X

‘ഒപ്പം പട്ടിണി കിടക്കുന്നയാളെ കാണാതിരിക്കാന്‍ മാത്രം ഹൈദരലി തങ്ങളുടെ മനുഷ്യത്വം മരവിച്ചിട്ടില്ല’: പി.എം സാദിഖലിയുടെ മറുപടി

കോഴിക്കോട്: കേരള ലോ അക്കാദമി സമരപ്പന്തലില്‍ എത്തിയ മുസ്‌ലിം ലീഗ് അദ്ധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ നിരാഹാരമിരിക്കുന്ന ബി.ജെ.പി നേതാവ് വി.വി രാജേഷിനെ സന്ദര്‍ശിച്ചത് വിവാദമാക്കുന്നവര്‍ക്ക് ശക്തമായ മറുപടിയുമായി മുസ്‌ലിം യൂത്ത് ലിഗ് മുന്‍ സംസ്ഥാന പ്രസിഡന്റ് പി.എം സാദിഖലി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സാദിഖലി വിമര്‍ശകര്‍ക്ക് മറുപടി നല്‍കുന്നത്.

‘അക്കാദമിക്ക് മുമ്പില്‍ മുഴത്തിന് മുഴം കെട്ടി ഉയര്‍ത്തിയ സമര പന്തലുകളില്‍ സന്ദര്‍ശിക്കുമ്പോള്‍ ഒപ്പം പട്ടിണി കിടക്കുന്നയാളെ കാണാതിരിക്കാന്‍ മാത്രം മനുഷ്യത്വം മരവിച്ച ആളല്ല ഹൈദരലി ശിഹാബ് തങ്ങള്‍. മറിച്ച് മാനുഷികതയുടെ നിറകുടമാണത്. ഹൈദരലി തങ്ങള്‍ ചെയ്തത് ഒരു സാമാന്യ മര്യാദ മാത്രമാണ്’ സാദിഖലി പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം:

ഫാസിസ്റ്റ് ഭരണകൂടം അഹമ്മദ് സാഹിബിനോട് കാട്ടിയ ക്രൂരതയില്‍ പ്രതിഷേധമുയര്‍ത്താന്‍ പാര്‍ലമെന്റിലെ പാര്‍ട്ടി പ്രതിനിധികളോട് ആവശ്യപ്പെട്ടിട്ടും രാജ്ഭവന് മുമ്പില്‍ യൂത്ത് ലീഗിനോട് സമരം ചെയ്യാന്‍ നിര്‍ദ്ദേശിച്ചിട്ടുമാണ് തലസ്ഥാന നഗരിയില്‍ യു.ഡി.എഫ് സമര പ്രഖ്യാപന കണ്‍വെന്‍ഷന് എത്തിയ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ ലോ അക്കാദമിക്ക് മുമ്പില്‍ സത്യഗ്രഹമനുഷ്ഠിക്കുന്ന കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരനെ കാണാന്‍ പോയത്.

അക്കാദമിക്ക് മുമ്പില്‍ മുഴത്തിന് മുഴം കെട്ടി ഉയര്‍ത്തിയ സമര പന്തലുകളില്‍ സന്ദര്‍ശിക്കുമ്പോള്‍ ഒപ്പം പട്ടിണി കിടക്കുന്നയാളെ കാണാതിരിക്കാന്‍ മാത്രം മനുഷ്യത്വം മരവിച്ച ആളല്ല ഹൈദരലി ശിഹാബ് തങ്ങള്‍. മറിച്ച് മാനുഷികതയുടെ നിറകുടമാണത്. ഹൈദരലി തങ്ങള്‍ ചെയ്തത് ഒരു സാമാന്യ മര്യാദ മാത്രമാണ്.

കൊടപ്പനക്കല്‍ തറവാടിന്റെ ഈ മന്ദസ്മിതത്തിലും ഹൃദയ വിശുദ്ധിയിലുമാണ് ഒരു ജനസഞ്ചയം അഭിമാന ജീവിതത്തിലേക്കുള്ള കനല്‍പഥങ്ങള്‍ താണ്ടിയത്. ജനാധിപത്യത്തിലും മതേതരത്വത്തിലും അടിയുറച്ച് വിശ്വസിച്ച് ഈ ജന സാമാന്യത്തിന്റെ പാതയില്‍ പാണക്കാട് കൂടുംബം എക്കാലവും ഒരു വഴിവിളക്കായി.

ഒരു നിമിഷത്തെ മാത്രം നിശ്ചല ദൃശ്യം മുന്‍നിറുത്തിയാണ് ഒരു സംഘടനയെ നിശബ്ദമാക്കുന്നതിനും ഒരു മഹാനായ നേതാവിന്റെ ശുഭ്ര വസ്ത്രത്തില്‍ ചെളിവാരിയെറിയുന്നതിനും ഒരു വ്യാഴവട്ടത്തേക്കുള്ള ആയുധം കിട്ടിയ ആഹ്ലാദത്തില്‍ കൊതിക്കെറുവുമായി ഒരു കൂട്ടമാളുകള്‍ ആക്രോശിച്ച് കൊണ്ടിരിക്കുന്നത്. ഒരു കൈകൊടുക്കല്‍ കൊണ്ട് ബി.ജെ.പിയുമായി അവിശുദ്ധ രാഷ്ട്രീയ ബന്ധത്തിന് ഹൈദരലി തങ്ങള്‍ മുതിരുന്നുവെന്ന് വിശ്വസിക്കാന്‍ മാത്രം പടു വിഡ്ഢികളാണോ കേരള ജനത? അത്തരം ചര്‍ച്ചകള്‍ ഉയര്‍ത്തുമ്പോള്‍ മുസ്ലിം ജന സാമാന്യം വൈകാരിക വിക്ഷോഭങ്ങളില്‍ മതിമറന്ന് ലീഗിനെ മൂലക്കിരുത്തുമെന്നാണോ ഇവര്‍ വിചാരിക്കുന്നത് ?

ശിലാന്യാസം നടന്നത് തര്‍ക്കസ്ഥലത്താണോ അല്ലയോ എന്ന വിവാദമുയര്‍ത്തി കോണ്‍ഗ്രസ്സിനൊപ്പം മത്സരിച്ച മുസ്ലിം ലീഗ് സ്ഥാനാര്‍ത്ഥി ഇബ്രാഹിം സുലൈമാന്‍ സേട്ടു സാഹിബിനെ തോല്‍പിക്കാന്‍ അന്ന് കച്ചകെട്ടിയിറങ്ങിയവര്‍ ഇന്ന് വരെയും ഒരു പാഠവും പഠിച്ചില്ലായെന്നതില്‍ അതിശയോക്തിക്ക് വകയില്ല. കാരണം അതിന്റെ ജനുസ്സ് അങ്ങിനെ തന്നെയാണ്. വര്‍ഗീയതയുടെ പേരില്‍ മതേതരത്വത്തെ തോല്‍പിച്ച് തോല്‍പിച്ച് വ്യക്തമായ ഭൂരിപക്ഷത്തോടെ ഫാസിസ്റ്റുകള്‍ രാജ്യം ഭരിക്കുന്നിടം വരെയെത്തിയത് അറിയാത്ത ഭാവമാണ് ഇവര്‍ക്ക് പലപ്പോഴും. ഇന്ന് ജീവിക്കാനുള്ള അവകാശം വരെ ചോദ്യം ചെയ്യപ്പെടുന്നിടം വരെയെത്തി കാര്യങ്ങള്‍…

അങ്ങിനെ ലീഗ് വിരോധം കൊണ്ട് കോണ്‍ഗ്രസ്സിനെ ഈ പരുവത്തിലാക്കിയവര്‍ മതേതര ഭാരതത്തെ തിരിച്ച് പിടിക്കാന്‍ എന്ത് ഉപായമാണാവോ മുന്നോട്ട് വെക്കുന്നത്?
ഹൈദരലി തങ്ങള്‍ രാജേഷിന് കൈകൊടുക്കുന്നതും ബി.ജെ.പി നേതാവ് കെ. സുരേന്ദ്രന്‍ കോണ്‍ഗ്രസ്സ് നേതാവ് കെ. മുരളീധരന് കൈ കൊടുക്കുന്നതും ഒരേ കോളത്തില്‍

പ്രസിദ്ധീകരിക്കുന്ന മാധ്യമം പത്രം ഫിത്നയല്ലാതെ എന്ത് വാര്‍ത്താ വിനിമയമാണ് ഉദ്ദേശിക്കുന്നത്?
ഈ വാര്‍ത്തയുടെ മതേതര സാംഗത്യം എന്താണ്? പത്രത്തിന്റെ ദുര്‍ബുദ്ധി ഒരളവ് ഫലം കാണുകയും ചെയ്തു. പിന്നീട് സോഷ്യല്‍ മീഡിയയില്‍ പടപടാ പ്രളയങ്ങള്‍….
ഫാസിസത്തെ എതിര്‍ത്ത് തോല്‍പിക്കുക തന്നെ ചെയ്യുമെന്ന് സോഷ്യല്‍ മീഡിയയില്‍ ലീഗിന് നൂറ്റൊന്നാവര്‍ത്തി സത്യവാചകം ചൊല്ലേണ്ട കാര്യമില്ല. മുസ്ലിം ലീഗിന് അത് പ്രവര്‍ത്തിച്ച് കാണിക്കാനുള്ളതാണ്.  ഈ കുന്നായ്മകളില്‍ ഒലിച്ച് പോകുന്നതല്ല കൂട്ടരെ മുസ്ലിം ലീഗിന്റെ ഫാസിസ്റ്റ് വിരുദ്ധ നിലപാടുകള്‍ !

chandrika: