X
    Categories: indiaNews

‘രണ്ടിലും കൂടി നൂറു തികയില്ല’; രാഷ്ട്രത്തലവന് ചേരാത്ത വിധം കോണ്‍ഗ്രസിനെ പരിഹസിച്ച് മോദി

പട്‌ന: ബിഹാറിലെ തെരഞ്ഞെടുപ്പ് റാലിയില്‍ കോണ്‍ഗ്രസിനെ രൂക്ഷമായി കടന്നാക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇരുസഭകളിലും കൂടി കോണ്‍ഗ്രസിന് നൂറു തികയില്ലെന്നാണ് ജനാധിപത്യ രാഷ്ട്രത്തിലെ തലവന് ചേരാത്ത വിധം മോദി പ്രസ്താവന നടത്തിയത്.

‘ഇന്ന് കോണ്‍ഗ്രസിന് രാജ്യസഭയിലും ലോക്‌സഭയിലും കൂടി നൂറു എംപിമാര്‍ പോലും ഇല്ലാത്ത സ്ഥിതിയാണ്. കോണ്‍ഗ്രസ് നൂറിന് താഴേക്കു ചുരുങ്ങി’ – ഫോബ്‌സ്ഗഞ്ചിലെ ബിജെപി റാലിയില്‍ സംസാരിക്കവെ പ്രധാനമന്ത്രി പറഞ്ഞു.

തിങ്കളാഴ്ച ഒമ്പത് പേര്‍ കൂടി രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടതോടെ എന്‍ഡിഎയുടെ ഉപരിസഭാ അംഗബലം നൂറില്‍ക്കൂടുതലായി. നിലവില്‍ എന്‍ഡിഎയ്ക്ക് 104 അംഗങ്ങളാണ് ഉള്ളത്. 121 ആണ് 242 അംഗ സഭയിലെ ഭൂരിപക്ഷം.

അതേസമയം, ഇതുവരെ ഉപരിസഭയില്‍ മേല്‍ക്കൈയുണ്ടായിരുന്ന കോണ്‍ഗ്രസ് ചരിത്രത്തിലെ ഏറ്റവും ചെറിയ അംഗബലത്തിലേക്ക് ചുരുങ്ങി. 38 പേരാണ് ഇപ്പോള്‍ ഉപരിസഭയില്‍ കോണ്‍ഗ്രസിനുള്ളത്. ഇരുസഭകളിലുമായി കോണ്‍ഗ്രസിന് 89 അംഗങ്ങളാണ് ഉള്ളത്.

ഉത്തര്‍പ്രദേശിലെ 10 ഉം ഉത്തരാഖണ്ഡിലെ ഒന്നുമായി 11 രാജ്യസഭാ സീറ്റുകളിലേക്കുള്ള തിരഞ്ഞെടുപ്പില്‍ ഒമ്പത് സീറ്റുകളിലേക്കാണ് ബിജെപി സ്ഥാനാര്‍ഥികള്‍ തിരഞ്ഞെടുക്കപ്പെട്ടത്. ഇതോടെ രാജ്യസഭയില്‍ ബിജെപിയുടെ അംഗ സഖ്യ 92 ആയി. എന്‍ഡിഎ ഘടകകക്ഷികളായ ജെഡിയുവിന് അഞ്ച് അംഗങ്ങളും. ആര്‍പിഐ, അസം ഗണ പരിഷത്, മിസോറാം നാഷണല്‍ ഫ്രണ്ട്, എന്‍പിപി, എന്‍ഡിഎഫ്, പി.എം.കെ, ബിപിഎഫ് എന്നീ പാര്‍ട്ടികള്‍ക്ക് ഓരോ രാജ്യസഭാ അംഗങ്ങളുമുണ്ട്.

ഒമ്പത് എംപിമാാര്‍ വീതമുള്ള എ.ഐ.എ.ഡി.എം.കെ, ബിജു ജനതാദള്‍, ഏഴ് എംപിമാരുള്ള ടി.ആര്‍.എസ്, ആറ് എംപിമാരുള്ള വൈ.എസ്.ആര്‍ കോണ്‍ഗ്രസ് എന്നിവരുടെ പിന്തുണ വിവിധ ഘട്ടങ്ങളില്‍ സര്‍ക്കാറിന് ലഭിക്കാറുണ്ട്. അതു കൊണ്ടു തന്നെ രാജ്യസഭ ബിജെപി സര്‍ക്കാറിനു മുമ്പില്‍ ഒരു കടമ്പയാകില്ല.

Test User: