X

‘അതിന്റെ ഉത്തരം കിട്ടിയപ്പോഴാണ് കോടിയേരിക്ക് മുട്ട് വിറച്ചത്’; കോടിയേരിക്ക് പി.എം സാദിഖലിയുടെ മറുപടി

കോഴിക്കോട്: ശബരിമല സ്ത്രീ പ്രവേശന വിഷയത്തില്‍ വിവാദ പരാമര്‍ശം നടത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പി.എം സാദിഖലിയുടെ മറുപടി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.

പി.എം സാദിഖലിയുടെ ഫേസ്ബുക്ക് പോസ്റ്റ്:

അതാണ്.
അങ്ങിനെ വേണം.
ഇപ്പോഴാണ് സഖാവ് കോടിയേരി ബാലകൃഷ്ണന്‍ നല്ല ഉശിരന്‍ കമ്യൂണിസ്റ്റായത്.
സബാഷ് കോടിയേരി….

ശബരിമലയില്‍ യുവതികള്‍ക്ക് പ്രവേശനം വേണം, എല്ലാ പള്ളികളിലും സ്ത്രീകളെ പ്രവേശിപ്പിക്കണം.
ഇത്യാദി വിശ്വാസി സമൂഹങ്ങളുടെ പൊതു പ്രശ്‌നങ്ങള്‍ ഉയര്‍ന്ന് വരുമ്പോള്‍ ഒരു കമ്യൂണിസ്റ്റുകാരന്‍ തങ്ങളുടെ നിലപാട് പറഞ്ഞാലല്ലെ വിശ്വാസികളും അവിശ്വാസികളും തമ്മിലുള്ള വേര്‍തിരിവ് മാലോകര്‍ക്ക് തിരിയൂ.

വിശ്വാസ കാര്യങ്ങളില്‍ അവിശ്വാസികള്‍ അഭിപ്രായം പറയേണ്ട എന്നു പറഞ്ഞതിന്റെ പേരില്‍ അവിശ്വാസികളുടെ കാര്യത്തില്‍ വിശ്വാസികളും പറയണ്ട എന്നാണെങ്കില്‍ ലാല്‍ സലാം സഖാക്കളെ… ലാല്‍സലാം.
അങ്ങിനെ അഭിപ്രായ സ്വാതന്ത്ര്യം വകവച്ചു നല്‍കല്‍ പണ്ടേ കമ്യൂണിസ്റ്റ് ഡിക്ഷ്ണറിയിലില്ലല്ലോ. പലപ്പോഴും അതൊരു വണ്‍വേ ട്രാഫിക് പരിപാടിയാണല്ലൊ.

കമ്യൂണിസ്റ്റ് നിരീശ്വരവാദ സിദ്ധാന്തം എപ്പോഴും കൂടെ കൂട്ടണം.
അതാണ് യഥാര്‍ത്ഥ കമ്യൂണിസ്റ്റ് മൗലികവാദം.
മതമൗലികവാദികള്‍ എന്ന് മറ്റുള്ളവരെ ആക്ഷേപിക്കാന്‍ എളുപ്പമാണ്. എന്നാല്‍ ഒരു കമ്യൂണിസ്റ്റ് മൗലികവാദിയാകാന്‍ ഇച്ചിരി പ്രയാസമാണ്. അതിന് കുറച്ചൊക്കെ ആദര്‍ശ ശുദ്ധി വേണം. അങ്ങിനെയും കുറച്ചു കമ്യൂണിസ്റ്റുകാര്‍ ഇന്നാട്ടില്‍ ജീവിച്ചിരുന്നു. ജീവിക്കുന്നുണ്ട് ഇപ്പോഴും.

എന്നാല്‍ കൊടിയേരി പിണറായി പാര്‍ട്ടി അങ്ങിനെയല്ല. തരാതരം ആണ് എപ്പോഴും.
ശരിഅത്ത്, മുത്തലാഖ്, ഏക സിവില്‍ കോഡ്, ഫറൂഖ് കോളേജിലെ ലിംഗസമത്വം, വത്തക്ക പ്രയോഗം, താത്ത കുട്ടികളുടെ ഫ്‌ലാഷ് മോബ് തുടങ്ങി ചുംബന സമരം വരെയേ ഈ ആദര്‍ശ പോരാട്ടത്തിന്റെ ഉശിര് ചെന്നെത്തിയിട്ടുള്ളൂ.

വാല് പുലിയുടേത് പിടിച്ചത് ഇപ്പോഴാണ്. പുലിപ്പുറമേറിയ ശ്രീ ശബരിമല ധര്‍മ്മശാസ്താവിന്റെ സാക്ഷാല്‍ പുലിവാല്.
യുവതികളെ കൂടി അയ്യപ്പന്റെ അടുത്തെത്തിക്കാന്‍ ഇറങ്ങി പുറപ്പെട്ട് അങ്ങട്ടുമിങ്ങട്ടുമില്ലാത്ത ഗതിമുട്ട്.
കരകയറാന്‍ പതിനെട്ടടവും പയറ്റുന്നുണ്ട് സഖാക്കള്‍. അടിയാനെയും കുടിയാനെയും അഭിമാനിയാക്കിയതിന്റേയും അധകൃതനെ ക്ഷേത്രത്തില്‍ കയറ്റിയതിന്റെയും വീരേതിഹാസ കഥകള്‍ എമ്പാടും എഴുന്നള്ളിക്കുന്നുണ്ട്.
പക്ഷെ, ശബരിമലക്കാര്യത്തില്‍ അവരൊക്കെ എവിടെ നില്‍ക്കുന്നുവെന്നന്വേഷിച്ചിട്ടുണ്ടോ?

അതിന്റെ ഉത്തരം കിട്ടിയപ്പോഴാണ് കോടിയേരിക്ക് മുട്ട് വിറച്ചത്.
കാല്‍ചുവട്ടിലെ മണ്ണ് നോക്കിയത്.
അപ്പം പിന്നെ പതിവ് കൂറ്റ് തുടരുക തന്നെ.
ഏല്ലാ പള്ളികളിലും പെണ്ണുങ്ങള്‍ കയറട്ടെ.
കൊള്ളാം.
ബലേ ഭേഷ്.

ആദര്‍ശ പോരാട്ടം തുടരട്ടെ!
രാജ്യത്തെ ബഹുഭൂരിപക്ഷം മതവിശ്വാസികളെയും പരിഗണിക്കാത്തതിന്റെയും അവരുടെ അടിസ്ഥാന ചോദനകളെ നിഷേധിച്ചതിന്റെയും പേരില്‍ കമ്യൂണിസ്റ്റ് ആദര്‍ശ പാര്‍ട്ടി നാളിത് വരെയായി ഒരു മൂലക്കായി എന്നത് ഇനിയും കാര്യമാക്കേണ്ടെന്നേ..!

chandrika: