X

ബിജെപിയുടെ അടവുതന്ത്രം ഫലിച്ചു; മോദി-കരുണാനിധി കൂടിക്കാഴ്ചക്കു പിന്നാലെ ഡിഎംകെ നോട്ട് നിരോധന വിരുദ്ധ പ്രക്ഷോഭം റദ്ദാക്കി

ചെന്നൈ: തമിഴ്‌നാട് രാഷ്ട്രീയത്തില്‍ പുതിയ അടവുതന്ത്രം പയറ്റി ബിജെപി കേന്ദ്ര നേതൃത്വം. ഡിഎംകെയെയും കൂട്ടുപിടിച്ച് തമിഴകത്ത് ചുവടുറപ്പിക്കാനാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ബിജെപി കരുക്കള്‍ നീക്കുന്നത്. ഇതിനു മുന്നോടിയായി രോഗശയ്യയിലായ ഡി.എം.കെ നേതാവ് കരുണാനിധിയെ ഇന്നലെ മോദി സന്ദര്‍ശിച്ചിരുന്നു. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തോടനുബന്ധിച്ച് ഡി.എം.കെ നടത്താനിരുന്ന നോട്ട് നിരോധന വിരുദ്ധ പ്രക്ഷോഭം റദ്ദാക്കിയത് സംസ്ഥാനത്തെ പുതിയ രാഷ്ട്രീയ സഖ്യ സാധ്യതയാണ് തെളിയിക്കുന്നത്. തമിഴ്‌നാട്ടിലെ മഴ കാരണമാണ് പ്രക്ഷോഭം റദ്ദാക്കുന്നതെന്നാണ് ഡി.എം.കെ നേതൃത്വം നല്‍കിയ വിശദീകരണം. എന്നാല്‍ ദേശീയതലത്തില്‍ നടത്താനിരുന്ന പ്രക്ഷോഭം തമിഴ്‌നാട്ടിലെ മഴ കാരണം മാത്രം നിര്‍ത്തില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തല്‍. മുഖ്യമന്ത്രിയും അണ്ണാഡിഎംകെ നേതാവുമായ ജയലളിതയുടെ മരണത്തോടെ സംസ്ഥാനത്ത് രൂപപ്പെട്ട രാഷ്ട്രീയ സാഹചര്യം മുതലെടുക്കാനുള്ള നീക്കത്തിന്റെ ഭാഗമായി ഈ കൂടിക്കാഴ്ചയെ വിലയിരുത്താമെന്ന് നേരത്തെ രാഷ്ട്രീയ നിരീക്ഷകര്‍ അഭിപ്രായപ്പെട്ടിരുന്നു.

അതേസമയം പുതിയ നീക്കം ബിജെപിയുടെ രാഷ്ട്രീയ സമീപനത്തിലെ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തുന്നവരുണ്ട്. മറ്റു ചിലരാവട്ടെ ഡി.എം.കെ അണികള്‍ക്ക് കരുണാനിധിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയെ മോദിയുടെ സന്ദര്‍ശനത്തിലൂടെ രാഷ്ട്രീയമായി ഉപയോഗിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്ന് ആക്ഷേപിക്കുന്നു. 2019ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റു നേടണമെങ്കില്‍ ബിജെപിക്ക് തമിഴ്‌നാട് നിര്‍ണായകമാണ്.

chandrika: