ന്യൂഡല്‍ഹി: നിയമസഭ പിരിച്ചുവിട്ട് നേരത്തെ തെരഞ്ഞെടുപ്പിനെ നേരിടാനുള്ള തീരുമാനത്തില്‍നിന്ന് തെലുങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു പിന്‍വാങ്ങിയത് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പിന്തുണ ലഭിക്കാത്തതിനാലെന്ന് റിപ്പോര്‍ട്ട്.
ഈ വര്‍ഷം നവംബര്‍ – ഡിസംബര്‍ മാസങ്ങളിലായി നാല് സംസ്ഥാന നിയമസഭകളിലേക്ക് തെരഞ്ഞെടുപ്പ് നടക്കുന്നുണ്ട്. ഇതോടൊപ്പം തെലുങ്കാനയിലും തെരഞ്ഞെടുപ്പ് നടത്തണമെന്നായിരുന്നു റാവുവിന്റെ ആവശ്യം. എന്നാല്‍ ചുരുങ്ങിയ സമയം മാത്രമുള്ളതിനാല്‍ മുന്നൊരുക്കങ്ങള്‍ സാധ്യമാകില്ലെന്ന് ചൂണ്ടിക്കാട്ടി കമ്മീഷന്‍ ആവശ്യം നിരസിച്ചതോടെയാണ് നിയമസഭ പിരിച്ചുവിടാനുള്ള നീക്കത്തില്‍നിന്ന് റാവു പിന്‍മാറിയതെന്നാണ് വിവരം.
അതേസമയം തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവുവിനെതിരെ കടുത്ത പരിഹാസവുമായി കോണ്‍ഗ്രസ് രംഗത്തെത്തി. റാവു മോദിയുടെ അടിമയാണെന്നും വെറും പാവയായ മുഖ്യമന്ത്രിയുടെ റിമോര്‍ട്ട് കണ്‍ട്രോള്‍ മോദിയുടെ കയ്യിലാണെന്നുമാണ് പരിഹാസം.
നരേന്ദ്ര മോദിയും തെരഞ്ഞെടുപ്പ് കമ്മീഷനും തെരഞ്ഞെടുപ്പ് നേരത്തെ നടത്താനുള്ള നീക്കത്തെ അംഗീകരിക്കുന്നില്ലെന്നും അതിനാല്‍ മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു തന്റെ ആശയത്തെ ഉപേക്ഷിച്ചുവെന്നും കോണ്‍ഗ്രസ് പറഞ്ഞു.
നേരത്തെ തെരഞ്ഞെടുപ്പ് എന്ന മുഖ്യമന്ത്രിയുടെ ആശയത്തെ പ്രധാനമന്ത്രി അംഗീകരിച്ചില്ലെന്നും ചന്ദ്രശേഖരറാവു ഒരു പാവയാണ്. മോദിയുടെ അടിമ. മുഖ്യമന്ത്രിയുടെ റിമോര്‍ട്ട് കണ്‍ട്രോള്‍ പ്രധാനമന്ത്രിയുടെ കൈയിലാണ് തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് വക്താവ് ശ്രാവണ്‍ ദസൊജു പറഞ്ഞു.
കഴിഞ്ഞ ദിവസം ടി.ആര്‍.എസിന്റെ പടുകൂറ്റന്‍ സമ്മേളനം നടന്നിരുന്നു. ഇതില്‍ വച്ച് നിയമസഭ പിരിച്ചുവിടാനുള്ള നീക്കം റാവു പ്രഖ്യാപിച്ചേക്കുമെന്നായിരുന്നു വിവരം. എന്നാല്‍ അവസാന നിമിഷം നീക്കം ഉപേക്ഷിക്കുകയായിരുന്നു.
ഒമ്പതു മാസം കൂടിയാണ് തെലുങ്കാന സഭയുടെ കാലാവധി പൂര്‍ത്തിയാകാന്‍. ഇതു പ്രകാരം അടുത്ത വര്‍ഷം ഏപ്രില്‍ – മെയ് മാസങ്ങളിലാണ് തെരഞ്ഞെടുപ്പ് നടക്കേണ്ടത്. ലോക്‌സഭാ തെരഞ്ഞെടുപ്പും ഇതേ സമയത്തു തന്നെയാണ് വരുന്നത്. ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം നിയമസഭാ തെരഞ്ഞെടുപ്പ് കൂടി നടന്നാല്‍, രാജ്യത്തെങ്ങും അലയടിക്കുന്ന ബി.ജെ.പി വിരുദ്ധ തരംഗം സഖ്യ കക്ഷിയായ തങ്ങളേയും ബാധിക്കുമെന്നാണ് ടി.ആര്‍.എസിന്റെ ഭയം.
ഈ സാഹചര്യത്തില്‍ ഈ വര്‍ഷം അവസാനം മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മിസോറാം സംസ്ഥാനങ്ങളിലേക്ക് നടക്കുന്ന തെരഞ്ഞെടുപ്പിനൊപ്പം തെലുങ്കാനയിലും തെരഞ്ഞെടുപ്പ് നടത്തണമെന്ന ആവശ്യവുമായാണ് റാവു പ്രധാനമന്ത്രിയേയും തെരഞ്ഞെടുപ്പ് കമ്മീഷനേയും സമീപിച്ചത്. എന്നാല്‍ പ്രധാനമന്ത്രിയും കമ്മീഷനും ഒരുപോലെ ഈ നീക്കത്തെ പിന്തുണക്കാതിരുന്നതോടെ റാവു വെട്ടിലാവുകയായിരുന്നു.
ഇതോടെ 2019 ഏപ്രില്‍ – മെയ് കാലയളവില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പിനൊപ്പം തന്നെയാവും ഇനി തെലുങ്കാന നിയമസഭാ തെരഞ്ഞെടുപ്പും.