ന്യൂഡല്‍ഹി: കഠ്‌വ, ഉന്നാവ വിഷയങ്ങളില്‍ രാജ്യത്താതെ പ്രതിഷേധം അലയടിച്ചിട്ടും സംഭവത്തില്‍ പ്രതികരിക്കാന്‍ വൈകിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ആവോളം പരിഹസിച്ച് മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്.
തനിക്കെതിരായ മോദിയുടെ പതിവ് പരിഹാസം വാക്യ കൊണ്ട് തിരിച്ചുകുത്തിയായിരുന്നും ഡോ സിങിന്റെ രൂക്ഷ വിമര്‍ശനം.
വായ് തുറക്കാത്ത പ്രധാനമന്ത്രിയായിരുന്നു താനെന്ന് വിമര്‍ശിച്ച മോദി വല്ലപ്പോഴെങ്കിലും വായ തുറക്കണമെന്നായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ വിമര്‍ശനം. ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലാണ് ഡോ മന്‍മോഹന്‍ സിങ് പ്രധാനമന്ത്രി നരേന്ദ്രമോദിയെ കുറ്റപ്പെടുത്തിയത്.
പ്രധാനമന്ത്രിയായിരിക്കവെ തനിക്കെതിരെയുള്ള മോദിയുയര്‍ത്തിയ വിമര്‍ശനം മാധ്യമങ്ങളില്‍ കണ്ടിരുന്നു. സംസാരിക്കാത്ത പ്രധാനമന്ത്രിയാണ് ഞാനെന്നും പ്രധാനമന്ത്രി വാതുറക്കണെന്നുമായിരുന്നല്ലോ എനിക്കെതിരായ മോദിയുടെ അന്നത്തെ വിമര്‍ശനം. എന്നാല്‍ എനിക്ക് തന്ന ആ ഉപദേശം മോദി തന്നെ ഓര്‍ക്കണമെന്നാണ് ഇപ്പോള്‍ പറയാനുള്ളത്. പ്രധാനമന്ത്രി വല്ലപ്പോഴുമെങ്കിലും സംസാരിക്കണം, ഡോ മന്‍മോഹന്‍ സിങ് പറഞ്ഞു.
ഇത്തരത്തില്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന സാഹചര്യങ്ങളില്‍ പ്രധാനമന്ത്രിയെ പോലെയുള്ളവര്‍ പ്രതികരിക്കാന്‍ വൈകിയാല്‍ കുറ്റവാളികള്‍ അത് മുതലെടുക്കും. എന്ത് കുറ്റം ചെയ്താലും ആര്‍ക്കും ഒരു പ്രശ്‌നവുമില്ലെന്ന് അവര്‍ കരുതും. അധികാരത്തിലുള്ളവര്‍ വിഷയങ്ങളില്‍ യഥാസമയം ഇടപെട്ട് ആളുകളില്‍ വ്യക്തമായ സന്ദേശം എത്തിക്കണമെന്നും മന്‍മോഹന്‍ സിംഗ് പറഞ്ഞു. അതേസമയം വിമര്‍ശനങ്ങള്‍ക്കൊടുവില്‍ കഠ്‌വ, ഉന്നോവ വിഷയങ്ങളില്‍ മോദി അപലപിച്ചതില്‍ സന്തോഷമുണ്ടെന്നും മന്‍മോഹന്‍ സിങ് പറഞ്ഞു.
പാര്‍ലമെന്റ് ശരിയായ രീതിയില്‍ പ്രവര്‍ത്തിക്കുന്നു എന്ന് ഉറപ്പ് വരുത്തേണ്ടത് സര്‍ക്കാരിന്റെ ചുമതലയാണെന്നും അദ്ദേഹം ഒരു ചോദ്യത്തിന് മറപുടിയായി പറഞ്ഞു. 2012 ലെ നിര്‍ഭയ സംഭവത്തിന് ശേഷം യുപിഎ സര്‍ക്കാര്‍ നിയമ ഭേദഗതി വരുത്തി ശക്തമായ നടപടിയെടുത്തിരുന്ന കാര്യവും അദ്ദേഹം ചൂണ്ടിക്കാട്ടി.
കഠുവ സംഭവം ജമ്മുകശ്മീര്‍ മുഖ്യമന്ത്രി മെഹബൂബ മുഫ്തി അല്‍പം കൂടി ഗൗരവമായി കൈകാര്യം ചെയ്യണമായിരുന്നു ആദ്യം തന്നെ കാര്യങ്ങളുടെ നിയന്ത്രണം അവര്‍ ഏറ്റെടുക്കുകയും ശക്തമായ നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമായിരുന്നു. എന്നാല്‍ രണ്ട് ബി.ജെ.പി മന്ത്രിമാര്‍ സംഭവത്തില്‍ ഉള്‍പ്പെട്ടിരുന്നതിനാല്‍ ബി.ജെ.പിയില്‍ നിന്ന് അവര്‍ക്ക് സമ്മര്‍ദ്ദമുണ്ടായിരിക്കാമെന്നും മന്‍മോഹന്‍ സിങ് ആരോപിച്ചു.
ഇന്ത്യയുടെ പെണ്‍മക്കള്‍ക്ക് നീതി ലഭിക്കും എന്ന് കഴിഞ്ഞയാഴ്ച്ചയാണ് മോദി പറഞ്ഞത്. മന്‍മോഹന്‍ സിംഗ് മിണ്ടാതിരുന്നപ്പോള്‍ ‘മൗന്‍ മോഹന്‍ സിംഗ്’ എന്ന് വിളിച്ച് പരിഹസിക്കാറുണ്ടായിരുന്ന ബിജെപിയുടെ നടപടിയെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. ‘ഇത്തരം വാക്കുകള്‍ കേട്ടാണ് ഇത്ര കാലവും ജീവിച്ചത്’ എന്നായിരുന്നു മുന്‍ പ്രധാനമന്ത്രിയുടെ പ്രതികരണം.