X
    Categories: MoreViews

ടെലിവിഷനില്‍ പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രി എന്തുകൊണ്ട്‌ പാര്‍ലമെന്റില്‍ എത്തുന്നില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: നോട്ട് അസാധുവാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടിക്കെതിരായ പ്രതിപക്ഷ ബഹളത്തില്‍ ഇന്നും പാര്‍ലമെന്റിന്റെ ഇരുസഭകളും സ്തംഭിച്ചു. സഭയില്‍ പ്രധാനമന്ത്രിയുടെ സാന്നിധ്യം ആവശ്യപ്പെട്ടായിരുന്നു ബഹളം.
500, 1000 രൂപ നോട്ടുകള്‍ റദ്ദാക്കിയതു സംബന്ധിച്ച ചര്‍ച്ചകള്‍ നടത്തുന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദി പാര്‍ലമെന്റിലെത്തണമെന്ന് എംപിമാര്‍ ആവശ്യപ്പെട്ടു.

എന്നാല്‍ ധനകാര്യമന്ത്രിയെ സഭയിലേക്കു വിളിച്ചുവരുത്താം, പക്ഷേ പ്രധാനമന്ത്രിയെ വിളിച്ചുവരുത്താന്‍ തനിക്ക് സാധിക്കില്ലെന്ന് രാജ്യസഭ ഡപ്യൂട്ടി സ്പീക്കര്‍ പി.ജെ.കുര്യന്‍ വ്യക്തമാക്കി. നോട്ട് വിഷയത്തില്‍ ചര്‍ച്ചക്ക് സര്‍ക്കാര്‍ തയാറാണെന്ന് പാര്‍ലമെന്ററികാര്യ സഹമന്ത്രി മുക്താര്‍ അബ്ബാസ് നഖ്വി അറിയിച്ചു.

പ്രതിപക്ഷ എംപിമാര്‍ പാര്‍ലമെന്റ് കവാടത്തിനു മുന്നില്‍ നാളെ കുത്തിയിരിപ്പുസമരം നടത്തും. കേരളത്തിലെ എംപിമാരുടെ നേതൃത്വത്തില്‍ പാര്‍ലമെന്റിനു പുറത്ത് സഹകരണമേഖലയ്ക്കുണ്ടായ പ്രതിസന്ധിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചു.

അതേസമയം, പ്രധാന മന്ത്രിക്കെതിരെ കടുത്ത ആരോപണവുമായി കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും രംഗത്തെത്തി. ടിവിയില്‍ പോപ്പ് സംഗീത പരിപാടികളിലും പ്രത്യക്ഷപ്പെടുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ട്‌ പാര്‍ലമെന്റില്‍ സംസാരിക്കാന്‍ എത്തുന്നില്ലെന്നായിരുന്നു കോണ്‍ഗ്രസ് ഉപാധ്യാക്ഷന്റെ ചോദ്യം. നോട്ട് അസാധുവാക്കലിനെതിരെ പാര്‍ലമെന്റിന്റെ പുറത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ടെലിവിഷനിലും പോപ്പ് സംഗീതമേളകളിലും അദ്ദേഹത്തിനു സംസാരിക്കാം. എന്നാല്‍ പാര്‍ലമെന്റില്‍ എത്തുന്നില്ലെന്ന് രാഹുല്‍ ഗാന്ധി ആരോപിച്ചു.

chandrika: