും ഓഡിറ്റ് റിപ്പോര്‍ട്ടും ഔദ്യോഗിക വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിക്കാറുണ്ട്. ഭരണഘടനയുടെ 12ാം അനുഛേദം പ്രകാരമുള്ള സ്‌റ്റേറ്റ് ആയി ഫണ്ടിനെ നിയന്ത്രിക്കുന്ന പി.എം കെയര്‍ ട്രസ്റ്റിനെ കാണാനാവില്ല. അതിനാല്‍ തന്നെ ഇതിലെ ഫണ്ട് രാഷ്ട്രത്തിന്റെ പൊതുപണമായി കണക്കാക്കാനാവില്ലെന്നും അണ്ടര്‍ സെക്രട്ടറി പ്രദീപ് കുമാര്‍ ശ്രീവാസ്തവ സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ പറയുന്നു.
അതിനാല്‍ വിവരാവകാശ നിയമത്തില്‍ പറയുന്ന പൊതു സ്ഥാപനമായി ഫണ്ടിനെ കാണാനാവില്ല. ഫണ്ടിലേക്ക് സംഭാവന നല്‍കിയവരുടെ വിവരങ്ങള്‍ പൊതുജനങ്ങള്‍ക്ക് വെളിപ്പെടുത്താനുമാവില്ല. തന്നെപ്പോലുള്ള ഉദ്യോഗസ്ഥര്‍ ഓണറേറിയം വ്യവസ്ഥയിലാണ് ഇവിടെ ജോലി ചെയ്യുന്നത്. ഭരണഘടനയുടെയോ സംസ്ഥാന, കേന്ദ്ര നിയമനിര്‍മ്മാണ സഭകളുടെയോ നിര്‍ദേശ പ്രകാരമല്ല ഈ ഫണ്ട് രൂപീകരിച്ചത്.
വ്യക്തികളുടെയോ സംഘടനകളുടെയോ സംഭാവനകള്‍ ഉപയോഗിച്ചാണ് ഫണ്ട് പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് നികുതി ഇളവ് നല്‍കുന്നത് കൊണ്ട് മാത്രം ഫണ്ട് പൊതുഫണ്ടാകില്ലെന്നും സത്യവാങ്മൂലത്തില്‍ വ്യക്തമാക്കി. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.