X

‘ഏറ്റുമുട്ടല്‍’ കൊല: അന്വേഷണം ആവശ്യമില്ലെന്ന നിലപാടില്‍ ദുരൂഹത- പി.എം സാദിഖലി

കോഴിക്കോട് : ഭോപ്പാലില്‍ ജയില്‍ ചാടിയ എട്ടു പേര്‍ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടുവെന്ന് പറയപ്പെടുന്ന സംഭവത്തില്‍ ഒരു അന്വേഷണവും ആവശ്യമില്ലെന്ന ബി.ജെ.പി നിലപാട് ഇക്കാര്യത്തിലുള്ള ദുരൂഹത വര്‍ദ്ധിപ്പിക്കുന്നുവെന്ന് മുസ്‌ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി പറഞ്ഞു. ഭൂരിപക്ഷം രാഷ്ട്രീയ കക്ഷികള്‍ ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നിഷേധ നയമാണ് സ്വീകരിക്കുന്നത്. ഇത് ജനാധിപത്യ സംവിധാനങ്ങള്‍ക്ക്് നിരക്കാത്തതും ധിക്കാരപരവുമാണ്. ഒരു ഫാസിസ്റ്റ് ഭരണകൂടത്തില്‍ നിന്ന് മാത്രമേ ഇത്തരം സമീപനം ഉണ്ടാകുകയുള്ളൂ.

ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെട്ടതിന്റെ പേരില്‍ കോണ്‍ഗ്രസ്സിനെ ഒറ്റതിരിഞ്ഞ് ആക്രമിക്കാനും ഇറ്റലി കോണ്‍ഗ്രസ്സെന്ന് പരിഹസിക്കാനുമാണ് ബി.ജെ.പി വക്താവ് ശ്രമിക്കുന്നത്. ബി.ജെ.പി യുടെ വിലകുറഞ്ഞ രാഷ്ട്രീയ തന്ത്രങ്ങളുടെ ഭാഗമായി മാത്രമേ ഇതിനെ കാണാന്‍ കഴിയൂ. തടവ് ചാടിയവര്‍ നിരായുധര്‍ ആയിരുന്നു എന്നാണ് ദൃക്‌സാക്ഷികള്‍ പറയുന്നത്. ക്ലോസ്സ് റെയ്ഞ്ചില്‍ വെടിവെക്കുന്ന ദൃശ്യവും പുറത്ത് വന്നിട്ടുണ്ട്. പൊലീസുമായുള്ള ശരിയായ ഏറ്റുമുട്ടലാണെങ്കില്‍ പോലും സ്വതന്ത്രമായ അന്വേഷണം നടത്തുക തന്നെ വേണമെന്ന് സമാനമായ കേസുകളില്‍ നേരത്തെ സുപ്രീം കോടതി വിധിയുണ്ട്. വ്യാജ ഏറ്റുമുട്ടലാണ് നടന്നിട്ടുള്ളതെങ്കില്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ കേസായി പരിഗണിച്ച് പൊലീസുകാര്‍ക്ക് വധശിക്ഷ വിധിക്കണമെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തിയിട്ടുണ്ട്.

35 അടി ഉയരമുള്ള മതില്‍ ചാടി ഇത്രയും പേര്‍ രക്ഷപ്പെട്ടതിലും തടവ്പുള്ളികളുടെ കൈയ്യില്‍ ആയുധം എങ്ങനെയെത്തിയെന്നതിനെ കുറിച്ചുമൊക്കെ ശരിയായ അന്വേഷണം നടത്തി നിജസ്ഥിതി പുറത്ത് വരേണ്ടതുണ്ട്. ജനങ്ങളുടെ വിശ്വാസം തിരിച്ച് പിടിക്കാന്‍ ഇത് അനിവാര്യമാണ്. വിചാരണ തടവുകാര്‍ ജുഡീഷ്യറിയുടെ കസ്റ്റഡിയിലിരിക്കുന്നവരാണ്. ഇവരുടെ സംരക്ഷണം കോടതിയുടെ ബാധ്യതയാണ്. ഭരണകൂട ഭീകരതകള്‍ക്കെതിരെ ജനാധിപത്യ ഇന്ത്യ നിശബ്ദമായികൂട. നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കൈമെയ് മറന്ന് എല്ലാ ജനാധിപത്യ കക്ഷികളും ഒരുമിച്ച് മുന്നേറേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. അല്ലെങ്കില്‍ ജനാധിപത്യ ഇന്ത്യയുടെ മരണമാണ് സംഭവിക്കുകയെന്ന് സാദിഖലി കൂട്ടിച്ചേര്‍ത്തു.

chandrika: