X

നോട്ട് നിരോധനം; രാഷ്ട്രീയക്കളി നിര്‍ത്തി സമ്പദ്വ്യവസ്ഥ പുനര്‍നിര്‍മ്മിക്കണമെന്ന് മന്‍മോഹന്‍ സിങ്

നോട്ട് നിരോധനം ആനമണ്ടത്തരമായിരുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തുറന്ന് സമ്മതിക്കണമെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. രാഷ്ട്രീയം മാത്രം ചര്‍ച്ച ചെയ്യുന്നത് അവസാനിപ്പിച്ച് രാജ്യത്തിന്റെ സമ്പദ്ഘടനയെ പുനര്‍നിര്‍മ്മിക്കാനാവശ്യമായ പദ്ധതികള്‍ ആവിഷ്‌കരിക്കാന്‍ മോദി തയ്യാറാവണമെന്നും മന്‍മോഹന്‍ ആവശ്യപ്പെട്ടു. നോട്ട് അസാധുവാക്കലിന്റെ ഒന്നാം വാര്‍ഷികത്തിന് രണ്ട് ദിവസം മാത്രം ബാക്കി നില്‍ക്കെ ബ്ലൂംബെര്‍ഗ് ക്വിന്റിന് നല്‍കിയ അഭിമുഖത്തിലാണ് സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍ സിങിന്റെ നിരീക്ഷണം.

പണം നേരിട്ട് കൈമാറുന്ന ഇടപാടുകള്‍ കുറച്ച് കള്ളപ്പണം കണ്ടെത്താനുള്ള സര്‍ക്കാര്‍ ശ്രമം അഭിനന്ദനാര്‍ഹമായിരുന്നു. എന്നാല്‍ ഉദ്ദേശിച്ച ഫലം കൈവരിക്കാന്‍ സാധിച്ചില്ല. ബലപ്രയോഗവും ഭീഷണിയും റെയ്ഡുകളും വിപരീത ഫലമുണ്ടാക്കി. കറന്‍സി രഹിത സമ്പദ് വ്യവസ്ഥയെന്ന ലക്ഷ്യം ചെറുകിട വ്യവസായങ്ങള്‍ക്ക് വളര്‍ച്ച പ്രാപിക്കാന്‍ സഹായകമാണോയെന്ന് വ്യക്തമല്ല. ചെറുകിട വ്യവസായങ്ങള്‍ വളര്‍ച്ച പ്രാപിക്കേണ്ടതും കാര്യക്ഷമത കൈവരിക്കേണ്ടതും പ്രധാനമാണെന്നും മന്‍മോഹന്‍ സിങ് അഭിപ്രായപ്പെട്ടു.

നമ്മുടെ സമൂഹത്തിലെ ഏറ്റുവും ദുര്‍ഭലവിഭാഗമാണ് നോട്ട് നിരോധനത്തിന്റെ പ്രത്യാഘാതം അനുഭവിച്ചത്. സാമ്പത്തിക സൂചകങ്ങള്‍ക്കൊന്നും വ്യക്തമാക്കാന്‍ സാധിക്കാത്ത പ്രത്യാഘാതമാണ് വ്യാവസായ രംഗത്ത് നോട്ട് നിരോധിക്കല്‍ കൊണ്ട് സൃഷ്ടിച്ചത്. റിസര്‍വ് ബാങ്കിന്റെ വിശ്വാസ്യതയ്ക്കും സ്വാതന്ത്ര്യത്തിനും നേരെയുള്ള ആക്രമണമായിരുന്നു നോട്ട് അസാധുവാക്കല്‍ തീരുമാനം എന്നും അദ്ദേഹം വിമര്‍ശിച്ചു.

chandrika: