X

ലയനത്തിനും മന്ത്രി സ്ഥാനത്തിനും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പനീര്‍ശെല്‍വം

ചെന്നൈ: മുഖ്യമന്ത്രി എടപ്പാടി പളനിസാമിയുമായുള്ള ലയനത്തിനും മന്ത്രിസഭയിലെ ഉപമുഖ്യമന്ത്രി സ്ഥാനത്തിനും പിന്നില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണെന്ന വെളിപ്പെടുത്തലുമായി ഒ. പനീര്‍ശെല്‍വം. എ.ഐ.ഡി.എം.കെയുടെ ആഭ്യന്തരകാര്യങ്ങളില്‍ ഇടപെടില്ലെന്ന ബി.ജെ.പിയുടെ വാദം പൊളിക്കുന്നതാണ് പനീര്‍ശെല്‍വത്തിന്റെ വെളിപ്പെടുത്തല്‍. തമിഴ്‌നാട്ടില്‍ എ.ഐ.എഡി.എം.കെ വിഭാഗങ്ങള്‍ തമ്മില്‍ കടുത്ത വിയോജിപ്പ് തുടരുന്നതിനിടെ ഇരുപക്ഷവും യോജിപ്പിലെത്തി സര്‍ക്കാര്‍ രൂപീകരിച്ചതിനു പിന്നില്‍ മോദിയാണെന്ന അഭ്യൂഹം ശരിവയ്ക്കുന്നതാണിത്.

മുഖ്യമന്ത്രി സ്ഥാനം ഒഴിഞ്ഞ ശേഷം രാഷ്ട്രീയ പ്രവര്‍ത്തനം മാത്രമായി തുടരാനായിരുന്നു തീരുമാനം. എന്നാല്‍, താന്‍ മന്ത്രിസഭയില്‍ വേണമെന്ന് നിര്‍ബന്ധം പിടിച്ചത് മോദിയായിരുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദേശം മാത്രമായിരുന്നില്ല. പാര്‍ട്ടിയുടെ നന്മ കൂടി മുന്നില്‍ കണ്ടാണ് ഇ.പി.എസ് പക്ഷവുമായി കൈകോര്‍ക്കാന്‍ തീരുമാനിച്ചതെന്നും അദ്ദേഹം പറഞ്ഞു. എ.ഐ.എഡി.എം.കെ യോഗത്തിലാണ് പനീര്‍ശെല്‍വം ഇക്കാര്യം വെളിപ്പെടുത്തിയത്.

പാര്‍ട്ടിയില്‍ ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടു. പാര്‍ട്ടി ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും പനീര്‍ശെല്‍വം പറഞ്ഞു. ജയലളിതയുടെ മരണത്തോടെയാണ് പനീര്‍ശെല്‍വം മുഖ്യമന്ത്രി പദത്തിലെത്തിയത്. പിന്നീട് മന്ത്രിസ്ഥാനം രാജിവച്ചു. തുടര്‍ന്ന് ജയലളിതയുടെ തോഴി ശശികലയുമായുള്ള ഏറ്റുമുട്ടലിലാണ് തമിഴ്‌നാട് രാഷ്ട്രീയം കണ്ടത്. ഇതിനിടയില്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശശികല ജയിലിലായി. പിന്നാലെ ഇ.പി.എസ് മുഖ്യമന്ത്രിയാവുകയും പനീര്‍ശെല്‍വം പാര്‍ട്ടി വിടുകയും ചെയ്തു.

ഒ.പി.എസ്-ഇ.പി.എസ് ലയനത്തിനു പിന്നിലെ രഹസ്യത്തെപ്പറ്റി ആദ്യമായാണ് വെളിപ്പെടുത്തലുണ്ടായത്. ഇരുപക്ഷങ്ങളും കേന്ദ്രസര്‍ക്കാരിന്റെ കളിപ്പാവകളാണെന്നുള്ള ഡി.എം.കെയുടെയും കോണ്‍ഗ്രസിന്റെയും ആരോപണം ശക്തമായിരിക്കെ അതിനെ സാധൂകരിക്കുന്നതാണ് പുതിയ വെളിപ്പെടുത്തല്‍. അതേസമയം ഇക്കാര്യത്തെപ്പറ്റി ബി.ജെ.പി പ്രതികരിച്ചിട്ടില്ല.

chandrika: