X
    Categories: indiaNews

നോട്ടുനിരോധനം രാജ്യത്തിന്റെ പുരോഗതിക്ക് കാരണമായി; അവകാശവാദവുമായി മോദി

ന്യൂഡല്‍ഹി: നോട്ടുനിരോധനം രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥയെ ശുദ്ധീകരിച്ച് ദേശീയ പുരോഗതിക്ക് കാരണമായെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. നോട്ടുനിരോധനത്തിന്റെ നാലാം വാര്‍ഷികത്തിലാണ് മോദിയുടെ അവകാശവാദം. ഓപറേഷന്‍ ക്ലീന്‍ മണി എന്നാണ് മോദി ഇതിനെ വിശേഷിപ്പിച്ചത്.

‘കള്ളപ്പണം കുറയ്ക്കാനും നികുതി ഒടുക്കാനും നോട്ടുനിരോധനം സഹായിച്ചിട്ടുണ്ട്. അത് സമ്പദ് വ്യവസ്ഥയെ ഔപചാരികമാക്കുകയും സുതാര്യമാക്കുകയും ചെയ്തു. ഈ ഗുണഫലങ്ങള്‍ വലിയ രീതിയില്‍ രാഷ്ട്രപുരോഗതിക്ക് കാരണമായി’ – എന്നാണ് അദ്ദേഹം പറഞ്ഞത്.

2016 നവംബര്‍ എട്ടിന് രാത്രിയാണ് മുന്നൊരുക്കങ്ങളൊന്നുമില്ലാതെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ നിരോധിക്കുന്നതായി മോദി പ്രഖ്യാപിച്ചിരുന്നത്. നോട്ടുകള്‍ മാറ്റാനായി ബാങ്കുകള്‍ക്ക് മുമ്പില്‍ വരി നിന്ന നൂറിലേറെ പേരാണ് മരണത്തിന് കീഴടങ്ങിയിരുന്നത്. അമ്പദ് ദിവസത്തിന് അകം കാര്യങ്ങള്‍ മെച്ചപ്പെടുമെന്നും അല്ലെങ്കില്‍ ഏതു ശിക്ഷയും ഏറ്റുവാങ്ങാന്‍ തയ്യാറാണ് എന്നും മോദി പ്രഖ്യാപിച്ചിരുന്നു.

എന്നാല്‍ 2016 മുതല്‍ രാജ്യത്തിന്റെ സമ്പദ് വ്യവസ്ഥ ക്രമാനുഗതമായി താഴോട്ടു പോകുന്ന കാഴ്ചയാണ് ഉണ്ടായത്. ലോകബാങ്കിന്റെ കണക്കു പ്രകാരം 2016 ലെ 8.22 ശതമാനത്തില്‍ നിന്ന് 2019ല്‍ 5.02 ശതമാനമായി രാജ്യത്തിന്റെ ജിഡിപി വളര്‍ച്ച താഴോട്ടു പോയി.

കള്ളപ്പണവും കള്ളനോട്ടുകളും ഇല്ലാതാക്കാനാണ് നോട്ട് നിരോധനം പ്രഖ്യാപിച്ചത് എന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍ ആര്‍ബിഐയു കണക്ക് പ്രകാരം അസാധുവാക്കിയ 99.030 ശതമാനം നോട്ടുകളും ബാങ്കിങ് സംവിധാനത്തിലേക്ക് തിരിച്ചെത്തി. ഈ കണക്കുകള്‍ സര്‍ക്കാറിനെ വെട്ടിലാക്കിയിരുന്നു.

Test User: