ന്യൂഡല്‍ഹി: കോവിഡ് മഹാമാരിക്കിടെ പ്രധാനമന്ത്രി നരേന്ദ്രമോദി ആരോഗ്യകാര്യങ്ങള്‍ മാത്രമല്ല, രാജ്യത്തിന്റെ സാമ്പത്തിക വിഷയങ്ങളും നന്നായി ശ്രദ്ധിച്ചെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദ. രാജ്യത്തെ സാമ്പത്തിക വളര്‍ച്ച ചരിത്രത്തിലെ തന്നെ ഏറ്റവും മോശം അവസ്ഥയില്‍ നില്‍ക്കുന്ന വേളയില്‍ ബിജെപി അധ്യക്ഷന്‍ നടത്തിയ പ്രസ്താവന ആഘോഷത്തോടെയാണ് ട്വിറ്റര്‍ സമൂഹം വരവേറ്റത്. പാര്‍ട്ടി അധ്യക്ഷന്‍ മോദിയെ ട്രോളിയതാണോ എന്നു വരെ ചോദിച്ചു ചില വിരുതന്മാര്‍.
വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത പിടിഐയുടെ ട്വിറ്റര്‍ കുറിപ്പിനു താഴെ കമന്റുകളുടെ പൂരമാണ്. മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍ സിങിനെയും മോദിയെയും താരതമ്യം ചെയ്തുള്ള ഗൗരവകരമായ കമന്റുകളുമുണ്ട്. മന്‍മോഹന്‍ പ്രധാനമന്ത്രിയായിരിക്കെ 10.8 ശതമാനം വരെ രാജ്യത്തിന്റെ ജിഡിപി ഉയര്‍ന്നിരുന്നു. അതാണ് ഇപ്പോള്‍ മൈനസ് 23.9 ശതമാനത്തിലേക്ക് താഴ്ന്നിരിക്കുന്നത്.
കോവിഡ് മഹാമാരിക്കാലത്ത് മറ്റു രാഷ്ട്രങ്ങളുടെ സാമ്പത്തിക തളര്‍ച്ചയുടെ ഗ്രാഫും ചിലര്‍ പങ്കുവച്ചിട്ടുണ്ട്. സാമ്പത്തിക തകര്‍ച്ചയ്ക്ക് ദൈവത്തെ ‘പഴി’ പറഞ്ഞ ധനമന്ത്രി നിര്‍മല സീതാരാമനെയും ചിലര്‍ കണക്കിനു ട്രോളി.
എന്റെ തമാശയുണ്ട് എന്നായിരുന്നു ഒരു ഉപഭോക്താവിന്റെ കമന്റ്. നഡ്ഡയുടെ പ്രസ്താവന വിശ്വസിക്കാന്‍ വിഡ്ഢികളേ ഉണ്ടാകൂ എന്ന് ചിലര്‍ പ്രതികരിച്ചു.