ന്യൂഡല്‍ഹി: കൊവിഡ് മഹാമാരി ഇന്ത്യയിലെ 130 കോടി ജനങ്ങളുടെ അഭിലാഷങ്ങളെ ബാധിച്ചിട്ടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. യുഎസ്- ഇന്ത്യ സ്ട്രാറ്റജിക് പാര്‍ട്ണര്‍ഷിപ്പ് ഫോറത്തിന്റെ (യുഎസ്‌ഐഎസ്പിഎഫ്) മൂന്നാമത് വാര്‍ഷിക നേതൃത്വ ഉച്ചകോടിയില്‍ വീഡിയോ കോണ്‍ഫറന്‍സില്‍ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കൊവിഡ് പല കാര്യങ്ങളെയും ബാധിച്ചെങ്കിലും 130 കോടി ഇന്ത്യക്കാരുടെ അഭിലാഷങ്ങളെ ഒരു തരത്തിലും ബാധിച്ചിട്ടില്ല. സമീപമാസങ്ങളിലായി വ്യാപകമായ പരിഷ്‌കരണങ്ങള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് ബിസിനസ്സ് നടത്തുന്നത് കൂടുതല്‍ എളുപ്പമാക്കുകയും മാമൂല്‍ സമ്പ്രദായങ്ങളെ കുറച്ചുകൊണ്ടുവരികയും ചെയ്യും. 130 കോടി ജനങ്ങള്‍ ആത്മനിര്‍ഭര്‍ ഭാരത് സൃഷ്ടിക്കാനുളള ദൗത്യം ആരംഭിച്ചിരിക്കുകയാണ്. പ്രാദേശികതയെയും ആഗോളതയെയും പരസ്പരം ബന്ധിപ്പിക്കുന്നതാണ് ആത്മനിര്‍ഭര്‍ ഭാരത്. ലോകത്തിന്റെ കരുത്ത് ഇരട്ടിപ്പിക്കുന്നതിനായി ഇന്ത്യയുടെ ശക്തി പ്രവര്‍ത്തിക്കുന്നുവെന്ന് ഇതുറപ്പാക്കുന്നു, മോദി പറഞ്ഞു.
ഇന്ത്യയില്‍ മറ്റുരാജ്യങ്ങളെ അപേക്ഷിച്ച് കോവിഡ് 19 മരണനിരക്ക് കുറവാണ്. രോഗമുക്തി നിരക്ക് ക്രമാനുഗതമായി വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. കൊവിഡിന് പുറമെ വെള്ളപ്പൊക്കം, രണ്ട് ചുഴലിക്കാറ്റുകള്‍, വെട്ടുകിളി ആക്രമണം എന്നിവ രാജ്യത്തെ വേട്ടയാടി. ഇത് ജനങ്ങളെ കൂടുതല്‍ ശക്തരാക്കി, മോദി പറഞ്ഞു. ലോകത്തിലെ രണ്ടാമത്തെ വലിയ പിപിഇ കിറ്റ് നിര്‍മ്മാതാക്കളാണ് ഇന്ത്യയെന്നും മോദി അവകാശപ്പെട്ടു.
കോവിഡ് നമ്മുടെ പോരാട്ടവീര്യത്തേയും പൊതുജനാരോഗ്യ സംവിധാനത്തേയും സാമ്പത്തികവ്യവസ്ഥയേയും പരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. 2020 തുടങ്ങിയപ്പോള്‍ ഇത്തരമൊരു പ്രതിസന്ധി ഉണ്ടാകുമെന്ന് ആരും ചിന്തിച്ചുപോലുമില്ല. മനുഷ്യകേന്ദ്രിതമായ വികസനം സംബന്ധിച്ച പുതിയ മനോനിലയാണ് നിലവിലെ സാഹചര്യം ആവശ്യപ്പെടുന്നതെന്നും മോദി പറഞ്ഞു.
ആഗോള വിതരണ ശൃംഖല വികസിപ്പിക്കാനുളള തീരുമാനം വിലയുടെ മാത്രം അടിസ്ഥാനത്തിലായിരിക്കരുത്, മറിച്ച് വിശ്വാസത്തിലൂന്നിയായിരിക്കണമെന്ന് ഈ മഹാമാരി ലോകത്തിന് കാണിച്ചുതന്നു. കമ്പനികള്‍ ഇപ്പോള്‍ വിശ്വാസ്യതയും നയസ്ഥിരതയും കൂടി കണക്കിലെടുത്തുതുടങ്ങിയെന്നും മോദി പറഞ്ഞു. ഈ ഗുണങ്ങളെല്ലാമുളള രാജ്യമായ ഇന്ത്യ ഇപ്പോള്‍ നിക്ഷേപത്തിന്റെ പ്രധാന ആകര്‍ഷണമായി മാറുകയാണെന്നും ലോകം നമ്മില്‍ വിശ്വസിക്കുന്നതായും മോദി അവകാശപ്പെട്ടു