പി.എം സാദിഖലി
ആദിത്യ യോഗിയോടാണ്…
ഹേ കപട സന്യാസീ..,
ഇത് വൈറസല്ല ;
നല്ല ഒന്നാന്തരം ആന്റി വൈറസാണ്.
കാവിക്കുള്ളില്‍ അരിച്ചു കയറി രാജ്യത്തെ കാര്‍ന്ന് തിന്ന് മുച്ചൂടും നശിപ്പിച്ചു കൊണ്ടിരിക്കുന്ന വര്‍ഗീയ വൈറസുകളെ തുരത്തിയോടിക്കാനുള്ള സൂപ്പര്‍ ഡ്യൂപ്പര്‍ ആന്റി വൈറസ്.
മുസ്ലിംകള്‍ തന്നെ രാജ്യത്തിന്റെ കാന്‍സറാണെന്ന ശാപവാക്കുകള്‍ പതിവായി കേട്ടാണ് പതിതരായ ഒരു ജനതയുടെ അന്തസ്സാര്‍ന്ന ജീവിത ഭാഗധേയം കഴിഞ്ഞ ഏഴ് പതിറ്റാണ്ടോളം ജനാധിപത്യ ഇന്ത്യയില്‍ ഈ പച്ച പതാക കൊണ്ട് രാജ്യ നന്മക്കായി മുസ്ലിം ലീഗ് എഴുതിച്ചേര്‍ത്തത്.
രാഷ്ട്രീയ പരിജ്ഞാനം ലവലേശം തൊട്ട് തീണ്ടിയിട്ടില്ലെങ്കിലും വര്‍ഗീയ തിമിരം മൂടിയ കണ്ണുകള്‍ ഒരു നിമിഷം തുറന്ന് വെച്ചാല്‍ കനവുകള്‍ ചാലിച്ച് കനല്‍പഥങ്ങള്‍ താണ്ടിയ ഒരു ജനപഥം ജീവിതം കൊണ്ട് തീര്‍ത്ത ഹരിതവര്‍ണ്ണ കഥകളുടെ ഗ്രന്ഥത്താളുകള്‍ ഇവിടെ, ഈ കൊച്ചു കേരളത്തില്‍ ഓരോന്ന് ഓരോന്ന് മനോഹരമായി അടുക്കി വെച്ചിരിക്കുന്നത് താങ്കള്‍ക്ക് കാണാനാകും.
ബഹുസ്വര സമൂഹത്തിലെ സര്‍വ്വരും നെഞ്ചേറ്റിയ ഈ പച്ച പതാകയുടെ മഹത്വം അപ്പോള്‍ അനുഭവിച്ചറിയാനാകും.
അവകൂടി ചേര്‍ന്നതാണ് ജനാധിപത്യ മതേതര ഇന്ത്യയുടെ ചരിത്രമെന്ന് അപ്പോള്‍ താങ്കള്‍ക്ക് മനസ്സിലാകും.
അതിന്,
പൊട്ടക്കിണറ്റിലെ അഴുകിയ താമരയിതളുകള്‍ക്കിടയില്‍ മാത്രം മുങ്ങി നിവരുന്ന ഈ കൂപമണ്ഡൂകങ്ങള്‍ക്കെന്ത് ചരിത്രബോധം.
അനന്ത കോടി കോശങ്ങളില്‍ ഒന്നിന്റെ മാത്രം സ്വാര്‍ത്ഥതയാണ് മനുഷ്യ ശരീരത്തില്‍ ആകമാനം അര്‍ബുദം പടര്‍ത്തുന്നത്. രാജ്യത്തെ അര്‍ബുദ രോഗിയാക്കിയ ആ വൈറസ് എതെന്ന് എല്ലാവരും തിരിച്ചറിഞ്ഞു കഴിഞ്ഞു. അതിനുള്ള ഫലപ്രദമായ മറുമരുന്നും തയ്യാര്‍.
നാടിന്റെ വൈവിധ്യവും സംസ്‌കാരങ്ങളും സ്വത്വവും സ്വാത്രന്ത്ര്യവും അനുഭവിക്കുമ്പോഴാണ് രാജ്യത്തിന്റെ ആരോഗ്യം വീണ്ടെടുക്കാന്‍ കഴിയുകയെന്ന കോണ്‍ഗ്രസ്സ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ആ തിരിച്ചറിവ് തന്നെയാണ് ഇപ്പോള്‍ പ്രധാനം.
ഇന്ത്യയുടെ വൈവിധ്യമാണ് രാഹുലിന്റെ പിന്നില്‍ അണിനിരന്നിട്ടുള്ളത്.
രാജ്യത്തെ ഫാസിസ്റ്റ് ചിന്താഗതിക്കാര്‍ മോദിക്ക് പിന്നിലും.
എന്ത് വേണമെന്ന് ഈ രാജ്യം തീരുമാനിക്കും.
നമ്മുടെ രാജ്യം തിരിച്ചു വരും.
തിരിച്ചു വന്നേ മതിയാകൂ.