ന്യൂഡല്‍ഹി: അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ പിന്‍വലിച്ച ദുരിതം രാജ്യത്തെ പ്രതിസന്ധിയിലാഴ്ത്തുന്നതിനിടെ കേന്ദ്രസര്‍ക്കാര്‍ നടപടിയെ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും രംഗത്ത്. ട്വിറ്ററിലൂടെയാണ് പ്രധാനമന്ത്രി വീണ്ടും നോട്ടുനിരോധനത്തെ ന്യായീകരിച്ചത്. അഴിമതിക്കും ഭീകരവാദത്തിനും കള്ളപ്പണത്തിനുമെതിരായ യജ്ഞത്തില്‍ പൂര്‍ണ ഹൃദയത്തോടെ പങ്കുകൊള്ളുന്ന ഇന്ത്യന്‍ ജനതയെ താന്‍ നമിക്കുകയാണെന്ന് മോദി ട്വിറ്ററില്‍ കുറിച്ചു. നിലവിലുള്ള ബുദ്ധിമുട്ട് അധികം വൈകാതെ ഗുണമാകുമെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ വ്യവസ്ഥയുടെ പ്രധാനഘടകമായ കര്‍ഷകര്‍ക്കും വ്യാപാരികള്‍ക്കും തൊഴിലാളികള്‍ക്കും സര്‍ക്കാര്‍ നടപടിയുടെ ഗുണം പൂര്‍ണമായും ലഭിക്കും. ആദ്യഘട്ടത്തില്‍ ജനങ്ങള്‍ക്ക് അല്‍പം പ്രയാസം നേരിടുമെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ പരിശോധിച്ചാല്‍ അനുകൂലമായി മാറുമെന്നും പ്രധാനമന്ത്രി പറഞ്ഞു.