X

മോദിയെ വിമര്‍ശിച്ച് കെജരിവാള്‍; ‘ജുഡീഷ്യറിയെയും ഡല്‍ഹി സര്‍ക്കാരിനെയും കൈകാര്യം ചെയ്യുന്നത് ഒരുപോലെ’

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. സുപ്രീം കോടതി ജസ്റ്റിസ് സ്ഥാനത്തേക്ക് ജസ്റ്റിസ് കെ.എം ജോസഫിനെ നിര്‍ദേശിച്ചുകൊണ്ടുള്ള ശുപാര്‍ശ കേന്ദ്രസര്‍ക്കാര്‍ മടക്കിയ സാഹചര്യത്തിലാണ് മോദിയെ രൂക്ഷമായി വിര്‍ശിച്ചത്. ജുഡീഷ്യറിയെയും ഡല്‍ഹി സര്‍ക്കാരിനെയും പ്രധാനമന്ത്രി ഒരു പോലെയാണ് കൈകാര്യം ചെയ്യുന്നതെന്ന് അദ്ദേഹം ആരോപിച്ചു. ട്വിറ്ററിലൂടെയാണ് അരവിന്ദ് കെജരിവാളിന്റെ പ്രതികരണം.
ഡല്‍ഹിയിലെ ആംആദ്മി സര്‍ക്കാരിനെ കൈകാര്യം ചെയ്യുന്നതുപോലെയാണ് രാജ്യത്തെ നിയമസംവിധാനത്തെയും പ്രധാനമന്ത്രി കൈകാര്യം ചെയ്യുന്നത്, അദ്ദേഹം ട്വീറ്റ് ചെയ്തു.
സര്‍ക്കാര്‍ ഉദ്യോഗസ്ഥരെ നിയമിക്കുന്നതും സ്ഥലംമാറ്റങ്ങള്‍ നല്‍കുന്നതുമടക്കം നിരവധി വിഷയങ്ങളില്‍ കേന്ദ്രവും ഡല്‍ഹി സര്‍ക്കാരും തമ്മില്‍ ഏറെക്കാലമായി അഭിപ്രായഭിന്നത നിലനില്‍ക്കുന്നുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഡല്‍ഹി സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളില്‍ നിരന്തരം തടസ്സങ്ങള്‍ ഉണ്ടാക്കുകയാണെന്ന് നേരത്തെയും കെജരിവാള്‍ ആരോപിച്ചിരുന്നു. സര്‍ക്കാര്‍ നയങ്ങള്‍ക്ക് ലഫ്.ഗവര്‍ണര്‍ അനില്‍ ബാനര്‍ജിയില്‍ നിന്ന് അംഗീകാരം നേടിയെടുക്കാന്‍ ഏറെ കഷ്ടപ്പെടുന്നതായും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
നിലവില്‍ ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസായ കെ.എം ജോസഫിനെ സുപ്രീംകോടതി ജഡ്ജിയായി നിര്‍ദേശിച്ചുകൊണ്ടുള്ള കൊളീജിയം ശുപാര്‍ശ ഇന്നലെയാണ് കേന്ദ്രം തിരിച്ചയച്ചത്. കേരളത്തിന് സുപ്രീംകോടതിയില്‍ ആവശ്യത്തിന് പ്രാതിനിധ്യം ഉണ്ടെന്നും ജസ്റ്റിസ് കെ.എം. ജോസഫിനേക്കാള്‍ മുതിര്‍ന്ന ജഡ്ജിമാര്‍ വേറെയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് കേന്ദ്രസര്‍ക്കാര്‍ ശുപാര്‍ശ മടക്കി അയച്ചത്.

chandrika: