ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില ഉയര്‍ത്തിയതിനു പിന്നാലെ മോദിയേയും കേന്ദ്രസര്‍ക്കാറിനേയും പരിഹസിച്ച് കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ രാഹുല്‍ഗാന്ധി രംഗത്ത്. കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ താങ്ങുവില വര്‍ധന കടുത്ത രക്തസ്രാവം തടയാന്‍ ബാന്‍ഡ് എയ്ഡ് ഒട്ടിക്കുന്നതിന് തുല്യമാണെന്നാണ് രാഹുല്‍ ഗാന്ധി ട്വീറ്റിലൂടെ പരിഹസിച്ചത്.
12 കോടി കര്‍ഷകരുള്ള രാജ്യത്ത്, അവരുടെ ദുരിതത്തിന് പരിഹാരം കാണാന്‍ മോദി സര്‍ക്കാര്‍ കൊട്ടിഘോഷിച്ച് പ്രഖ്യാപനം നടത്തിയെങ്കിലും, മാറ്റി വെച്ചത് കേവലം 15,000 കോടി രൂപ മാത്രമാണ്. ഇതാണ് മോദിയെ പരിഹസിക്കാന്‍ രാഹുലിന് കാരണമായത്.
കര്‍ണാടകയില്‍ കഴിഞ്ഞ ദിവസം കോണ്‍ഗ്രസ്-ജെ.ഡി.എസ് സഖ്യ സര്‍ക്കാറിന്റെ ആദ്യ ബജറ്റില്‍ കാര്‍ഷിക കടങ്ങള്‍ എഴുതി തള്ളാന്‍ 34,000 കോടി രൂപ വകയിരുത്തിയിരുന്നു. ഇത് ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ വിമര്‍ശനം. അവസാന വരിയില്‍ ‘വാഗ്ദാനം vs പ്രവര്‍ത്തി ‘ എന്നും രാഹുല്‍ പരോക്ഷമായി വിമര്‍ശിച്ചു.