ന്യൂഡല്‍ഹി: വിവേക് ഒബ്രോയി പ്രധാനമന്ത്രി നരേന്ദ്ര മോദിയായെത്തുന്ന ചിത്രം തിയേറ്ററുകളില്‍ വീണ്ടുമെത്തുന്നു. ഒരു വട്ടം റിലീസ് ചെയ്ത മോദിയുടെ ബയോപിക് ചിത്രം തിയേറ്റര്‍ തുറക്കുന്നതോടെയാണ് വീണ്ടുമെത്തുക. ഒക്ടോബര്‍ 15നാണ് ചിത്രം വീണ്ടും തിയേറ്ററുകളിലെത്തിക്കുന്നത്. കോവിഡ് കാരണം അടച്ചിട്ട തിയേറ്ററുകള്‍ തുറക്കുന്നതോടെ ആദ്യമെത്തുന്ന ചിത്രമായി ഇത് മാറും.
നരേന്ദ്ര മോദിയുടെ ആദ്യകാല ജീവിതം മുതല്‍ പ്രധാനമന്ത്രി പദം വരെയുള്ള പ്രമേയമാണ് ചിത്രം. 2019 മെയ് 24നായിരുന്നു ആദ്യം റിലീസ് ചെയ്തത്. ആദ്യം റിലീസ് ചെയ്തപ്പോള്‍ വിവാദമായ ചിത്രം രാഷ്ട്രീയ അജണ്ടകള്‍ക്ക് ഇരയായി പലരും കണ്ടില്ലെന്ന് നിര്‍മാതാവ് സാന്ദിപ് സിങ് പറഞ്ഞു. ചിത്രം ഇത്തവണയെങ്കിലും മികച്ച പ്രതികരണം നേടുമെന്ന് അദ്ദേഹം പ്രതീക്ഷിക്കുന്നു. അതേസമയം ഇത്തവണ കൂടുതല്‍ നിരക്ക് ഈടാക്കുന്നുമുണ്ട്.
തിയേറ്ററുകള്‍ തുറക്കുമ്പോള്‍ തന്നെ ഏറ്റവും പ്രചോദനാത്മകമായ നേതാവിന്റെ കഥ കാണുന്നതിനേക്കാള്‍ മികച്ച മറ്റെന്തുണ്ടെന്നും സംവിധായകന്‍ ചോദിച്ചു.
ഒക്ടോബര്‍ 15നാണ് രാജ്യത്ത് തിയേറ്ററുകള്‍ വീണ്ടും തുറക്കുന്നത്. കോവിഡ് കാരണം കഴിഞ്ഞ ഏഴുമാസം അടഞ്ഞു കിടക്കുകയായിരുന്നു. കേന്ദ്ര വാര്‍ത്താ വിതരണ മന്ത്രാലയത്തിന്റെ പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചാണ് തിയേറ്ററുകള്‍ തുറന്നു പ്രവര്‍ത്തിക്കുക. ചൊവ്വാഴ്ചയാണ് ഇതു സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.