അഹമ്മദാബാദ്: കോണ്‍ഗ്രസ് ദേശിയ പ്രസിഡന്റായി രാഹുല്‍ ഗാന്ധിയെ തെരഞ്ഞെടുക്കാനിരിക്കെ രൂക്ഷ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസിന് ഔറംഗസേബ് രാജാവ് എന്നായിരുന്നു പ്രധാനമന്ത്രിയുടെ പരിഹാസം.
കോണ്‍ഗ്രസ് അധ്യക്ഷനായി രാഹുലിന്റെ കിരീടധാരണമാണ് നടക്കുന്നതെന്നും മോദി പരിഹസിച്ചു. ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചാരണാര്‍ത്ഥം വല്‍സദിലില്‍ നടന്ന ബി.ജെ.പി റാലിയില്‍ സംസാരിക്കവേയാണ് രാഹുലിന്റെ സ്ഥാനാരോഹണത്തെ നരേന്ദ്രമോദി കളിയാക്കിയത്.
ഗുജറാത്തില്‍ രാഹുല്‍ ഗാന്ധി നടത്തുന്ന തെരഞ്ഞെടുപ്പ് പ്രചാരണവും കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള രാഹുലിന്റെ വരവും ബിജെപിയെ ചൊടിപ്പിച്ചിരിക്കുകയാണ്. തെരഞ്ഞെടുപ്പ് പ്രചാരണവേദികളില്‍ രാഹുലിനെതിരെയും നെഹ്‌റു ഗാന്ധി കുടുംബത്തിനെതിരേയും രൂക്ഷ പരിഹാസമാണിപ്പോള്‍ നരേന്ദ്രമോദിയും ബിജെപിയും നടത്തുന്നത്.
അതേസമയം മോദി മറുപടിയുമായി കോണ്‍ഗ്രസും രംഗത്തെത്തി. സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് ഒലിച്ചുപോകുന്നതുകൊണ്ടാണ് മോദി ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നതെന്ന് മുന്‍കേന്ദ്രമന്ത്രി കുമാരി ഷെല്‍ജ പറഞ്ഞു. പൂര്‍ണമായും ജനാധിപത്യപരമായാണ് അധ്യക്ഷ സ്ഥാനത്തേയ്ക്ക് തെരഞ്ഞെടുപ്പ് നടക്കുന്നതെന്ന് മണി ശങ്കര്‍ അയ്യര്‍ പറഞ്ഞു.
ഗുജറാത്ത് പ്രചാരണത്തിനായി രാഹുല്‍ മൃദുഹിന്ദുത്വം പയറ്റുന്നുവെന്ന വിമര്‍ശനങ്ങള്‍ക്കിടെയാണ് മുഗള്‍ഭരണവുമായുള്ള മോദിയുടെ താരതമ്യം.
‘മുഗള്‍ ഭരണകാലത്ത് ഷാജഹാനുശേഷം മകന്‍ ഔറംഗസേബ് വന്നതുപോലെയാണ് രാഹുല്‍ ഗാന്ധി കോണ്‍ഗ്രസ് അധ്യക്ഷനാകുന്നതെന്നായിരുന്നു മോദിയുടെ പരിഹാസം.