X

“കശ്മീരില്‍ പുതുയുഗപ്പിറവി”; പ്രത്യേക ഭരണഘടനാ പദവി പിന്‍വലിച്ചതിനെ ന്യായീകരിച്ച് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക ഭരണഘടനാ പദവി പിന്‍വലിച്ചതിനെ ശക്തമായ ഭാഷയില്‍ ന്യായീകരിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്ത് സംസാരിച്ച അദ്ദേഹം ചരിത്രപരമെന്നാണ് കശ്മീര്‍ വിഭജനത്തെ വിശേഷിപ്പിച്ചത്. ഭരണഘടനയുടെ 370-ാം അനുച്ഛേദം റദ്ദാക്കിയതോടെ കശ്മീരില്‍ പുതു യുഗം ആരംഭിച്ചിരിക്കുകയാണെന്ന് മോദി അവകാശപ്പെട്ടു. സര്‍ദാര്‍ വല്ലഭായ് പട്ടേലിന്റെയും ശ്യാംപ്രസാദ് മുഖര്‍ജിയുടെയും വാജ്‌പേയുടെയും സ്വപ്‌നമായിരുന്നു അത്. കശ്മീരിന്റെ വികസനത്തിന് 370-ാം അനുച്ഛേദം ഒരു തടസമായിരുന്നു. കശ്മീരില്‍ ഇതുവരെ വികസനം എത്താതിരുന്നത് അതാണ് കാരണം. അത് തീവ്രവാദത്തിനും അഴിമതിക്കും കാരണമായി. കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളെ അഭിനന്ദിക്കുന്നു. ഭരണഘടനയുടെ 370-ാം വകുപ്പ് ജനങ്ങള്‍ക്ക് എന്ത് നേട്ടമാണ് നല്‍കിയതെന്ന് ആര്‍ക്കെങ്കിലും പറയാന്‍ സാധിക്കുമോ? കശ്മീരില്‍ ഇപ്പോള്‍ എല്ലാ പൗരന്മാര്‍ക്കും തുല്യമായ അവകാശങ്ങളും ഉത്തരവാദിത്തങ്ങളുമാണുള്ളത്. കശ്മീരിനുള്ള പ്രത്യേക പദവി പാകിസ്താന്‍ ദുരുപയോഗം ചെയ്യുകയായിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിനിടെ 42,000 പേരാണ് കശ്മീരില്‍ കൊല്ലപ്പെട്ടത്. രാജ്യത്തിന്റെ നിയമങ്ങള്‍ ഇതുവരെ കശ്മീരിന് പ്രയോജനപ്പെട്ടിരുന്നില്ല. അധികം വൈകാതെ ജമ്മുകശ്്മീരില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. മേഖലയെ തീവ്രവാദ മുക്തമാക്കും. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഇനി തുല്യത ഉറപ്പു വരുത്തും. കേന്ദ്ര പദ്ധതികളുടെ പ്രയോജനം ജമ്മു കശ്മീരില്‍ ഉറപ്പ് വരുത്തും. കശ്മീരിനെ വികസനത്തിന്റെ ഉയരത്തിലെത്തിക്കുമെന്നും മോദി പറഞ്ഞു.

chandrika: