ന്യൂഡല്‍ഹി: നോട്ടു നിരോധനത്തിലൂടെ ഭീകരവാദവും അധോലോകവും മയക്കുമരുന്നു മാഫിയയും ഒരുപോലെ തകര്‍ന്നെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. വര്‍ഷങ്ങളായി സാധാരണ ജനങ്ങളുടെ സമ്പത്ത് ഒരുകൂട്ടം സമ്പന്നര്‍ ഊറ്റിക്കൊണ്ടിരിക്കുകയായിരുന്നു. അതാണ് താന്‍ തടഞ്ഞത്. ആയിരം, അഞ്ഞൂറ് രൂപ നോട്ടുകള്‍ മാറിയെടുക്കുന്നതിന് ചിലര്‍ വഴിവിട്ട മാര്‍ഗങ്ങള്‍ തേടി. അവരിപ്പോള്‍ പിടിയിലായിക്കൊണ്ടിരിക്കുകയാണ്. അഴിമതിക്കും കള്ളപ്പണത്തിനുമെതിരായ പോരാട്ടം തുടരുമെന്നും മോദി പറഞ്ഞു.
ഉത്തരാഖണ്ഡില്‍ കേന്ദ്ര സര്‍ക്കാര്‍ സഹായത്തോടെ നിര്‍മിക്കുന്ന 12,000 കോടി രൂപയുടെ റോഡ് നിര്‍മാണ പദ്ധതിക്ക് തുടക്കം കുറിച്ച് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. ജനങ്ങള്‍ ഏല്‍പ്പിച്ച കാവല്‍ക്കാരന്റെ ഉത്തരവാദിത്തമാണ് താന്‍ നിറവേറ്റുന്നത്. കാവല്‍ക്കാരന്റെ ജോലി ചെയ്യുമ്പോള്‍ എതിര്‍പ്പുണ്ടാകുന്നത് സ്വാഭാവികമാണ്. രാജ്യത്തെ ജനങ്ങളുടെ അന്തസ്സ് ഉയര്‍ത്തുന്നതിനാണ് തന്റെ പോരാട്ടം. ആ പോരാട്ടം ചിലപ്പോള്‍ നീണ്ടുപോയേക്കാം. അതില്‍ ജനങ്ങളുടെ പിന്തുണയും സഹകരണവും താന്‍ പ്രതീക്ഷിക്കുന്നുവെന്നും മോദി പറഞ്ഞു.