X

രാജ്യത്തെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് മുക്തമാക്കുന്നതോടൊപ്പം കേരളത്തെ രാഷ്ട്രീയ ഫാഷിസത്തില്‍ നിന്ന് കരകയറ്റണം: പി.എം.സാദിഖലി

നവോത്ഥാനത്തിന്റെയും സാമൂഹ്യ പ്രബുദ്ധതയുടെയും ഫലമായി രാഷ്ട്രീയ പക്വത ആര്‍ജ്ജിച്ച കേരളം ഇന്ത്യയിലാദ്യമായി മുന്നണി രാഷട്രീയത്തെ നെഞ്ചേറ്റിയ സംസ്ഥാനമാണ് കേരളമെന്നും
മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പിഎം സാദിഖലി. ഇതിനോട് തികച്ചും നീതി പുലര്‍ത്തിയാണ് കോണ്‍ഗ്രസ്സ് അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തീകരിച്ചിരിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാനാകുമെന്നും സാദിഖലി ഫെയ്‌സ്ബുക്കില്‍ കുറിച്ചു. ലോക തലത്തില്‍ തന്നെ പക്വതയുടേയും സത്യസന്ധതയുടേയും പ്രതീകമായി എണ്ണപ്പെട്ട രാഹുല്‍ ഗാന്ധി എന്ന ദേശീയ നേതാവ് മുതല്‍, ശശി തരൂരും മുരളീധരനുമടക്കമുള്ള പ്രതിഭകളായ ജനസമ്മതരാണ് കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളായി ജനാധിപത്യത്തെ അഭിസംബോധന ചെയ്യുന്നതെന്നും സാദിഖലി ഫെയ്‌സ് ബുക്കില്‍ കുറിച്ചു.

പി.എം സാദിഖലിയുടെ ഫെയ്‌സ്ബുക്ക് കുറിപ്പ് പൂര്‍ണമായി വായിക്കാം

ഹിന്ദി ഹൃദയ ഭൂമിയില്‍ സംഘ്പരിവാറിനെ എന്ന പോലെ, രാഹുല്‍ ഗാന്ധിയുടെ കേരളത്തിലെ സ്ഥാനാര്‍ത്ഥിത്വം സി പി ഐ എമ്മിനെ ഭയചകിതമാക്കുന്നു. ഷാ, മോദി, യോഗി എന്നിവരുടെ ക്രിമിനല്‍ കോംബോയാണ് ദേശീയ തലത്തില്‍ കോണ്‍ഗ്രസ്സിന്റെ ചടുലമായ നീക്കങ്ങളെയും രാഹുല്‍ ഇഫക്ടിനെയും ഭയത്തോടെ വീക്ഷിക്കുന്നത്. കേരളത്തില്‍ പിണറായി, ജയരാജന്‍, മണിയടക്കമുള്ള സൈക്കൊ ക്രിമിനലുകളും സമാന വഴിയില്‍ തന്നെ.

ദേശീയ രാഷ്ട്രീയത്തെ വര്‍ഗ്ഗീയ ഫാഷിസ്റ്റ് മുക്തമാക്കുന്ന ജനാധിപത്യ പ്രക്രിയക്കൊപ്പം കേരളത്തെ രാഷ്ട്രീയ ഫാഷിസത്തില്‍ നിന്ന് കരകയറ്റുക എന്നതും ഒരു അനിവാര്യതയാണ്. അധികാരം ഏകാധിപത്യ താല്‍പര്യങ്ങള്‍ അടിച്ചേല്പിക്കാനുള്ള ടൂള്‍ ആയി മാറുന്ന ഫാഷിസ്റ്റ് രാഷ്ട്രീയത്തെ തോല്‍പ്പിക്കാനും രാഹുലിന്റെ സാന്നിധ്യം ദക്ഷിണേന്ത്യയില്‍ ഉപകരിക്കും.

ഇന്ത്യയിലാദ്യമായി മുന്നണി രാഷട്രീയത്തെ നെഞ്ചേറ്റിയ കേരളം നവോത്ഥാനത്തിന്റെയും സാമൂഹ്യ പ്രബുദ്ധതയുടെയും ഫലമായി രാഷ്ട്രീയ പക്വത ആര്‍ജ്ജിച്ച സംസ്ഥാനമാണ്. ഇതിനോട് തികച്ചും നീതി പുലര്‍ത്തിയാണ് കോണ്‍ഗ്രസ്സ് അവരുടെ സ്ഥാനാര്‍ത്ഥി നിര്‍ണയം പൂര്‍ത്തീകരിച്ചിരിക്കുന്നത് എന്ന് അഭിമാനത്തോടെ പറയാനാകും. ലോക തലത്തില്‍ തന്നെ പക്വതയുടേയും സത്യസന്ധതയുടേയും പ്രതീകമായി എണ്ണപ്പെട്ട രാഹുല്‍ ഗാന്ധി എന്ന ദേശീയ നേതാവ് മുതല്‍, ശശി തരൂരും മുരളീധരനുമടക്കമുള്ള പ്രതിഭകളായ ജനസമ്മതര്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാനാര്‍ത്ഥികളായി ജനാധിപത്യത്തെ അഭിസംബോധന ചെയ്യുന്നു.

കൊലപാതകികളും, ക്രിമിനലുകളും, ഭൂമാഫിയകളും, കോമാളികളും എന്നു വേണ്ട ഒരു മസാല മൂവിക്ക് പറ്റിയ ഐറ്റം നമ്പറുകള്‍ മറുഭാഗത്ത് എല്‍ ഡി എഫ് ബാനറിലും അണിനിരക്കുന്നു. പി ജയരാജനെന്ന ക്രിമിനല്‍ ഐകൊണിക്കിന്റെ ഒരൊറ്റ സ്ഥാനാര്‍ത്ഥിത്വം കേരളത്തിലെ ഇരുപത് മണ്ഡലങ്ങളിലും സി പി എമ്മിനെ പരാജയത്തിന്റെ പാഠം പഠിപ്പിക്കാനിരിക്കുകയാണ്. അതിന്റെ കൂടെ രാഹുലിന്റെ സാന്നിധ്യം കൂടി ഉറപ്പാകുമ്പോള്‍ എല്‍ ഡി എഫ് ഏത്, ബിജെപി യേത് എന്ന് തിരിച്ചറിയാനാകാത്തവണ്ണം അവര്‍ തമ്മിലുള്ള സ്വരചേര്‍ച്ച പുറത്താവുകയാണ്.

ഫാഷിസ്റ്റ് വിരുദ്ധ മൈതാന പ്രസംഗങ്ങളില്‍ ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ വയനാട്ടിലെ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പിന്‍വലിച്ച് രാഷട്രീയ മാന്യത കാണിക്കുകയാണ് ഇടതുപക്ഷം ഇപ്പോള്‍ ചെയ്യേണ്ടത്. മറിച്ചുളള പ്രിവിലേജ് വാദം വിഷല്പിതമായ സംഘ് പരിവാര്‍ രാഷ്ട്രീയത്തെ സഹായിക്കാന്‍ മാത്രമേ ഉപകരിക്കൂ. സംഘ്പരിവാരം ഫാഷിസ്റ്റ് സ്വഭാവമുള്ളവരല്ല എന്ന് വിലയിരുത്തുന്ന കാരാട്ട് പ്രഭൃതികള്‍ അത് മനസ്സിലാക്കുന്നുവെങ്കിലാണ് അത്ഭുതം.

chandrika: