ന്യൂഡല്‍ഹി: അനൗപചാരിക ഉച്ചകോടിയ്ക്കായി ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പുലര്‍ച്ചെ റഷ്യയിലേക്ക് പുറപ്പെട്ടു. റഷ്യന്‍ നഗരമായ സോച്ചിയിലാണ് ഇന്ത്യാ-റഷ്യാ ഉച്ചകോടി നടക്കുന്നത്. അന്താരാഷ്ട്ര തീവ്രവാദം, ഇറാന്‍ ആണവകരാര്‍ തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ നരേന്ദ്രമോദിയും റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമര്‍ പുടിനും തമ്മില്‍ ചര്‍ച്ച ചെയ്യും.
അധികാരത്തിലേറിയ ശേഷം ഇത് നാലാം തവണയാണ് മോദി റഷ്യ സന്ദര്‍ശിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഏറ്റവും പ്രധാനപ്പെട്ടതും സുപ്രധാനവുമായ ചര്‍ച്ചകളാണ് ഉച്ചകോടിയില്‍ നടക്കുകയെന്ന് റഷ്യയിലെ ഇന്ത്യന്‍ അംബാസിഡര്‍ പങ്കജ് ശരണ്‍ പറഞ്ഞു. ‘പുടിന്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയെ രാജ്യത്തേക്ക് ക്ഷണിക്കുകയായിരുന്നു. ഇരുരാജ്യങ്ങളുടെയും വിദേശ നയങ്ങള്‍, അന്താരാഷ്ട്രസാമ്പത്തിക രംഗത്ത് ഊന്നല്‍ നല്‍കികൊണ്ടുള്ള പദ്ധതികള്‍ എന്നിവ ചര്‍ച്ചയാകും, പങ്കജ് ശരണ്‍ പറഞ്ഞു.
അതേസമയം ഈ വര്‍ഷം തന്നെ വിവിധ മീറ്റുകളിലായി ഇരു നേതാക്കള്‍ക്കും നാലോ അഞ്ചോ കൂടിക്കാഴ്ചയ്ക്കള്‍ക്ക് സാധ്യത നിലനില്‍ക്കെയാണ് മോദിയുടെ റഷ്യയിലേക്ക് ചെന്നുള്ള സന്ദര്‍ശനം. എസ്സിഒ ഉച്ചകോടി, ബ്രിക്‌സ് ഉച്ചകോടി, ജി-20 ഉച്ചകോടി, ഇന്ത്യ-റഷ്യ വാര്‍ഷിക മീറ്റ് തുടങ്ങി പ്രാദേശിക, അന്തര്‍ദേശീയ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യാനായി മോദിയും പുടിലിനും അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഈ സമ്മേളനങ്ങളില്‍ ഇരു നേതാക്കള്‍ക്കുമായി അനുവദിച്ച സമയം വളരെ ലഘുവായിരിക്കും.
പുടിന്‍ നാലാം തവണയും അധികാരത്തിലേറിയ ശേഷം മോദി ആദ്യമായാണ് സന്ദര്‍ശിക്കുന്നത്.