പി.എം സാദിഖലി
രാഹുൽ ഗാന്ധി ഇന്ത്യൻ ജനതക്ക് നൽകുന്ന അതുല്യമായ വാഗ്ദാനമാണ് ദാരിദ്ര്യ രേഖയുടെ 20 ശതമാനമുള്ള അഞ്ച് കോടി കുടുംബങ്ങൾക്ക് (25 കോടി ജനങ്ങൾക്ക്) പ്രതിവർഷം 72,000 രൂപ ഉറപ്പാക്കുന്ന #ന്യായ് പദ്ധതി.
മാസം 6,000 രൂപ ഒരു കുടുംബത്തിന് ഇതുവഴി ലഭിക്കും. കുടുംബത്തിലെ സ്ത്രീകളുടെ അക്കൗണ്ടിലാണ് പണം നിക്ഷേപിക്കുക.
ഈ പദ്ധതിക്കായി വേണ്ടുന്ന 3.6 ലക്ഷം കോടി, അഥവാ നമ്മുടെ ആഭ്യന്തര വരുമാനത്തിന്റെ 1.9 ശതമാനം എവിടെ നിന്ന് കണ്ടെത്തുമെന്ന മോദിയുടെ ചോദ്യത്തിന് രാഹുൽ പറഞ്ഞ മറുപടി അംബാനിയെ പോലുള്ള ഇന്ത്യയിലെ കുത്തക മുതലാളിമാരിൽ നിന്നും അവ നികുതിയായി പിടിച്ചെടുക്കും എന്നാണ്. ഒരു രൂപ പോലും ഇതിനായി പൊതു ജനങ്ങളിൽ നിന്ന് എടുക്കില്ല. ഇത്തരത്തിൽ സമൂഹത്തിലെ അടിസ്ഥാന വരുമാനത്തിന്റെ വർദ്ധനവ് എത്രമേൽ വലിയ ഉണർവ്വായിരിക്കും ഉല്പന്ന വിപണിക്ക് നൽകുക. അതുണ്ടാക്കുന്ന തൊഴിൽ സാധ്യതകളടക്കം.
മോദി ഫെഡ് കാലത്തെ മാധ്യമങ്ങൾ തമസ്കരിച്ച ഈ മഹത്തായ പ്രഖ്യാപനത്തെക്കാൾ വലിയ സോഷ്യലിസ്റ്റ് വിപ്ലവം, സാമ്പത്തിക വിപ്ലവം, കമ്മ്യൂണിസ്റ്റ് വിപ്ലവം, സ്ത്രീ ശാക്തീകരണം മറ്റെന്തുണ്ട് സഖാക്കളെ?
കമ്യൂണിസം ഒരു ഭൗതിക വിപ്ലവ ആശയമാണ്. സ്ത്രീ ശാക്തീകരണം തന്നെയാണ് ശബരിമല വിഷയത്തിൽ നിങ്ങൾ കമ്യൂണിസ്റ്റുകാർ അടിസ്ഥാന ആശയമായി പറഞ്ഞത്.
സ്ത്രീകളുടെ തൊഴിൽപരവും സാമ്പത്തികവുമായ എന്ത് അഭിവൃദ്ധിയാണ് ശബരിമല ദർശനത്തിന് സ്ത്രീ തുല്യതാ വാദം ഉയർത്തിപ്പിടിക്കുമ്പോൾ നിങ്ങൾ ലക്ഷ്യമാക്കിയത്? നിങ്ങൾ അവിശ്വാസികളുടെ സംഘത്തിന് ശബരിമല കാര്യത്തിൽ വർഗ്ഗീയമായ വിഭജനമല്ലാതെ മറ്റെന്ത് ലക്ഷ്യമാണുണ്ടായിരുന്നത്?
രാഹുലിൻ്റെ സ്ത്രീ ശാക്തീകരണ പദ്ധതിയിൽ യഥാർത്ഥ കമ്യൂണിസ്റ്റുകൾക്ക് തീർച്ചയായും മാതൃകയുണ്ട്.
ഇവിടെ മോദിയാനന്തര ഇന്ത്യയെ റീ ബിൽഡ് ചെയ്തെടുക്കാനുള്ള നയങ്ങളിലും നിലപാടുകളിലും ആരാണ് യഥാർത്ഥ സോഷ്യലിസം ഉയർത്തിപ്പിടിക്കുന്നത്..കോൺഗ്രസ്സാണോ കമ്മ്യൂണിസ്റ്റ് പാർട്ടികളാണോ?
കർഷകർ ആത്മഹത്യ ചെയ്യുമ്പോൾ അവരുടെ വീടുകളിൽ പോയി അവർക്കൊപ്പം ദിനരാത്രങ്ങൾ ചെലവഴിക്കുന്നതാരാണ്?
മത്സ്യ തൊഴിലാളി കുടിലുകളിൽ ചെന്ന് കപ്പയും മീനും കഴിച്ച് അവരുടെ പ്രശ്നങ്ങൾ ഹൃദയത്തിലേറ്റു വാങ്ങുന്നതാര്?
രാജ്യം ശ്രദ്ധിക്കുന്ന തൊഴിൽ സമരങ്ങൾക്ക് നേതൃത്വം നൽകുന്നതാര്?
കർഷക പ്രക്ഷോഭങ്ങൾ സംഘടിപ്പിക്കുന്നുതാര്?
മഹാരാഷ്ട്രയിൽ അവിടുത്തെ കർഷകർ നടത്തിയ സമരത്തിന്റെ മുന്നിലേക്ക് ചുവന്ന കൊടിയും പിടിച്ച് പ്രഹസനമുണ്ടാക്കിയതൊഴികെ, രാജ്യം ശ്രദ്ധിക്കുന്ന ഒരു കർഷക മാർച്ചിന് നേതൃത്വപരമായ പങ്ക് വഹിക്കാൻ മോദി ഇന്ത്യയിൽ മാർക്സിസ്റ്റ്, കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ഇക്കാലയളവിൽ സാധിച്ചിട്ടുണ്ടോ?
അമ്പത് ലക്ഷം തൊഴിലുകൾ നോട്ട് നിരോധനവും ജി എസ് ടി യും വഴി രാജ്യത്ത് നഷ്ടമാവുകയും ഫാക്ടറികളിൽ തൊഴിലെടുക്കുന്നവരുടെ തൊഴിലുകൾ ഏറ്റവും കൂടുതൽ അന്യാധീനപ്പെട്ടു പോവുകയും ചെയ്ത കഴിഞ്ഞ 5 വർഷങ്ങളിൽ അതിന്റെ പേരിൽ ഒരു തൊഴിൽ സമരം പോലും സംഘടിപ്പിക്കാൻ എന്തുകൊണ്ടാണ് രാജ്യത്തെ തൊഴിലാളി വർഗ്ഗ പാർട്ടിക്ക് സാധിക്കാതെ പോയത്?
ഇനി രാഹുൽ ഗാന്ധി മുന്നോട്ട് വെക്കുന്ന പ്രധാനപ്പെട്ട ഒന്ന് രണ്ട് പദ്ധതികൾ കൂടി ശ്രദ്ധിക്കാം.
കർഷകർക്ക് മാത്രമായി ബജറ്റവതരണം: വർഷാരംഭത്തിൽ തങ്ങളുടെ ഉൽപ്പന്നത്തിന്റെ താങ്ങുവിലയും ന്യായവിലയുമടക്കം ഉൾകൊള്ളിച്ചുള്ള ബജറ്റ്. വരവ് ചെലവുകൾ മുൻകൂട്ടി കാണാനും തങ്ങളുടെ കാർഷികോല്പന്നം ലാഭത്തിലാക്കാനുമുള്ള ഓഡിറ്റിംഗ് സൗകര്യം കർഷകർക്ക് ലഭ്യമാകുന്നു.
നവസംരഭകത്വം: പുതിയ സംരംഭകർക്ക് വ്യവസായം ആരംഭിക്കുന്നതിനായി മൂന്ന് വർഷം യാതൊരു അനുമതിയും ആവശ്യമില്ല. മൂന്ന് വർഷം കൊണ്ട് സംരംഭം വിജയകരമായി മുന്നോട്ട് പോകുന്നുവെങ്കിൽ മാത്രം മറ്റ് ഗവൺമെന്റ് സംബന്ധമായ എൻ ഒ സി എടുത്താൽ മതി.
ന്യായ് പദ്ധതി നടപ്പിലാകുമ്പോൾ രാജ്യമെങ്ങും ലക്ഷക്കണക്കിന് തൊഴിലവസരങ്ങൾ.
ജന്മിമാരും ഭൂപ്രഭുക്കളും കുത്തകകളും വർഗ്ഗ ശത്രുവാണെന്ന് പ്രഖ്യാപിച്ച് തലയറുക്കുന്ന കമ്യൂണിസ്റ്റ് ആശയത്തിന് ജനാധിപത്യത്തിൻ്റെ മറയിട്ട് കമ്യൂണിസ്റ്റ് മുതലാളിത്തം നടപ്പാക്കിയ നാളിത് വരേയും പതിവ് വിപ്ലവ വായാടി മുദ്രാവാക്യങ്ങൾ വാതോരാതെ വിളമ്പിയ സി പി എമ്മുകാരാ…. ഒന്ന് മാറ്റി പിടിക്കൂ!
കോൺഗ്രസ്സിൻ്റെ നവ ലിബറൽ നയങ്ങൾ, ഉദാരവൽക്കരണം, ആഗോളവൽക്കരണം, പെറ്റി ബൂർഷ്വകൾ, കുത്തക മുതലാളി വർഗ്ഗം…. മണ്ണാങ്കട്ട!!
മിണ്ടരുത് ഇനി !!!
തൊണ്ട പൊട്ടുമാറ് ഉച്ചത്തിൽ വിളിച്ച മുദ്രാവാക്യങ്ങളോട് അല്പമെങ്കിലും ആത്മാർത്ഥതയുണ്ടെങ്കിൽ,
രാജ്യത്തോട് തരിമ്പെങ്കിലും ത്യാഗ മന:സ്ഥിതിയുണ്ടെങ്കിൽ,
നിൽക്കുന്ന ഇടത്തെ കുറിച്ച് സ്വയം ബോധ്യം സ്വല്പമെങ്കിലുമുണ്ടെങ്കിൽ എല്ലാ ദുരഭിമാനവും മാറ്റി വെച്ച് വരിക… സോഷ്യലിസ്റ്റ്, സെക്കുലർ, ഡെമോക്രാറ്റിക് ഇന്ത്യയുടെ രാജകുമാരനായി മാറിയ രാഹുലിനൊപ്പം ഈ തെരഞ്ഞെടുപ്പിലെ അവശേഷിക്കുന്ന മണിക്കൂറുകളിലെങ്കിലും നിൽക്കുന്നതിന് രാഷ്ട്രീയ സത്യസന്ധത കാണിക്കുക.
നിങ്ങൾക്ക് നിലനിർത്തേണ്ട ദേശീയ പദവിയേക്കാൾ നിങ്ങൾക്കും ഞങ്ങൾക്കും രാജ്യവും രാജ്യത്തിൻ്റെ ഭരണഘടനയും വ്യവസ്ഥിതിയും തന്നെയാണ് ഇപ്പോൾ പ്രധാനം.
രാജ്യത്തിൻ്റെ ജനാധിപത്യവും മേതേതരത്വവും ഊർദ്ധശ്വാസം വലിക്കുമ്പോൾ ജീവവായു നൽകി അതിനെ വീണ്ടെടുത്തിട്ട് അടുത്ത തെരഞ്ഞെടുപ്പിൽ തീർക്കാം നമുക്ക് പിന്നെയും പോർമുഖം….